Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കടന്നൽ ഒരു ഭീകര ജീവിയാണ്

wasp-kadannal

കടന്നലുകളും തേനീച്ചകളും സമാനസ്വഭാവത്തോടെ കൂട്ടത്തോടെ ആക്രമിക്കുന്നവയാണ്. ഇവ രണ്ടിനെയും തിരിച്ചറിയുകപോലും പ്രയാസം. പലപ്പോഴും തേനീച്ചയെ കടന്നലായും കടന്നലിനെ തേനീച്ചയായും തെറ്റിദ്ധരിക്കാറുണ്ട്.

കുത്തേറ്റാൽ ശ്രദ്ധിക്കാൻ

കടന്നലുകളുടെയും തേനീച്ചകളുടെയും കുത്തേറ്റാൽ രണ്ടു രീതിയിലാണു വിഷം പ്രവർത്തിക്കുക. വിഷം തൊലിയിലൂടെ ഉള്ളിൽ കടന്നുള്ള പ്രവർത്തനങ്ങളാണ് ഒന്നാമത്തേത്. വിഷത്തിന്റെ അലർജിമൂലമുള്ള പ്രശ്നങ്ങളാണു രണ്ടാമത്തേത്. ഒരു തവണ കുത്തേറ്റയാൾക്കു വീണ്ടും കുത്തേൽക്കുമ്പോൾ അലർജി മാരകമാകും. ഇതു കുത്തേറ്റയാൾ പെട്ടെന്നു മരിക്കുന്നതിനു കാരണമാകും. കുത്തേൽക്കുന്ന ഭാഗങ്ങളിൽ ചുവപ്പുനിറം ബാധിക്കുക, നീർവീക്കമുണ്ടാകുക, ചൊറിയുക, ശക്തിയായ വേദന അനുഭവപ്പെടുക എന്നിവയെല്ലാമുണ്ടാകും.

കുത്തേറ്റു വിഷം ഉള്ളിൽ ചെന്നാൽ രോഗി പലവിധത്തിൽ മരണത്തിനു കീഴടങ്ങാം. ശ്വാസനാളത്തിൽ നീർക്കെട്ട് ഉണ്ടായി ശ്വാസംമുട്ടും. മാരകമായ അളവിൽ വിഷം ഉള്ളിൽ ചെന്നാൽ കിഡ്നി ഉൾപ്പെടെ ആന്തരികാവയവങ്ങൾ സ്തംഭിക്കും. തലച്ചോർ, ഞരമ്പുകൾ, ഗ്രന്ഥികളുടെ വീക്കം എന്നിവയുമുണ്ടാകും. ഇവയെല്ലാം മരണകാരണമാകും. കുത്ത് എവിടെ എത്ര തവണ ഏൽക്കുന്നു എന്നതു പ്രാധാന്യമുള്ള കാര്യമാണ്. തല, നെഞ്ച് പോലുളള മർമ സ്ഥാനങ്ങളിലും ആവർത്തിച്ചും കുത്തേറ്റാൽ പെട്ടെന്നു വിഷം പ്രവർത്തിച്ചു മരണകാരണമാകും.

വി ആൻഡ് ബി....

കടന്നലിന്റെയും തേനിച്ചകളുടെയും കുത്തേറ്റാൽ പ്രാഥമികമായി ഓർക്കേണ്ട തത്വമാണ് വി ഫോർ വാസ്പ് എന്നതും ബി ഫോർ ബീ... എന്നും.

വി എന്നാൽ വിന്നാഗിരി എന്നാണ് ഉദ്ദേശിക്കുക. കടന്നലിനു വാസ്പ് എന്നാണല്ലോ പറയുക. കടന്നൽ കുത്തേറ്റ ഭാഗങ്ങളിൽ എത്രയും വേഗം വിന്നാഗിരി പുരട്ടുക. വിന്നാഗിരിക്കു കടന്നൽ വിഷത്തെ ഇല്ലായ്മ ചെയ്യാൻ കഴിയും. തേനീച്ചയുടെ വിഷത്തെ ഇല്ലായ്മ ചെയ്യാൻ ബൈ കാർബണേറ്റ് ലായനികളാണ് ഉത്തമം. സോഡാപൊടി കലക്കിയ വെള്ളം ഉൾപ്പെടെ ഇതിന് ഉപയോഗിക്കാം. അമ്ലത്വസ്വഭാവമുള്ള ഏതു ലായനിയും വിഷാംശം ഇല്ലാതാക്കാൻ ഉപയോഗിക്കാം.. ഇവ ഏറ്റവും നല്ല പ്രാഥമിക ചികിൽസയാണ്.

വിവരങ്ങൾക്കു കടപ്പാട് ഡോ. ഷിബു ജയരാജ്