Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവിതം ടിവിക്കു മുമ്പിലാണോ? മരണം തൊട്ടടുത്ത്

watching-tv

അമിതമായി ടിവി കാണുന്നത് നിങ്ങളെ വേഗം മരണത്തിലേക്കു നയിക്കും. ഒരു ദിവസം അഞ്ചു മണിക്കൂറോ അതിലധികമോ ടിവി കാണുന്ന മുതിർന്നവർക്കു ശ്വാസകോശത്തിൽ രക്തം കട്ടപിടിച്ചു മരിക്കാനുള്ള സാധ്യത രണ്ടര ഇരട്ടിയാണെന്ന് ജപ്പാനിലെ ഒസാക്ക സർവകലാശാലയിലെ ഒരുസംഘം ഗവേഷകർ കണ്ടെത്തി.

40 മുതൽ 79 വയസ്സുവരെ പ്രായമുള്ള 86024 പേരിൽ, 1988 മുതൽ 1990 വരെയുള്ള കാലയളവിലായിരുന്നു പഠനം. ഇവർ‍ എത്രസമയം ടിവി കാണുന്നതിനു ചെലവഴിക്കുന്നു എന്നതായിരുന്നു അന്വേഷിച്ചത്.

പഠനത്തിൽ പങ്കെടുത്ത 59 പേർ 19 വർഷത്തിനുള്ളിൽ പൾമണറി എംബോളിസം മൂലം മരണമടഞ്ഞു. ശ്വാസകോശധമനികളിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥയാണിത്. ഹൃദയം നിലച്ച് ഉടനടി മരണം സംഭവിക്കാൻ ഇതു കാരണമാകുന്നു.

ദിവസം രണ്ടര മണിക്കൂറിൽ കുറവുസമയം ടിവി കാണുന്നവരെ അപേക്ഷിച്ച് രണ്ടര മുതൽ മുതൽ അഞ്ചു മണിക്കൂർ വരെ ടിവി കാണുന്നവരിൽ പൾമണറി എംബോളിസം മൂലം മരിച്ചവരുടെ എണ്ണം 70 ശതമാനം വർധിച്ചു. ടിവി കാണുന്ന സമയത്തിൽ ഓരോ രണ്ടു മണിക്കൂറും കൂടുംതോറും മരണസംഖ്യയിൽ 40 ശതമാനം വര്‍ധനയും അഞ്ചോ അതിലധികമോ മണിക്കൂർ ടിവി കാണുന്നവരിൽ രണ്ടര ഇരട്ടി വർധനയുമുണ്ടായി.

പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് ജപ്പാനിൽ പൾമണറി എംബോളിസം ബാധിച്ചവരുടെ എണ്ണം കുറവാണ്. എന്നാൽ ഇത് ഇപ്പോൾ ഉയർന്നു തുടങ്ങി. ഉദാസീനരും ദീർഘനേരം ഒരേയിരുപ്പ് ഇരിക്കുന്നവരുമായ ആളുകളുടെ എണ്ണം ജപ്പാനിലും കൂടുകയാണെന്ന് ഇക്കാര്യത്തിൽ പഠനം നടത്തിയ ഹിരോയാസു ഐസോ പറഞ്ഞു.

പഠനം പറയുന്നതിലും ഗുരുതരമാണ് കാര്യങ്ങളെന്നു ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. ശ്വാസകോശധമനികളിൽ രക്തം കട്ട പിടിച്ചുണ്ടാകുന്ന മരണം അധികം റിപ്പോർട്ട് ചെയ്യാറില്ല. കാരണം രോഗനിർണയം ബുദ്ധിമുട്ടാണ്. നെഞ്ചുവേദനയും ഹ്രസ്വമായ ശ്വാസോച്ഛ്വാസവുമാണ് ഇതിന്റെ പ്രകടമായ ലക്ഷണങ്ങൾ.

പൊണ്ണത്തടി, പ്രമേഹം, പുകവലി, രക്താതിമർദം മുതലായ ഘടകങ്ങളും ഇതിനെ സ്വാധീനിക്കുന്നുണ്ട്. മണിക്കൂറുകളോളം ടിവി കാണുന്നതുമൂലം ഉണ്ടാകുന്ന പൊണ്ണത്തടിയും പൾമണറി എംബോളിസവും തമ്മിൽ ബന്ധമുണ്ട്.

ഇപ്പോൾ വീഡിയോ സ്ട്രീമിങ് വന്നതോടെ ടെലിവിഷൻ പരിപാടികളുടെ പല എപ്പിസോഡുകൾ ഒറ്റയിരുപ്പില്‍ കാണുന്നത് മിക്കവരുടെയും ശീലമായി മാറിക്കഴിഞ്ഞു.

ഒരുപാടുസമയം ടിവി കാണുന്നവർക്കായി ഗവേഷകർ ചില നിർദേശങ്ങൾ നൽകുന്നു. കാലിലും തുടർന്ന് ശ്വാസകോശങ്ങളിലും രക്തം കട്ടപിടിക്കാനുള്ള സാധ്യത കുറയ്ക്കാനായി ചില എളുപ്പമാർഗങ്ങളുണ്ട്.

ഓരോ മണിക്കൂർ ഇടവിട്ട് എഴുന്നേറ്റു നിൽക്കുക, കയ്യും കാലും നിവർത്തുക, ചുറ്റും നടക്കുക, ടിവി കാണുമ്പോൾതന്നെ അഞ്ചു മിനിറ്റുനേരം കാലിലെ മസിലുകളെ റിലാക്സ് ചെയ്യിക്കുക തുടങ്ങിയവ ചെയ്യാവുന്നതാണ്. നീണ്ട വിമാനയാത്ര ചെയ്യുന്നവർക്കും ഇതു ചെയ്യാം. ഇടയ്ക്ക് വെള്ളം കുടിക്കുന്നതും നല്ലതാണ്. ശരീരഭാരം കൂടി അമിതവണ്ണം വരാനുള്ള സാധ്യത കുറയ്ക്കാൻ ഇതു സഹായിക്കും. കംപ്യൂട്ടർ, സ്മാർട്ട്ഫോൺ, ടാബ്‌ലറ്റ് ഇവയുടെ ഉപയോഗവും ഗവേഷകർ പരിശോധിച്ചു.

അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ജേണലായ സർക്കുലേഷനിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.