Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോക അർബുദ ദിനം ഇന്ന്; പ്രതീക്ഷ പകർന്ന് അഞ്ചോളം ജനിതക മരുന്നുകൾ

cancerday-feb Representative Image

ലോകം ഇന്ന് അർബുദ ദിനം ആചരിക്കുമ്പോൾ കാൻസർ മരുന്നുകളെപ്പറ്റിയുള്ള പ്രതീക്ഷകളും ഏറെ. അർബുദം ജനിതക രോഗമാണെന്ന തിരിച്ചറിവിലേക്ക് എത്തിയിരിക്കയാണ് ഗവേഷകർ. ജനിതക മാറ്റം മൂലം പ്രത്യക്ഷമാകുന്ന അർബുദ ട്യൂമറുകളിൽ പ്രയോഗിക്കാവുന്ന അഞ്ചോളം കൃത്യൗഷധങ്ങൾ (പ്രിസിഷൻ മരുന്നുകൾ) വികസിപ്പിച്ചു. ഇമാറ്റിനിബ്, ക്രിസോറ്റിനിബ്, ട്രാസ്റ്റുസുമാബ്, വെമുറഫെനിബ്, അബക്കവിർ എന്നിവയാണ് ആ പുതിയ അർബുദമരുന്നുകൾ. ഇതിൽ ഇമാറ്റിനിബ് എന്ന മരുന്ന് ചിലതരം രക്താർബുദത്തിനു ഫലപ്രദമാണെന്നും ഭാഗികമായി തെളിഞ്ഞു.

ജീൻ എഡിറ്റിങ് എന്ന സാങ്കേതിക വിദ്യയിലൂടെ അർബുദ കാരണമായ കോശങ്ങളെ ചികിൽസിച്ചു ഭേദപ്പെടുത്തുന്ന (ക്രിസ്പ് ആർ) ചികിൽസാ രീതി വൈകാതെ പ്രചാരത്തിൽ വരുമെന്ന് കേരള ബയോടെക്നോളജി കമ്മിഷനിലെ ജി.എം. നായരും കേരള സർവകലാശാല ജീനോമിക്സ് കേന്ദ്രത്തിലെ ഗവേഷകയായ ലിൻഡ കോശിയും തിരുവല്ലയിൽ നടന്ന ശാസ്ത്രകോൺഗ്രസിൽ അവതരിപ്പിച്ച പഠനത്തിൽ പറയുന്നു. ജനിതക അടിസ്ഥാനത്തിൽ ഓരോ മനുഷ്യനിലും ഫലപ്രദമായ രീതിയിൽ പ്രയോഗിക്കാവുന്ന പ്രത്യേകതരം മരുന്നുകൾ തയാറാക്കുന്ന ഫാർമക്കോജെനോമിക്സ് സംബന്ധിച്ച ഗവേഷണം മുന്നേറുകയാണ്. ഓരോ വ്യക്തിയിലും സംഭവിക്കുന്ന ജനിതക മാറ്റം കൃത്യമായി പ്രവചിക്കാമെന്നതാണ് ഈ ശാസ്ത്രശാഖയുടെ മേന്മ. അർബുദരോഗികളിലും മറ്റും മരുന്നു ഫലിക്കാത്തവർ, വേറെ മരുന്നു വേണ്ടവർ, മരുന്ന് ചെന്നാലുള്ള ദോഷഫലം തുടങ്ങിയവ ക്യത്യമായി കണ്ടെത്താനാവും.

അർബുദത്തിലേക്കു നയിക്കുന്ന അഞ്ച് ജനിതക മാറ്റങ്ങൾ അടുത്ത കാലത്തു ഗവേഷകർ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ മരുന്നുകളും വികസിപ്പിച്ചു വരികയാണ്. ശ്വാസകോശത്തെയും ദഹനേന്ദ്യ്രവ്യൂഹത്തെയും ബാധിക്കുന്ന സിസ്റ്റിക് ഫൈബ്രോസിസിന്റെ ചികിൽസയ്ക്കായി നിർമിച്ച ‘ഇവാകാഫ്കടർ’ എന്ന മരുന്നാണ് ജനിതക രീതിയിൽ വികസിപ്പിച്ച ആദ്യ കൃത്യൗഷധം. ഹെയ്ത്തിയിൽ പടർന്നു പിടിച്ച കോളറ വൈറസ് നേപ്പാൾകാരായ സമാധാന സേനാംഗങ്ങളിൽ നിന്നുള്ളതാണെന്ന് ജനിതക പരിശോധനയിൽ കണ്ടെത്തിയിരുന്നു.

ചിക്കുൻഗുനിയ, എച്ച്1 എൻ1 രോഗങ്ങൾക്കു കാരണമായ വൈറസുകളെ പ്രതിരോധിക്കുന്ന മരുന്നുകളും ജനിതക രീതി വഴി അടുത്തകാലത്ത് വികസിപ്പിച്ചു. വ്യക്ത്യധിഷ്ടിത ജനിതക രീതിയിലുള്ള ചികിൽസാ ക്രമം നടപ്പാക്കുന്നതോടെ ആശുപത്രി രേഖകളെല്ലാം ഇലക്ട്രോണിക്കായി (ഇഎംആർ) മാറ്റേണ്ടതുണ്ട്. ഡോക്ടർമാരും പുതിയ ചികിൽസയെപ്പറ്റി അറിവുള്ള രോഗികളും ജനിതക വിദഗ്ധരും ബയോ ഇൻഫോമാറ്റിക്സ് വിദഗ്ധരും ജനിതക കൗൺസിലറന്മാരും ചേർന്നുള്ള പുതിയ ചികിൽസാ ക്രമമാകും ഭാവിയിൽ നിലവിൽ വരിക. ഓരോരുത്തരുടെയും ജനിതക പ്രത്യേകതകളുടെ അടിസ്ഥാനത്തിൽ ചികിൽസ തുടങ്ങുന്ന കാലം വിദൂരമല്ലെന്നാണ് പുതിയ ഗവേഷണങ്ങൾ നൽകുന്ന സൂചന.  

Your Rating: