Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രമേഹത്തെപ്പറ്റി 10 കാര്യങ്ങളുമായി ലോകാരോഗ്യ ദിനം‌

healthday

ലോകാരോഗ്യ സംഘടന ഏപ്രിൽ 7 ലോകാരോഗ്യ ദിനമായി ആചരിക്കുന്നു. പ്രമേഹത്തെ ചെറുക്കുക എന്നതാണ് ഈ വർഷത്തെ ആചരണത്തിന്റെ ലക്ഷ്യം.

പാൻക്രിയാസ് ആവശ്യമുള്ളത്ര ഇൻസുലിൻ ഉൽപാദിപ്പിക്കാതിരിക്കുകയും ഉൽപാദിപ്പിക്കുന്ന ഇൻസുലിൻ ശരീരത്തിന് ഫലപ്രദമായി ഉപയോഗിക്കാതിരിക്കാൻ കഴിയാതെ വരികയും ചെയ്യുന്ന അവസ്ഥയാണ് പ്രമേഹം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഹോർമോൺ ആണ് ഇൻസുലിൻ. നമുക്ക് ജീവിക്കാൻ ആവശ്യമായ ഊർജ്ജം അവ പ്രദാനം ചെയ്യുന്നു.

പ്രധാനമായും രണ്ടുതരം പ്രമേഹമാണുള്ളത്– ടൈപ്പ് 1, ടൈപ്പ് 2. ടൈപ്പ് 1 ബാധിച്ചവർക്ക് ഇൻസുലിൻ ഉൽപാദിപ്പിക്കാനാവില്ല. അതുകൊണ്ട് ഇൻസുലിൻ കുത്തിവയ്പ് എടുക്കണം.

90 ശതമാനം പേർക്കും ബാധിക്കുന്നത് ടൈപ്പ്–2 പ്രമേഹമാണ്. അവരിൽ ഇൻസുലിൻ ഉൽപാദിപ്പിക്കുമെങ്കിലും വേണ്ടത്ര അളവിൽ ഉൽപാദിപ്പിക്കാനാകില്ല. കൂടാതെ ഇത് വേണ്ട രീതിയിൽ ഉപയോഗിക്കാനുമാകില്ല. അമിതവണ്ണവും വ്യായാമത്തിന്റെ അഭാവവുമാണ് ടൈപ്പ് –2 പ്രമേഹം വരാനുള്ള ഒരു കാരണം.

പ്രമേഹത്തെപ്പറ്റി 10 കാര്യങ്ങൾ

1. ലോകത്ത് 422 ദശലക്ഷം പേർ പ്രമേഹരോഗികളാണ്. കഴിഞ്ഞ മൂന്ന് ദശാബ്ദക്കാലമായി പ്രമേഹരോഗികളുടെ എണ്ണം വർധിക്കുകയാണ്. പൊണ്ണത്തടിയും അമിതഭാരവുമുള്ള ആളുകളുടെ എണ്ണം കൂടുന്നതനുസരിച്ച് താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിൽ പ്രത്യേകിച്ചും പ്രമേഹരോഗികളുടെ എണ്ണവും കൂടുന്നു.

ശരീരത്തിന്റെ പല ഭാഗങ്ങളെയും പ്രമേഹരോഗം ബാധിക്കാം. ഇത് ആയുസെത്താതെയുള്ള മരണത്തിനും സാധ്യത കൂട്ടുന്നു. ലോകത്ത് 1.5 ദശലക്ഷം പേരാണ് 2012–ൽ മാത്രം പ്രമേഹം ബാധിച്ച് മരിച്ചത്. പുകവലി ഒഴിവാക്കി ആരോഗ്യകരമായ ഭക്ഷണശീലം, പതിവായ വ്യായാമം, ശരീരഭാരം നിയന്ത്രിക്കൽ ഇവയെല്ലാം കൊണ്ട് പ്രമേഹം കുറയ്ക്കാം.

2. ലോകത്ത് മരണത്തിനു കാരണമാകുന്ന രോഗങ്ങളിലൊന്നാണ് പ്രമേഹം. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയതുകൊണ്ട് ഹൃദ്രോഗവും മറ്റു രോഗങ്ങളും മൂലം 2.2 ദശലക്ഷം പേരാണ് മരിക്കുന്നത്. പ്രമേഹം ഹൃദ്രോഗ സാധ്യതയും കൂട്ടുന്നു.

3. പ്രധാനമായും രണ്ടുതരം പ്രമേഹമുണ്ട്. ഇൻസുലിൻ ഉൽപാദനത്തിന്റെ അഭാവം കൊണ്ടുണ്ടാകുന്ന ടൈപ്പ് 1 പ്രമേഹവും ശരീരത്തിന് ഇൻസുലിൻ വേണ്ട രീതിയിൽ ഉപയോഗിക്കാനാവാത്തതു കൊണ്ടുണ്ടാകുന്ന ടൈപ്പ് 2 പ്രമേഹവും. ടൈപ്പ് 2 പ്രമേഹം തടയാൻ സാധിക്കും. എന്നാൽ ടൈപ്പ് 1 പ്രമേഹത്തിനുള്ള കാരണവും നിയന്ത്രണ മാർഗങ്ങളുമെല്ലാം ഇപ്പോഴും വിജകരമായിട്ടില്ല.

4. ജെസ്റ്റേഷണൽ ഡയബറ്റിസ് എന്ന മൂന്നാമത്തെ വിഭാഗം ഗർഭകാലത്ത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥയാണ്. ഇതു ബാധിച്ച സ്ത്രീകൾക്ക് ഗർഭകാലത്തും പ്രസവസമയത്തും സങ്കീർണതയ്ക്ക് സാധ്യത ഏറെയാണ്. ഭാവിയിൽ ഇവർക്കും ഇവരുടെ കുട്ടികൾക്കും ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ്.

5. ലോകത്താകമാനമുള്ള പ്രമേഹരോഗികളിൽ ഭൂരിഭാഗവും ടൈപ്പ് 2 പ്രമേഹം ബാധിച്ചവരാണ്. ഉയർന്ന ബോഡി മാസ് ഇൻഡക്സും ടൈപ്പ് 2 പ്രമേഹവുമായി ബന്ധപ്പെട്ടിരിക്കുന്നു. കുട്ടികളിൽ ടൈപ്പ് 2 പ്രമേഹം വർധിച്ചു വരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

6. പ്രമേഹം തിരിച്ചറിയപ്പെടുകയും നന്നായി സൂക്ഷിക്കുകയും ചെയ്താൽ ദീർഘകാലം ആരോഗ്യത്തോടെയുള്ള ജീവിതം നയിക്കാൻ സാധിക്കും. പ്രമേഹ രോഗികൾക്ക് ചെലവു കുറഞ്ഞ മാർഗങ്ങളിലൂടെ അവരുടെ അവസ്ഥയെ കൈകാര്യം ചെയ്യാൻ സാധിക്കും. ഭക്ഷണം, വ്യായാമം, ആവശ്യമെങ്കിൽ മാത്രം മരുന്നുകളുടെ ഉപയോഗം, ഹൃദ്രോഗസാധ്യത കുറയ്ക്കാൻ രക്തസമ്മർദ്ദം നിയന്ത്രിക്കൽ ഇവയെല്ലാം ശ്രദ്ധിക്കുക. കൂടാതെ കണ്ണ്, വൃക്ക, കാലുകൾ ഇവയുടെ പരിശോധന നടത്തുക.

7. പ്രമേഹം നേരത്തേ തിരിച്ചറിയുകയും അതിനോടു പൊരുത്തപ്പെടുകയും ചെയ്യുക എന്നതാണ് പ്രമേഹത്തോടൊപ്പം ജീവിക്കുന്നതിന്റെ ആദ്യപടി. പ്രമേഹം കണ്ടുപിടിക്കപ്പെടാതെയും ചികിത്സിക്കപ്പെടാതെയും ഒരു രോഗി എത്രകാലം ജീവിക്കുന്നുവോ അത്രയും ആരോഗ്യസ്ഥിതി വഷളാകും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽപ്പോലും രക്ത്തിലെ ഗ്ലൂക്കോസിന്റെ അളവ് പരിശോധിക്കാനുള്ള സംവിധാനം ഉണ്ടാകണം.

8. വരുമാനം കുറഞ്ഞ രാജ്യങ്ങളിലാണ് പ്രമേഹം മൂലമുള്ള മരണങ്ങൾ അധികവും. അവികസിതവും വരുമാനം കുറഞ്ഞതോ വരുമാനം ഇല്ലാത്തതോ ആയ രാജ്യങ്ങളിലെ ആരോഗ്യപ്രവർത്തകർക്ക് പ്രമേഹബാധിതരെ സഹായിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ല. ഈ രാജ്യങ്ങളിൽ ജീവൻരക്ഷാ ഔഷധമായ ഇൻസുലിൻ അടക്കമുള്ള അവശ്യ മരുന്നുകളുടെ ലഭ്യത വളരെ കുറവാണ്.

9. എല്ലാത്തരം പ്രമേഹവും ശരീരത്തിലെ വിവിധ ഭാഗങ്ങളുടെ പ്രവർത്തനത്തെ ബാധിക്കാം. ഹൃദയാഘാതം, സ്ട്രോക്ക്, വൃക്കത്തകരാറ്, കാല് മുറിച്ചു മാറ്റേണ്ട അവസ്ഥ, കാഴ്ച നഷ്ടപ്പെടൽ, നാഡീക്ഷതം ഇവയ്ക്കെല്ലാം പ്രമേഹം കാരണമായേക്കാം.

10. ദിവസവും അര മണിക്കൂർ വ്യായാമം ചെയ്യുകയും ആരോഗ്യകരമായ ഭക്ഷണം ശീലിക്കുകയും ചെയ്താൽ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കാം.