Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബജറ്റിലെ കൊഴുപ്പും പ്രമേഹവും

jackfruit

ബർഗറിനും പീത്‌സയ്‌ക്കും കൊഴുപ്പുനികുതി ഈടാക്കാനുള്ള ധീരമായ തീരുമാനമായിരുന്നു സംസ്‌ഥാന സർക്കാരിന്റെ 2016ലെ ബജറ്റിന്റെ സവിശേഷത. പ്രമേഹ പ്രതിരോധ വിഭവമെന്ന നിലയിൽ പച്ചച്ചക്ക പ്രോൽസാഹിപ്പിക്കുന്നതിനും അതിന്റെ രോഗപ്രതിരോധ ശേഷിയെപ്പറ്റി ഗവേഷണം നടത്തുന്നതിനും അഞ്ചു കോടി രൂപ അനുവദിച്ചതും ശ്രദ്ധേയമായി.

ചക്കപ്പുഴുക്കിനു പണ്ടു നമ്മുടെ തീൻമേശയിലുണ്ടായിരുന്ന സ്‌ഥാനം തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾക്കു ദിശാബോധവും ഊർജവും പകരുന്നതായി ഈ പ്രഖ്യാപനം. ന്യായമായ വരുമാനം ലഭിക്കാത്തതിനാൽ വിളവെടുക്കാതെ കർഷകർ ഉപേക്ഷിച്ചിരുന്ന ചക്കയിൽ നിന്ന് ആകർഷകമായ വരുമാനം എന്ന ആശയം ചക്ക കർഷകരിൽ വലിയ പ്രതീക്ഷയാണ് ഉണർത്തിയത്.

കൊഴുപ്പുനികുതി പോലെത്തന്നെ ഏറെ കയ്യടി കിട്ടിയതാണ് ജീവിതശൈലീ രോഗങ്ങൾക്കു സൗജന്യ മരുന്നെന്ന ഇത്തവണത്തെ ബജറ്റ് പ്രഖ്യാപനം. കേരളത്തിൽ 40 കഴിഞ്ഞവരുടെ ആയുർദൈർഘ്യത്തിന്റെ ശരാശരി ജമ്മുകശ്‌മീരിനെക്കാൾ കുറവാണ്. പ്രമേഹമുൾപ്പെടെ ജീവിതശൈലീ രോഗങ്ങൾ മൂലമുള്ള മരണമാണ് ഇതിനു മുഖ്യകാരണം. സൗജന്യമായി മരുന്നു നൽകാനുള്ള തീരുമാനം കേരളത്തെ സംബന്ധിച്ചു വളരെ നിർണായകമാണ്. കാരണം, ഈ തീരുമാനം കേരളത്തിന്റെ ആരോഗ്യ മേഖലയ്‌ക്കു വർഷംതോറും വൻ സാമ്പത്തിക ബാധ്യതയാണു വരുത്തിവയ്‌ക്കാൻ പോകുന്നത്.

കഴിഞ്ഞ രണ്ടു ബജറ്റുകളായി ചർച്ച ചെയ്യപ്പെടുന്ന കൊഴുപ്പുനികുതിയും ചക്കയ്ക്കു ലഭിക്കേണ്ട ശ്രദ്ധയും ജീവിതശൈലീ രോഗങ്ങളും സൗജന്യമരുന്നുമൊക്ക പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. ചക്കയുടെ പ്രമേഹപ്രതിരോധ ഗുണത്തെപ്പറ്റി ഗവേഷണം നടത്താനും ചക്ക ഉൽപന്നങ്ങൾ പ്രോൽസാഹിപ്പിക്കാനുമാണ് ബജറ്റിൽ അഞ്ചുകോടി രൂപ വകയിരുത്തിയത്. എന്നാൽ, ഒരു രൂപ പോലും ഇക്കാര്യത്തിനായി ഇതുവരെ സർക്കാർ ചെലവാക്കിയിട്ടില്ല.

നമ്മുടെ ഭക്ഷണപദാർഥങ്ങളിൽ അടങ്ങിയ കൊഴുപ്പാണു പ്രമേഹകാരണമായ വില്ലനെന്നു ലോകമെങ്ങും അംഗീകരിച്ച വസ്‌തുതയാണ്. പച്ചക്കറികൾ കൂടുതലായി ഉപയോഗിക്കുക മാത്രമാണു മറുമരുന്ന്. കൊഴുപ്പു കൂടിയ അരിയാഹാരത്തിനു മലയാളിക്കുള്ള പ്രകൃതിദത്തമായ ബദലാണു പച്ചച്ചക്കകൊണ്ടുള്ള വിഭവങ്ങൾ. പച്ചച്ചക്കയുടെ ഉപയോഗവും വ്യാപനവും ആരോഗ്യസംരക്ഷണം മാത്രമല്ല, കർഷകർക്കു സാമ്പത്തിക നേട്ടവും ഉറപ്പാക്കും.

കൊഴുപ്പു കുറഞ്ഞ ആഹാര പദാർഥങ്ങൾ പ്രോൽസാഹിപ്പിക്കുകയെന്ന നയത്തിൽ ആത്മാർഥതയുണ്ടെങ്കിൽ തനതു ബദലുകൾ പ്രോൽസാഹിപ്പിക്കുകയാണു സർക്കാർ അടിയന്തരമായി ചെയ്യേണ്ടത്. അതിനായി, ഗവേഷണ രംഗത്ത് ആരോഗ്യ–കാർഷിക മേഖലകളുടെ കൂട്ടായ യത്നം ആവശ്യമാണ്.

തനതു വിഭവങ്ങളുടെ ഉപയോഗവും വിപണനവും എങ്ങനെ സാമ്പത്തിക നേട്ടമാക്കി മാറ്റാമെന്നതിന്റെ ഉദാഹരണമാണു ചൈനയും കലിഫോർണിയയും. ബദാം പൊടി കലിഫോർണിയയിലും നമ്മുടെ ചേനയുടെ ഗുണഗണങ്ങളുള്ള കോഞ്ഞാക്ക് (konjac)  ചൈനയിലും ശതകോടികൾ വരുമാനം കൊണ്ടുവരുന്ന വ്യവസായമാണ്.

(ജാക്ക് ഫ്രൂട്ട് 365 സ്ഥാപകനാണ് ലേഖകൻ)