Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിക വൈറസ് വ്യാപനം: ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

zika

ന്യൂയോർക്ക് ∙ സിക വൈറസ് വ്യാപനത്തിനെതിരെ ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സിക വൈറസിന്റെ വ്യാപനം അമേരിക്കന്‍ ഭൂഖണ്ഡത്തിൽ ഭീതിജനകമാം വിധം വർധിക്കുകയാണെന്ന് വിലയിരുത്തിയാണ് ലോകാരോഗ്യ സംഘടനയുടെ നടപടി. തെക്കൻ അമേരിക്കൻ രാജ്യമായ ബ്രസീലിൽ ഭീതിവിതച്ച സിക വൈറസ് വ്യാപനം അമേരിക്കൻ ഐക്യനാടുകളിലും യൂറോപ്പിലും സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ലോകാരോഗ്യ സംഘടനയുടെ ഇടപെടൽ.

ലോകത്തിന്റെ മറ്റുഭഗങ്ങളിലേക്ക് പ്രതിസന്ധി വ്യാപിക്കാനും പൊതുജനാരോഗ്യത്തിന് ഭീഷണിയാകാനും സാധ്യതയുണ്ടെന്ന് ജനീവയിൽ ചേർന്ന ആരോഗ്യ വിദഗ്ധരുടെ യോഗം വിലയിരുത്തി. കൊതുക് പരത്തുന്ന സിക വൈറസ് നവജാത ശിശുക്കളിൽ തലച്ചോറിന് ഗുരുതര രോഗങ്ങളുണ്ടാക്കുന്നവയാണ്. സിക വൈറസ് മൂലം തലയോട്ടി ചുരുങ്ങിയ നിലയിൽ 2400 കൂട്ടികളാണ് കഴിഞ്ഞ വർഷം ബ്രസീലിൽ ജനിച്ചത്.

ഡെങ്കിപ്പനി, ചിക്കുൻ ഗുനിയ വൈറസുകൾക്ക് സമാനമായ സിക വൈറസ് പരത്തുന്നത് ഉഷ്ണമേഖലകളിലുളള ഈഡിസ് വിഭാഗത്തിൽപ്പെട്ട കൊതുകുകളാണ്. ഗർഭിണികളിൽ സിക വൈറസ് ബാധിച്ചാൽ ഗർഭസ്ഥ ശിശുവിന്റെ തലയോട്ടി ചുരുങ്ങന്ന രോഗമാണ് പ്രധാനമായും കണ്ടുവരുന്നത്. മറ്റ് നാഡീ വൈകല്യങ്ങളും കണ്ടുവരുന്നുണ്ട്.

രോഗത്തിനെതിരെ രാജ്യാന്തര ജാഗ്രതയ്ക്കും പ്രതിരോധനത്തിനും കൂട്ടായ ശ്രമമുണ്ടാകാൻ ലക്ഷ്യമിട്ടാണ് ആഗോള അടിയന്തരാവസ്ഥ. 2014 ൽ എബോള വൈറസിനെതിരെ ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു..