Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊച്ചിയിലെത്തുമോ സിക വൈറസ്?

zika-kochi

രാവെന്നും പകലെന്നും വ്യത്യാസമില്ലാതെ കൊച്ചിയെ കൊതുകു ഭരിക്കുമ്പോൾ, പേടിക്കണം പുതിയ രോഗങ്ങളെയും. ഇന്നു ലോകമെങ്ങും ഭീതി പരത്തി അമേരിക്കൻ ഭൂഖണ്ഡങ്ങളും യൂറോപ്പും കടന്ന് ഏഷ്യയിൽ വരെ എത്തി നിൽക്കുന്ന സിക വൈറസ് ഉൾപ്പെടെ ഏതു രോഗത്തേയും കൊച്ചി പേടിക്കണം.

കാരണം രോഗങ്ങൾക്കു വളരാൻ അനുകൂലമായ സാഹചര്യമാണു തുറമുഖ നഗരമായ കൊച്ചിയിൽ. മാലിന്യങ്ങൾ എവിടെയും വേണ്ടുവോളം. ഏത് അസുഖവും ഇങ്ങെത്തിച്ചാൽ നിമിഷ നേരം കൊണ്ടു പടർത്താൻ തയാറെടുത്തു നിൽക്കുന്ന, മനുഷ്യരുടെ എണ്ണത്തേക്കാളേറെയുള്ള കൊതുകു പട. കൊച്ചി നഗരം മാത്രമല്ല, വിശാല കൊച്ചി മുതൽ കിഴക്കൻ മേഖല വരെ ഈ ഭീഷണിയുടെ നിഴലിലാണ്.

ലൈംഗികബന്ധത്തിലൂടെ സിക വൈറസ് പകരാം

അടുത്ത കാലത്തു കൊച്ചിയെ വിറപ്പിച്ച പ്രധാന രോഗങ്ങൾക്കു പിന്നിൽ കൊതുകെന്ന വില്ലൻ ഉണ്ടായിരുന്നു. ഡെങ്കിപ്പനി, ചിക്കുൻഗുനിയ തുടങ്ങി അപകടകരമായ പനിക്കണക്കിലേക്കു കൊച്ചിയെ തള്ളി വിട്ടത് ഈഡിസ് വിഭാഗത്തിൽപ്പെട്ട കൊതുകുകളാണ്. ഇതേ കൊതുകുകളാണ് ഇന്നു ലോകത്തെ വിറപ്പിക്കുന്ന സിക വൈറസ് വ്യാപനത്തിനു പിന്നിലെന്നതും ആശങ്കയുണർത്തുന്നു. മൂന്നു ദശാബ്ദം മുൻപു കേരളത്തിൽ ഇല്ലായിരുന്ന ഈഡിസ് കൊതുകുകൾ ഡെങ്കിപ്പനിയിലൂടെയും ചിക്കുൻഗുനിയയിലൂടെയും നഗര ഗ്രാമ വ്യത്യാസമില്ലാതെ ഇന്നു വിറപ്പിക്കുകയാണ്.

സിക വൈറസ് കൊച്ചിയിലേക്കും എത്തുമോയെന്ന ചോദ്യത്തിനു ഡെങ്കിപ്പനിയും ചിക്കുൻ ഗുനിയയും മഞ്ഞപ്പനിയും ഇവിടെയെത്തിയില്ലേയെന്ന മറുചോദ്യമാണ് ആരോഗ്യ പ്രവർത്തകർ ചോദിക്കുന്നത്. ഈഡിസ് വിഭാഗത്തിൽപ്പെട്ട ഈജിപ്റ്റി, ആൽബോപിക്റ്റസ് എന്നിവ പടർത്തുന്ന ചിക്കുൻ ഗുനിയ, മഞ്ഞപ്പനി, ഡെങ്കിപ്പനി എന്നിവ ഇവിടെ വ്യാപകമായ സാഹചര്യത്തിൽ സിക വൈറസിനേയും പേടിക്കണം എന്നു വിദഗ്ധർ പറയുന്നു. പ്രത്യേകിച്ചു തുറമുഖവും വിമാനത്താവളവും അടക്കം ലോകത്തെവിടേയ്ക്കും ഗതാഗത ശൃംഖലയുള്ള നഗരമെന്ന നിലയിൽ കൊച്ചി ശ്രദ്ധിക്കണം.

ഈഡിസ് സുന്ദരികളെ കരുതിയിരിക്കുക

പുറത്തു വെള്ളയും കറുപ്പുമായി രണ്ടു വരയുള്ള സുന്ദരന്മാരും സുന്ദരികളുമാണ് ഈഡിസ് ഇനത്തിൽപ്പെട്ട കൊതുകുകൾ. പെൺ വിഭാഗത്തിൽപ്പെട്ട കൊതുകുകളാണു രോഗ വാഹകർ. ഈഡിസ് ഈജിപ്റ്റി, ഈഡിസ് ആൽബോപിക്റ്റസ് വിഭാഗത്തിൽപ്പെട്ട കൊതുകുകളാണു ഡെങ്കിപ്പനി, ചിക്കുൻഗുനിയ തുടങ്ങിയ രോഗങ്ങൾ പടർത്താൻ കാരണക്കാരനായത്. ശ്രദ്ധിക്കുക, ഇതേ ഈഡിസ് വിഭാഗത്തിൽപ്പെട്ട കൊതുകുകളാണു സിക വൈറസ് വ്യാപിപ്പിക്കുന്നതും.

മറ്റു കൊതുകുകൾ രാത്രിയിൽ മനുഷ്യരെ കടിക്കുമ്പോൾ ഈഡിസ് കൊതുകുകൾ കടിക്കുന്നതു പകൽ സമയത്ത്. രാത്രി കൊതുകിനെ തുരത്താനായി ഒരുക്കിവയ്ക്കുന്നതൊന്നും ഈഡിസിനെ ബാധിക്കില്ലെന്നർഥം. വെളുപ്പിനെയും സന്ധ്യയാകുമ്പോഴുമാണ് ഇത് ഏറ്റവും അധികം കടിക്കുന്നത്.

ഈഡിസ് കൊതുകുകൾ വൃത്തിക്കാരാണ്. ശുദ്ധമായ വെള്ളത്തിൽ അവ മുട്ടയിടും.

മറ്റു കൊതുകുകൾ ഒരു സ്ഥലത്തു കേന്ദ്രീകരിച്ചു മുട്ടയിടുമ്പോൾ ഈഡിസ് കൊതുകുകൾ ഒരു പ്രദേശത്തു മുഴുവൻ മുട്ടിയിടും. ഒന്നോ രണ്ടോ വെള്ളക്കെട്ടുകൾ ഒഴിവാക്കിയിട്ടു കാര്യമില്ലെന്നർഥം.

ഒരു വർഷം വരെ ഈഡിസ് വിഭാഗത്തിൽപ്പെട്ട കൊതുകുകളുടെ മുട്ട കേടു കൂടാതെയിരിക്കും. ഇതിനിടയിൽ എപ്പോഴെങ്കിലും വെള്ളം കിട്ടിയാൽ മതി മുട്ട വിരിഞ്ഞു കൂത്താടിയാകാൻ. മുട്ട വിരിയാൻ മറ്റു കൊതുകുകളെ അപേക്ഷിച്ചു കുറ‍ഞ്ഞ സമയം മതി ഈഡിസ് വിഭാഗത്തിന്.

കൊച്ചിയിൽ ഈഡിസ് കൊതുകുകളുടെ സാന്ദ്രത വലിയ അളവിൽ കണ്ടെത്തിയിട്ടുമുണ്ട്.

പൊതുജനങ്ങളും ശ്രദ്ധിക്കണം

നഗരസഭ ഒന്നും ചെയ്യുന്നില്ലെന്നു പരാതി പറഞ്ഞു വീട്ടിലെ പാഴ്‌വസ്തുക്കൾ അടുത്ത പ്രദേശത്തേക്കു വലിച്ചെറിഞ്ഞു ജീവിച്ചാൽ മാത്രം മതിയോ.. കൊതുകിനെ തുരത്താൻ ഓരോരുത്തരും ശ്രദ്ധിക്കണം.

കൊതുകിനെ തുരത്താൻ ഡ്രൈ ഡേ ആചരിക്കാൻ ഓരോ വീട്ടുകാരും ശ്രമിക്കണമെന്നു പൊതുജനാരോഗ്യ പ്രവർത്തകൻ ഡോ. ബി. ഇക്ബാൽ പറഞ്ഞു. നമ്മുടെ പരിസരത്തു തന്നെ വാസമുറപ്പിക്കുന്ന ഈഡിസ് കൊതുകുകളാണ് ഇന്നു ലോകത്തിനു ഭീഷണിയുയർത്തുന്ന സിക വൈറസ് ഉൾപ്പെടെയുള്ളവയെ വ്യാപിപ്പിക്കുന്നതെന്ന വസ്തുത കണക്കിലെടുക്കണം.

വീടിനും സമീപത്തും വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യം ഒഴിവാക്കണം.

ചെടിച്ചട്ടി, വീടിനു സമീപം കിടക്കുന്ന പാഴ്‌വസ്തുക്കൾ, ചിരട്ടകൾ, ടയറുകൾ എന്നിവയിൽ വെള്ളം കെട്ടി നിൽ‍ക്കാൻ സാധ്യതയുണ്ട്. ഇത് ഒഴിവാക്കണം.

ഫ്രിഡ്ജിൽ നിന്നു വെള്ളം ശേഖരിക്കുന്ന ട്രേയിൽ വരെ ഈഡിസ് കൊതുകു മുട്ടയിട്ടു വളരാം.

സിക വൈറസ് വരുത്തുന്ന ജനിതകമാറ്റം അറിയില്ല

സിക വൈറസ് എന്തു ജനിതക മാറ്റമാണ് വരുത്തുന്നതെന്ന് ഇതു വരെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നു ലൂർദ് ആശുപത്രി മെഡിക്കൽ സൂപ്രണ്ടും പൊതുജനാരോഗ്യ വിദഗ്ധനുമായ ഡോ.പോൾ പുത്തൂരാൻ പറഞ്ഞു.

മൂന്നു ദശാബ്ദങ്ങൾക്കു മുൻപു കോലഞ്ചേരി ഭാഗത്തു ഡെങ്കിപ്പനി വ്യാപകമായപ്പോൾ നടത്തിയ പഠനത്തിലാണ് ഈഡിസ് ഈജിപ്റ്റി കൊതുകുകളുടെ സാന്ദ്രത കണ്ടെത്താനായത്.

തുടർന്നു ചിക്കുൻ ഗുനിയയും കേരളത്തിലെത്തി. ഈ സാഹചര്യത്തിൽ വളരെ കരുതലെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. നവജാത ശിശുക്കളിൽ തല ചുരുങ്ങുന്ന മൈക്രോ സെഫാലി എന്ന അവസ്ഥയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുതിർന്നവരിൽ നാഡികളെ ബാധിക്കുന്ന ഗില്യൻബാരി എന്ന അസുഖത്തിനും സിക വൈറസാണു കാരണമെന്നു സംശയിക്കുന്നുണ്ട്.

കേരളത്തിൽ നിന്ന് ഇല്ലായ്മ ചെയ്തെന്നു കരുതുന്ന മലേറിയ രോഗവും ഇപ്പോൾ കാണപ്പെടുന്നുണ്ട്. കൊതുകു നിവാരണമാണ് ഇതിനെല്ലാമെതിരായുള്ള ഫലപ്രദമായ മാർഗം. ഇക്കാര്യത്തിലാണ് അധികൃതർ കൂടുതൽ ശ്രദ്ധിക്കേണ്ടത്.

കൂത്താടിയെ പിടിക്കാൻ മൽസ്യം

ആഫ്രിക്കൻ മത്സ്യമായ ഗമ്പൂസിയും അക്വേറിയത്തിൽ വളർത്തുന്ന ഗപ്പിയും കൊതുകിന്റെ ശത്രുക്കളാണ്. കൊതുകിന്റെ ലാർവകളെ ഈ മീനുകൾ തിന്നു തീർക്കും. കൊതുകു വളരാൻ സാധ്യതയുള്ള പ്രദേശങ്ങളിലെ കുളങ്ങളിലോ കിണറുകളിലോ ഈ മീനുകളെ വളർത്തിയാൽ കൊതുക് വളരാതെ ഇവർ നോക്കിക്കൊള്ളും. ഗപ്പി മണിക്കൂറിൽ ശരാശരി നാൽപതും ഗമ്പൂസിയ 225 കൂത്താടികളെയും തിന്നും.