Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെള്ളംകുടിയിൽ അറിയേണ്ട 10 കാര്യങ്ങൾ

water-drink

ഒരു ദിവസം ഏറ്റവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളം കുടിച്ചിരിക്കണം, സ്ഥിരമായി കേട്ടു കളയുന്ന ഒതു സ്ഥിരം പല്ലവി. എന്നാൽ ഇതിൽ എത്രത്തോളം യാഥാർത്യമുണ്ടെന്നും ശരീരത്തെ ഇതെങ്ങനെയെല്ലാം ഗുണകരമായും ദോഷകരമായും ബാധിക്കുന്നുണ്ടെന്നുമുള്ള സത്യം എത്രപേർ മനസിലാക്കിയിട്ടുണ്ട്.? ദാഹം തോന്നുമ്പോൾ മാത്രമാണോ വെള്ളം കുടിക്കേണ്ടത്? ഇങ്ങനെ ധരിച്ചു വച്ചിരിക്കുന്നവർ അറിയുക, നിങ്ങളുടെ ഈ ധാരണ വലിയൊരു മണ്ടത്തരമാണ്. കാരണം വെള്ളത്തിന് നിങ്ങളുടെ ശരീരത്തിൽ ഒരുപാട് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ സാധിക്കും. മുടിയിഴകൾ െവട്ടിത്തിളങ്ങാനും ചർമകാന്തി വർധിപ്പിക്കാനും അമിതവണ്ണത്തിൽ നിന്നു സംരക്ഷിക്കാനും ദഹനവ്യവസ്ഥയെ പരിപോഷിപ്പിക്കാനും തളർച്ചയെ തടയാനും തലച്ചോറിനെ പ്രവർത്തനക്ഷമമാക്കാനുമൊക്കെയുള്ള ഒരു സിദ്ധൗഷധം തന്നെയാണ് ഈ വെള്ളം.

വെള്ളം എപ്പോഴക്കെ എത്ര അളവിൽ എങ്ങനെ കുടിക്കണമെന്നു നോക്കാം.

1. രാവിലെ എഴുന്നേറ്റ ഉടൻ

രാവിലെ എഴുന്നേറ്റ ഉടൻ ഒന്നു മുതൽ രണ്ടു ഗ്ലാസ് വെള്ളം കുടിച്ച് ശരീരപ്രവർത്തനങ്ങൾ ആരംഭിക്കാം. ശരീരത്തിലെ വിഷാംശം എല്ലാം നീക്കം ചെയ്ത് അവയവങ്ങളുടെ ശരിയായ പ്രവർത്തനത്തിന് ഈ വെള്ളംകുടി സഹായിക്കും. അവരവരുടെ താൽപര്യത്തിനനുസരിച്ച് നാരങ്ങാനീര്, തേൻ, കറുവാപ്പട്ട തുടങ്ങിയവ ഇതിൽ ചേർക്കാവുന്നതാണ്.

2. ഊണിന് അര മണിക്കൂർ മുൻപ്

ഊണിന് അര മണിക്കൂർ മുൻപ് ഒരു ഗ്ലാസ് വെള്ളം കുടിക്കുക, ഇതു ഭാരം കുറയ്ക്കാൻ മാത്രമല്ല വിശപ്പിനെ ശമിപ്പിക്കാനും സഹായകമാണ്. ഊണു സമയത്ത് അധികം കഴിക്കാതെ, ഉള്ളിലെത്തുന്ന ആഹാരത്തെ സ്വീകരിക്കാൻ വയറിനെ സജ്ജമാക്കുകയും ചെയ്യും.

3. ആഹാരം കഴിച്ച ഉടൻ

ആഹാരം കഴിച്ച ഉടൻ പെട്ടെന്നുള്ള വെള്ളംകുടി വേണ്ടേ വേണ്ട. ഇത് നിങ്ങളുട ദഹനപ്രക്രിയയുടെ വീര്യം കുറയ്ക്കും.

4. ഊണിനൊപ്പമുള്ള വെള്ളംകുടി

ഊണിനൊപ്പമുള്ള വെള്ളംകുടിയും ഒഴിവാക്കണം. വെള്ളത്തിനു പകരമായി തൈര്, റെയ്ത്ത, ബട്ടർമിൽക്ക് എന്നിവ ഉപയോഗിക്കാം. ഇവ ശരീരത്തിന് കുളിർമയും നൽകും.

5. വിശക്കുമ്പോൾ വെള്ളം

ദാഹം തോന്നുമ്പോഴും വിശക്കുമ്പോഴും ശരീരം നൽകുന്നത് എകദേശം സമാനമായ സിഗ്നലുകൾ തന്നെ. അതുകൊണ്ടു വിശപ്പു തോന്നുമ്പോൾ ആദ്യം കുറച്ച് വെള്ളം കുടിക്കുക. 10 മിനിട്ട് വിശ്രമിക്കുക, എന്നിട്ടും വിശപ്പ് ശമിച്ചില്ലെങ്കിൽ മാത്രം സ്നാക്കുകളെ ആശ്രയിക്കുക.

6. ക്ഷീണാവസ്ഥയിൽ തലച്ചോറിന് ഉണർവേകാൻ

തലച്ചോറിന്റെ പ്രവർത്തനത്തിന്റെ 75 ശതമാനവും വെള്ളത്താലാണ്. ഇവ തടസം കൂടാതെ നടക്കണമെങ്കിൽ വെള്ളംകുടിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ജോലിക്കിടയിലോ യാത്രാവേളയിലോ മറ്റോ ക്ഷീണം തോന്നുമ്പോൾ ഒരു ഗ്ലാസ് വെള്ളം കുടിച്ചു നോക്കൂ, ഉൻമേഷം കൈവരുന്നത് കാണാം.

7. ദിവസത്തിന്റെ ആദ്യപകുതിയിൽ കൂടുതൽ വെള്ളം

ദിവസത്തിന്റെ രണ്ടാം പകുതിയിൽ (ഉച്ചയ്ക്കു ശേഷം) കുടിക്കുന്നതിനെക്കാളും വെള്ളം ആദ്യ പതുതിയിൽ കുടിക്കുന്നതാണ് നല്ലത്. ഇത് രാത്രിയിൽ മൂത്രശങ്ക ഒഴിവാക്കി ഉറക്കം സുഗമമാക്കാൻ സഹായിക്കും.

8. ഉറക്കം കുറവാണെങ്കിൽ

ഒരു ദിവസത്തെ രാത്രിയിൽ സംതൃപ്തമായ ഉറക്കം ലഭ്യമായില്ലെങ്കിൽ പകൽ ധാരാളം വെള്ളം കുടിക്കണം. ഉറക്കത്തിലും നിങ്ങളുടെ ശരീരം പ്രവർത്തനക്ഷമമാണ്. അതു ശരിയായ രീതിയിലും സുഗമമായും നടക്കുന്നതിന് ആവശ്യമായ വെള്ളം ശരീരത്തിൽ ഉണ്ടാകണം.

9. വ്യായാമത്തിനു മുൻപും ശേഷവും

വ്യായാമം ചെയ്യാൻ തുടങ്ങുന്നതിനു മുൻപും വ്യായാമത്തിനു ശേഷവും ധാരാളം വെള്ളം കുടിക്കേണ്ടതാണ്. മസിലുകളെ ഊർജസ്വലമാക്കാൻ വെള്ളം അവശ്യഘടകമാണ്. ഇത് ക്ഷീണമകറ്റി ഊർജസ്വലത കൈവരുത്താൻ സഹായിക്കും.

10. രോഗാവസ്ഥയിൽ

ഏതെങ്കിലും തരത്തിലുള്ള രോഗം നിങ്ങളുടെ ശരീരത്തെ കീഴ്പ്പെടുത്തുമ്പോൾ കുറച്ച് അധികം വെള്ളം കുടിക്കണം. ഇതു രോഗം പെട്ടെന്ന് അകറ്റാൻ സഹായിക്കും. ഗർഭിണികളും പാലൂട്ടുന്ന അമ്മമാരും 10 ഗ്ലാസ് വെള്ളം ഒരു ദിവസം കുടിക്കണം.