Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കറിക്ക് അൽപ്പം ഉപ്പു കൂടിയാൽ സംഭവിക്കാവുന്നത്

salt

കാര്യം രുചിക്ക് ഉപ്പ് അത്യാവശ്യമാണെങ്കിലും ഉപയോഗം വളരെ ശ്രദ്ധിച്ചു വേണം. അമിതമായാൽ കക്ഷി നമ്മളെ വല്ലാതെ വലച്ചു കളയും.

രക്തസമ്മർദം കൂടും: ഉപ്പ് അമിതമായി ശരീരത്തിലെത്തിയാൽ വൃക്കയ്ക്ക് അതിനെ പുറന്തള്ളാൻ കഴിയില്ല. അപ്പോൾ രക്തത്തിൽ ഉപ്പ് അടിയും. കറിയുപ്പിലുള്ള സോഡിയം വെള്ളത്തെ ആകർഷിക്കാൻ മിടുക്കനാണ്. അങ്ങനെ, രക്തത്തിലുള്ള സോഡിയം പ്ലാസ്മയിലേക്കും കോശങ്ങൾക്കു പുറത്തുള്ള ദ്രവങ്ങളിലേക്കുമൊക്കെ വെള്ളത്തെ വലിച്ചെത്തിക്കും. ഇതോടെ രക്തത്തിന്റെ അളവ് കൂടും, ഇതു പമ്പ് ചെയ്യാൻ ഹൃദയം കൂടുതൽ ജോലി ചെയ്യും, അങ്ങനെ രക്തസമ്മർദം കൂടും. മറ്റൊന്നു കൂടിയുണ്ട്. സോഡിയം കാൽസ്യത്തെയും ആകർഷിക്കും. ഇതു രക്തക്കുഴലുകളിലെ പേശികൾ മുറുകാനിടയാക്കും. അങ്ങനെയും രക്തസമ്മർദം കൂടും

ഹൃദ്രോഗം: രക്താതിമർദം (ഹൈപ്പർ ടെൻഷൻ) ഹൃദയത്തിന്റ ജോലി കൂട്ടുന്നതിനു പുറമെ, രക്തധമനികളുടെ സങ്കോചത്തിനും കാരണമാകും. ഇതു ഹൃദ്രോഗത്തിനും വഴിതെളിക്കും. 

പക്ഷാഘാതം: ഹൈപ്പർ ടെൻഷനും രക്തധമനികളുടെ സങ്കോചവും തലച്ചോറിനെ ബാധിക്കുമെന്നു പ്രത്യേകം പറയേണ്ടല്ലോ. അതിന്റെ ഫലമായി പക്ഷാഘാതവും ഉണ്ടാകാം.

അസ്ഥിക്ഷയം: ഉപ്പ് കൂടുതലായാൽ വൃക്കകൾ കാൽസ്യത്തെ കൂടുതൽ പുറന്തള്ളും. അങ്ങനെ അസ്ഥികളുടെ ആരോഗ്യവും നശിക്കും.

വൃക്കയിൽ കല്ല്: കാൽസ്യം ഇങ്ങനെ കൂടുതലായി പുറന്തള്ളുന്നതു വൃക്കയിലെ കല്ലിനു കാരണമാകും.

ചെയ്യേണ്ടത്:  ചോറിലും മറ്റും ഉപ്പൊഴിച്ചു കഴിക്കാൻ കുഞ്ഞുങ്ങളെ ശീലിപ്പിക്കരുത്. ഒരാൾക്ക് ഒരുദിവസം ചെറിയ ടീസ്പൂൺ ഉപ്പ് മാത്രം മതിയെന്നോർക്കണം.

പപ്പടവും അച്ചാറും ഉണക്കമീനുമൊക്കെ നന്നായി നിയന്ത്രിക്കുക. ടിൻ ഫൂഡ് പരമാവധി ഒഴിവാക്കുക. അഥവാ വാങ്ങുകയാണെങ്കിൽ സോഡിയം ഫ്രീ, ലോ സോഡിയം എന്നിങ്ങനെ രേഖപ്പെടുത്തിയതു നോക്കി വേണം വാങ്ങാൻ.