Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മത്സ്യം കഴിക്കൂ ബുദ്ധി കൂട്ടാം

fish

ചെറിയ കുട്ടികളെ ഭക്ഷണം കഴിപ്പിക്കാൻ നിരവധി മാർഗങ്ങളുണ്ട്. രൂപത്തിലോ നിറത്തിലോ രുചിയിലോ വൈവിധ്യം കൊണ്ടുവന്നാൽ അവർ കഴിക്കും. എന്നാൽ കൗമാരക്കാരോ? തോന്നിയതു കഴിക്കുന്ന പ്രായമാണ് കൗമാരം. പോഷക ഗുണമൊന്നും അവർക്ക് പ്രധാനമല്ല. എന്നാൽ ഇഷ്ടമുള്ളതു മാത്രം കഴിക്കുന്ന ശീലം അത്ര ഗുണകരമാവില്ല എന്നാണ് ഒരു പഠനം പറയുന്നത്.

നാം കഴിക്കുന്ന ഭക്ഷണത്തെ ആശ്രയിച്ചിരിക്കും ആരോഗ്യം. കൗമാരക്കാരുടെ ഭക്ഷണത്തിൽ മത്സ്യം, സോയാബീന്‍, വാൾനട്ട്  ഇവ ഉൾപ്പെടുത്തണമെന്നാണ് ഗവേഷക മതം.

ഒമേഗ 3 പോളി അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ തലച്ചോറിന്റെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. മനുഷ്യ ശരീരത്തിന് ഉൽപാദിപ്പിക്കാൻ കഴിയാത്ത ഇവ പച്ചക്കറികൾ, മത്സ്യം ഇവയിൽ നിന്നു മാത്രമേ ലഭിക്കൂ. കൗമാര പ്രായത്തിലുടനീളം തലച്ചോറിന്റെ ഘടനയും പ്രവർത്തനവും മാറിക്കൊണ്ടിരിക്കും.

കൗമാര പ്രായത്തിൽ ഭക്ഷണത്തിൽ ഒമേഗ 3 ഫാറ്റി ആസിഡിന്റെ അഭാവം ഉത്കണ്ഠ വർധിപ്പിക്കുകയും പ്രയപൂർത്തിയാകുമ്പോൾ ബുദ്ധി പരീക്ഷകളിൽ വളരെ മോശം പ്രകടനം കാഴ്ചവയ്ക്കാൻ ഇടയാകുകയും ചെയ്യുമെന്നു പഠനം പറയുന്നു.

ഭക്ഷണവും തലച്ചോറിന്റെ പ്രവർത്തനങ്ങളും തമ്മിലുള്ള ബന്ധം അറിയാൻ എലികളിലാണ് പഠനം നടത്തിയത്. കൗമാരപ്രായം എത്തുന്നതുവരെ ഇവയ്ക്ക് നിയന്ത്രിത ഭക്ഷണം നൽകി. കൗമാരപ്രായത്തിൽ അവയ്ക്ക് പോഷകങ്ങൾ ഒട്ടും അടങ്ങാത്ത ഭക്ഷണവും നൽകി ഇവയുടെ തലച്ചോറിന്റെ പ്രവർത്തനം തകരാറിലായതായി കണ്ടു. ചില ഭാഗത്തെ ന്യൂറോണുകൾ തമ്മിലുള്ള ബന്ധം നഷ്ടപ്പെട്ടതായും കണ്ടു. ന്യൂറോ സയന്‍സ് എന്ന ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

യൗവനത്തിൽ മിടുക്കരും ബുദ്ധിമാന്മാരും ആയിരിക്കണമെങ്കിൽ കൗമാരപ്രായത്തില്‍ പോഷകങ്ങളും ആരോഗ്യവും നിറഞ്ഞ ഭക്ഷണം ശീലമാക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് ഈ പഠനം വിരൽ ചൂണ്ടുന്നു. പ്രോസസ്ഡ് ഫുഡും ജങ്ക് ഫുഡുകളും കഴിക്കുന്നത് കുറയ്ക്കുക എന്നതും പ്രധാനമാണ്.

Read more : Healthy Food