Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാരങ്ങ കഴിച്ചാൽ നല്ല ആരോഗ്യം

Lemon

ഉപ്പിട്ടൊരു നാരങ്ങാവെള്ളം! അത് പണ്ടുകാലം തൊട്ടേ മലയാളിക്ക് ഏറെ പ്രിയപ്പെട്ട ഒരു പാനീയമാണ്. ഏതു പെട്ടിക്കടയിലും കിട്ടും. വീട്ടിലായാലും രണ്ടുമിനിറ്റുകൊണ്ട് എളുപ്പം തയാറാക്കാം. നാരങ്ങാനീര് ആരോഗ്യത്തിന് വളരെ പ്രയോജനപ്രദമാണെന്ന കാര്യം എത്രപേർക്കറിയാം. നാരങ്ങയിൽ ധാരാളം വിറ്റാമിനുകളും, ധാതുലവണങ്ങളും പോഷകഘടകങ്ങളും അടങ്ങിയിട്ടുണ്ട്. 

വിറ്റാമിൻ സി അടങ്ങിയ പാനീയമാണിത്. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾക്ക് ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാനാകും. അർബുദം ഉൾപ്പെടെയുള്ള രോഗങ്ങളിൽനിന്ന് ശരീരത്തെ ചെറുക്കാനാകും. നാരങ്ങ പിഴിഞ്ഞ് ജ്യൂസായും അച്ചാറിട്ടും മാത്രം കഴിക്കണമെന്നില്ല. നാരങ്ങാനീര് അകത്താക്കാൻ മറ്റു ചില പൊടിക്കൈകളും ഉണ്ട്

∙സോസ്– കട്‌ലറ്റോ സമൂസയോ കഴിക്കുമ്പോൾ രുചി കൂട്ടാൻ ലൈം സോസ് ഉപയോഗിക്കാം. നാരങ്ങാനീരിനൊപ്പം അൽപം വിനാഗിരി, ഉപ്പ്, കുരുമുളകുപൊടി, എന്നിവചേർത്ത് ലൈം സോസ് തയാറാക്കാം

∙സാലഡ്– പച്ചക്കറികൾ അരിഞ്ഞുണ്ടാക്കുന്ന വെജ് സാലഡിൽ വിനാഗിരിക്കുപകരം നാരങ്ങാനീര് ചേർത്തുനോക്കൂ. പാകത്തിന് ഉപ്പും ചേർക്കുക.

∙ഫിഷ് കോമ്പോ– മൽസ്യത്തിനൊപ്പം നാരങ്ങാനീര് ബെസ്റ്റാണ്. മീൻ വറുക്കുമ്പോൾ നാരങ്ങാനീരിൽ പുരട്ടിയ ശേഷം വറുത്തുകോരുക. പ്രത്യേക രുചി ഉണ്ടാകും.

∙സൈഡ് ഡിഷ്– പ്രധാനഭക്ഷണത്തോടൊപ്പം കഴിക്കുന്ന സൈഡ് ഡിഷുകൾക്ക് രുചി പകരാൻ നാരങ്ങാനീര് ഉപയോഗിക്കാം. ഉദാഹരണത്തിന് കോളിഫ്ലവർ, കാപ്സിക്കം, ഉരുളക്കിഴങ്ങ്, കൂൺ തുടങ്ങിയവ കൊണ്ടുള്ള വിഭവങ്ങൾക്കൊപ്പം നാരങ്ങാനീര് ചേർത്തു കഴിക്കാം.

∙ചോറിനൊപ്പം– അരി വേവിക്കുമ്പോൾ ഒരു തുള്ളി നാരങ്ങാനീര് ചേർക്കുക. ചോറ് പശപിടിത്തമില്ലാതെ കിട്ടും. നല്ല വെളുത്ത നിറവും ലഭിക്കും. ബിരിയാണി, ഫ്രൈഡ് റൈസ് എന്നിവയ്ക്കൊപ്പവും ഉപയോഗിക്കാം.

Read more : Healthy Food