Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്തുകൊണ്ട് ഉലുവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം?

fenugreek fenugreek seeds isolated on white background

തെക്കേഇന്ത്യയിലും വടക്കേഇന്ത്യയിലും ഒരേപോലെ ജനപ്രിയമായ സുഗന്ധവ്യഞ്ജനമാണ് ഉലുവ. ഉലുവയ്ക്കും ഉലുവയിലയ്ക്കും നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ട്.

ഉലുവയിലയിൽ ധാരാളം ഫോളിക് ആസിഡ്, ജീവകം എ, ജീവകം സി ഇവയുണ്ട്. കൂടാതെ ധാതുക്കളായ പൊട്ടാസ്യം, കാത്സ്യം, ഇവയുടെ കലവറ കൂടിയാണിത്. ജീവകം K യും ധാരാളം അടങ്ങിയിരിക്കുന്നു.

ഉലുവയും ഉലുവയിലയും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ കാരണങ്ങൾ നിരവധിയാണ്.

∙ പ്രമേഹം നിയന്ത്രിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. ദഹനം സാവധാനത്തിലാക്കുന്ന രാസവസ്തുക്കൾ അടങ്ങിയതിനാലും നാരുകൾ അടങ്ങിയതിനാലും പ്രമേഹരോഗികൾക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു.

ഉലുവയില ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ഏറ്റവും മികച്ച മാർഗം ചപ്പാത്തിക്കു മാവു കുഴയ്ക്കുമ്പോൾ ഉലുവയില കൂടി ചേർക്കുക എന്നതാണ്. കർണാടകയിലും വടക്കേ ഇന്ത്യയിലും സാലഡിനൊപ്പവും ഉലുവയില ചേർക്കുന്നു.

∙ നെഞ്ചെരിച്ചിലും അസിഡിറ്റിയും അകറ്റാൻ മികച്ച ഒന്നാണ് ഉലുവ. ഭക്ഷണത്തിനു മുൻപ് ഉലുവ കഴിക്കുന്നത് നെഞ്ചെരിച്ചിൽ തടയും. ഒരു ടീസ്പൂൺ ഉലുവ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ആസിഡ് റിഫ്ലക്സ് തടയാം. കുറച്ചു സമയം വെള്ളത്തിലിട്ട് കുതിർക്കണമെന്നു മാത്രം.

∙ അർബുദ കോശങ്ങളെ നശിപ്പിക്കാൻ ഉലുവയ്ക്കു കഴിയുമെന്നു പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.

∙ എൽ ഡി എല്‍ അഥവാ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ ഉലുവ സഹായിക്കുന്നു. കുടലിലെയും കരളിലെയും കൊളസ്ട്രോൾ ആഗിരണവും ഉൽപ്പാദനവും കുറയ്ക്കാൻ ഉലുവ സഹായിക്കും.

∙ ഹൃദ്രോഗ സാധ്യത കുറച്ച് ഹൃദയാരോഗ്യമേകുന്നു.

∙ ശരീരഭാരം കൂട്ടുന്നു. ദഹനത്തിനു സഹായകം. മലബന്ധം തടയുന്നു.

∙ പനി, തൊണ്ടവേദന ഇവയ്ക്ക് പരിഹാരമേകുന്നു. ഒരു ടീസ്പൂൺ നാരങ്ങ, തേൻ എന്നിവയോടൊപ്പം ഉലുവ കഴിക്കുന്നത് പനി കുറയ്ക്കും. ചുമ, തൊണ്ട വേദന ഇവ കുറയാനും ഉത്തമം.

∙ മുലയൂട്ടുന്ന അമ്മമാരിൽ മുലപ്പാൽ വർധിപ്പിക്കുന്നു. ഉലുവയിൽ അടങ്ങിയ ഡയോസ് ജെനിൻ മുലയൂട്ടുന്ന അമ്മമാരിൽ പാൽ ഉൽപ്പാദനം കൂട്ടുന്നു.

∙ ഗർഭപാത്രത്തിന്റെ സങ്കോചത്തെ ഉദ്ദീപിപ്പിക്കുക വഴി പ്രസവം സുഗമമാക്കാൻ ഉലുവ സഹായിക്കുന്നു. പ്രസവവേദന കുറയ്ക്കുന്നു. എന്നാൽ ഗർഭിണികൾ ഉലുവ അമിതമായി ഉപയോഗിക്കുന്നത് ഗർഭം അലസലിനു കാരണമാകും.

∙ ഉലുവയിൽ ഡൈസോജെനിൻ, ഐസോഫ്ലേവനുകൾ ഇവയുണ്ട്. ആർത്തവപൂർവ അസ്വസ്ഥതകൾ (PMS) കുറയ്ക്കാൻ ഇത് സഹായിക്കുന്നു. കൗമാരപ്രായക്കാരിൽ ഇരുമ്പിന്റെ അഭാവം തടയാൻ ഉലുവയില ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മതി. ഉലുവയിൽ ധാരാളം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇരുമ്പിന്റെ ആഗിരണം എളുപ്പമാക്കാൻ ഉരുളക്കിഴങ്ങോ തക്കാളിയോ ചേർക്കണമെന്നു മാത്രം.

∙ സാപോനിൻ, മ്യൂസിലേജ് തുടങ്ങിയ നാരുകൾ അടങ്ങിയതിനാൽ ഭക്ഷണത്തിലെ വിഷഹാരികളെ പുറന്തള്ളാൻ ഉലുവ സഹായിക്കുന്നു. മലാശയ അർബുദം തടയുന്നു.

∙ മുഖക്കുരു, ബ്ലാക്ക് ഹെഡ്സ്, മുഖത്തെ പാടുകൾ ഇവയെ തടയാൻ ഉപയോഗിക്കുന്ന ഫേസ്പാക്കുകളിൽ ഉലുവ ഉപയോഗിക്കുന്നു. ഉലുവയിട്ടു തിളപ്പിച്ച വെള്ളം കൊണ്ട് മുഖം കഴുകുകയോ ഉലുവയില അരച്ച് മുഖത്തു പുരട്ടി 20 മിനിറ്റിനു ശേഷം കഴുകി കളയുകയോ ചെയ്യുന്നത് മുഖസൗന്ദര്യം ഏകും.

∙ ഉലുവയരച്ച് തലയിൽ തേച്ചാൽ തലമുടിക്ക് തിളക്കവും കറുപ്പും ലഭിക്കും. ഒരു രാത്രി വെളിച്ചെണ്ണയിൽ കുതിർത്ത ഉലുവ വേവിച്ചത് തലയിൽ തേക്കുന്നത്  മുടി കൊഴിച്ചിൽ തടയും. താരനെ അകറ്റാനും ഉലുവ സഹായിക്കും.

ഉലുവയും ഉലുവയിലയും ചില്ലറക്കാരനല്ലെന്ന് ഇപ്പോൾ മനസ്സിലായില്ലേ. ഇനി ധൈര്യമായി ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തിക്കോളൂ.

Read More : Healthy Food