Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പർപ്പിൾ നിറ ഉരുളക്കിഴങ്ങ് അർബുദം തടയും

purple-potato

പർപ്പിൾ നിറത്തിലുള്ള ഉരുളക്കിഴങ്ങും മറ്റു ബഹുവർണ പഴങ്ങളും പച്ചക്കറികളും ഉൾപ്പെട്ട ഭക്ഷണം  മലാശയ അർബുദവും ഇൻഫ്ലമേറ്ററി ബവൽ ഡിസീസും വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് ഇന്ത്യൻ വംശജർ ഉൾപ്പെട്ട പഠനം.

പർപ്പിൾ നിറത്തിലുള്ള ഉരുളക്കിഴങ്ങ് ഉൾപ്പെടെ പല നിറങ്ങളിലുമുള്ള ചെടികളിൽ അന്തോസയാനിൻ, ഫീനോളിക് ആസിഡ് മുതലായവ അടങ്ങിയിട്ടുണ്ട്. ഇത് അർബുദം പ്രതിരോധിക്കും.

ഈ സംയുക്തങ്ങൾ തന്മാത്രാ ലെവലിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് മനസിലാക്കാനുള്ള ആദ്യപടിയായ ഈ പഠനം, അർബുദ ചികിത്സയ്ക്കുള്ള നൂതന മാർഗം തുറന്നു തരുന്നു,

ഭക്ഷണം ഇരുതല മൂർച്ചയുള്ള വാൾ ആണ്. അത് രോഗകാരണമാകും. അതുപോലെ ഗുരുതര രോഗങ്ങളെ തടയാനും ഭക്ഷണത്തിനാകും. യു എസിലെ പെൻസിൽവാനിയ സ്റ്റേറ്റ് സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറും പഠനത്തിൽ പങ്കാളിയുമായ ജയറാം കെ. വനമാല പറയുന്നു.

പഠനത്തിനായി പന്നികൾക്ക് കലോറി കൂടിയ ഭക്ഷണത്തോടൊപ്പം പർപ്പിൾനിറ ഉരുളക്കിഴങ്ങുകളും നൽകി. ഇവയ്ക്ക് കൺട്രോൾ ഗ്രൂപ്പിനെ അപേക്ഷിച്ച് IL.6 എന്ന പ്രോട്ടീൻ വളരെ കുറച്ചു മാത്രമേ ഉള്ളൂ. വീക്കത്തിന് കാരണമാകുന്ന പ്രോട്ടീൻ ആണ് ഇന്റർല്യൂകിന്‍ അഥവാ IL.6 ഇതിന്റെ അളവ് കൂടുന്നത് Ki –67 എന്ന പ്രോട്ടീനുമായി ബന്ധപ്പെട്ടിരിക്കുന്നു. KI –67, അർബുദ കോശങ്ങളുടെ വളർച്ചയും വ്യാപനവുമായി ബന്ധപ്പെട്ടിരിക്കുന്നു, വനമാല പറഞ്ഞു.

മനുഷ്യനു വലിയ അളവിൽ ആവശ്യമുള്ള മാക്രോ ന്യൂട്രിയന്റുകൾ പ്രോട്ടീൻ ഫൈറ്റോ ന്യൂട്രിയന്റുകളായ വിറ്റമിൻ, ഫ്ലേവനോയ്ഡുകൾ, കരോട്ടിനോയ്ഡുകൾ ഇവയെല്ലാം IL 6 ന്റെ മാർഗത്തിന് മാറ്റം വരുത്താൻ ഫലപ്രദമാണെന്ന് ന്യൂട്രീഷണൽ ബയോകെമിസ്ട്രി എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

പഠനത്തിനായി പർപ്പിൾ നിറ ഉരുളക്കിഴങ്ങ് ആണ് ഉപയോഗിച്ചതെങ്കിലും മറ്റ് നിറമുള്ള പഴങ്ങളും പച്ചക്കറികളും ഇതേ ഫലം നൽകും എന്ന് ഗവേഷകർ പറഞ്ഞു. സാധാരണ വെളുത്ത ഉരുളക്കിഴങ്ങിലും സഹായകമായ ഉരുളക്കിഴങ്ങ് ഉണ്ടെങ്കിലും പർപ്പിൾ നിറ ഉരുളക്കിഴങ്ങിൽ ആന്റി ഓക്സിഡന്റുകളും ആന്റി ഇൻഫ്ലമേറ്ററി സംയുക്തങ്ങളും വളരെ കൂടിയ അളവിൽ ഉണ്ട്. 

അർബുദ ചികിത്സയ്ക്ക് പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കുമ്പോൾ കാർഷിക രംഗത്തിനും ചെറുകിട കർഷകർക്കും അത് ഗുണം ചെയ്യും എന്ന് ശ്രീധർ രാധാകൃഷ്ണൻ, ലാവണ്യ റെഡ്ഡി രവി എന്നീ പെൻസ്റ്റേറ്റ് ഗവേഷകർ അഭിപ്രായപ്പെട്ടു.

ഒരു ഗുളിക പ്രമോട്ട് ചെയ്യുന്നതിനു പകരം ഗുരുതര രോഗങ്ങളെ ചെറുക്കാൻ കഴിവുള്ള സംയുക്തങ്ങൾ അടങ്ങിയ പഴങ്ങളും പച്ചക്കറികളും പ്രമോട്ട് ചെയ്യാം എന്നും അവർ പറഞ്ഞു.

പഠനത്തിനായി മൃഗങ്ങൾക്ക് മൂന്നു തരം ഭക്ഷണമാണ് നൽകിയത്. 5 ശതമാനം കൊഴുപ്പ് അടങ്ങിയ സാധാരണ ഭക്ഷണം. 17 ശതമാനം കൊഴുപ്പും 3 മുതൽ 4 ശതമാനം വരെ എൻഡോജീനസ് ഫാറ്റും അടങ്ങിയ ഉയർന്ന കലോറി ഭക്ഷണം, ഉയർന്ന കൊഴുപ്പ് അടങ്ങിയ ഭക്ഷണത്തോടൊപ്പം പർപ്പിൾ നിറ ഉരുളക്കിഴങ്ങ് അടങ്ങിയ ഭക്ഷണം എന്നിങ്ങനെയാണ് നൽകിയത്.

കൺട്രോൾ ഗ്രൂപ്പിനെ അപേക്ഷിച്ച് പർപ്പിൾ നിറ ഉരുളക്കിഴങ്ങ് കഴിച്ച പന്നികളിൽ IL 6 ന്റെ അളവ് ആറിരട്ടി കുറഞ്ഞതായി കണ്ടു. വേവിച്ചതും വേവിക്കാത്തതുമായ ഉരുളക്കിഴങ്ങ് ഉപയോഗിച്ചപ്പോൾ ഒരേ ഫലമാണ് കണ്ടത്.

പന്നികളിൽ പഠനം നടത്താൻ കാരണം, അവയ്ക്ക് മനുഷ്യന്റെ ദഹനവ്യവസ്ഥയുമായി എലികളേക്കാൾ അധികം സാമ്യമുള്ളതുകൊണ്ടാണ് എന്നും ഗവേഷകർ പറഞ്ഞു.