Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രഭാതഭക്ഷണം ഒഴിവാക്കിയാൽ ആപത്താണേ...

breakfast

ദിവസവും ഓരോരോ കാരണം പറഞ്ഞ് പ്രഭാതഭക്ഷണം ഒഴിവാക്കുന്ന ആളാണോ നിങ്ങൾ? എങ്കിൽ സൂക്ഷിക്കുക. പ്രഭാതഭക്ഷണം ഒഴിവാക്കുന്നവർക്ക് അതിറോസ്ക്ലീറോസിസ് വരാൻ സാധ്യതയുണ്ടെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. പ്ലേക്ക് രൂപപ്പെടുന്നതു മൂലം ഹൃദയധമനികൾക്ക് കട്ടി കൂടുന്ന അവസ്ഥയാണിത്. മറിച്ച് ആരോഗ്യകരമായ പ്രഭാതഭക്ഷണം ശീലമാക്കുന്നത് ഹൃദയാരോഗ്യമേകും. മാത്രമല്ല ആരോഗ്യകരമായ ശരീരഭാരവും കൊളസ്ട്രോൾ നിലയും ഉണ്ടാകും.

പതിവായി പ്രഭാതഭക്ഷണം കഴിക്കാത്തവർക്കും രാവിലെ ഊർജ്ജം വളരെ കുറഞ്ഞ ഭക്ഷണം കഴിക്കുന്നവർക്കും ദിവസവും പ്രഭാതഭക്ഷണം കഴിക്കുന്നവരെ അപേക്ഷിച്ച് അതിറോസ്ക്ലീറോസിസ് ഉണ്ടാകുമെന്നു പഠനത്തിൽ തെളിഞ്ഞു.

പ്രധാനപ്പെട്ട മറ്റൊരു കാര്യം പ്രഭാതഭക്ഷണം ഒഴിവാക്കുന്നവർക്ക് അരവണ്ണം, ബോഡിമാസ് ഇൻഡക്സ്, രക്തസമ്മർദം, രക്തത്തിലെ ലിപ്പിഡ് നില, ഫാസ്റ്റിങ്ങ് ഗ്ലൂക്കോസ് നില എന്നിവ വളരെ കൂടുതലാണെന്നു കണ്ടു.

പഠനത്തിൽ പങ്കെടുത്തവരിൽ പ്രഭാതഭക്ഷണം ഒഴിവാക്കുന്നവർ അനാരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നവരും മദ്യം, പുകവലി ഇവ ശീലമാക്കിയവരുമായിരുന്നു. കൂടാതെ ഇവർക്ക് രക്താതിമർദം, അമിതവണ്ണം, പൊണ്ണത്തടി എന്നിവയുമുണ്ടായിരുന്നു.

പ്രഭാതഭക്ഷണം പതിവായി ഒഴിവാക്കുന്നവർ അനാരോഗ്യകരമായ ജീവിതശൈലിയാണ് പിന്തുടരുന്നതെന്നും ഹൃദ്രോഗസാധ്യത കുറയ്ക്കാൻ ഈ ദുശ്ശീലം മാറ്റാൻ ആളുകൾ ശ്രദ്ധിക്കണമെന്നും പഠനത്തിനു നേതൃത്വം നൽകിയ മൗണ്ട്സിനായി ഹാർട്ട് ഇൻസ്റ്റിറ്റ്യട്ടിന്റെ ഡയറക്ടറായ വാലെന്റിൻ ഫസ്റ്റർ പറയുന്നു.

ഹൃദയസംബന്ധയായ രോഗങ്ങളോ വൃക്കരോഗങ്ങളോ ഇല്ലാത്ത 4052 സ്ത്രീ പുരുഷന്മാരിൽ മാഡ്രിഡിലെ ഗവേഷകസംഘം നടത്തിയ ഈ പഠനം അമേരിക്കൻ കോളജ് ഓഫ് കാർഡിയോളജി ജേണലിൽ പ്രസിദ്ധീകരിച്ചു.

പഠനത്തിൽ പങ്കെടുത്തവരിൽ 2.9 ശതമാനം പേർ പ്രഭാതഭക്ഷണം ഒഴിവാക്കുന്നവരും 69.4 ശതമാനം പേർ ഊർജ്ജം വളരെ കുറഞ്ഞ പ്രഭാതഭക്ഷണം കഴിക്കുന്നവരും. 27.7 ശതമാനം പേർ പ്രഭാതഭക്ഷണം കഴിക്കുന്നവരും ആയിരുന്നു.

കുട്ടികൾ‍ ബ്രേക്ഫാസ്റ്റ് ഒഴിവാക്കുന്നത് പൊണ്ണത്തടിക്ക് കാരണമാകുന്നു. ശരീരഭാരം കുറയ്ക്കാൻ എന്ന പേരിൽ പ്രഭാതഭക്ഷണം ഒഴിവാക്കുന്നവർ പിന്നീടുള്ള സമയത്ത് അനാരോഗ്യ ഭക്ഷണങ്ങൾ കഴിക്കുന്നു.

പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് ഹോർമോൺ വ്യതിയാനത്തിനും സിർക്കാഡിയൻ റിഥത്തിൽ മാറ്റം വരാനും കാരണമാകും. അതുകൊണ്ടുതന്നെ ഒരു ദിവസത്തെ ഏറ്റവും പ്രധാന ഭക്ഷണമായ ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കരുതെന്നും ഗവേഷകർ പറയുന്നു.