Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സന്ധിവാതമോ? കഴിക്കാം ഈ ഭക്ഷണങ്ങൾ

arthritis

പൂർണമായും ചികിത്സിച്ചു മാറ്റാൻ സാധിക്കില്ലെങ്കിലും ചില ഭക്ഷണങ്ങൾക്ക് ആമവാതം അഥവാ റുമാറ്റോയ്ഡ് ആർത്രൈറ്റിസിനെ പ്രതിരോധിക്കാനാകുമെന്ന് ഇന്ത്യൻ ഗവേഷകർ കണ്ടെത്തി.

ഇന്ത്യയിലെ കെഐഐടി സർവകലാശാല ഗവേഷകനായ ഭാവന ഗുപ്തയുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. രോഗം വർധിക്കുന്നതിനെ സാവധാനത്തിലാക്കാൻ ചില ഭക്ഷണങ്ങൾക്കാകും എന്ന് ഇവർ അവകാശപ്പെടുന്നു.

ഇഞ്ചി, ഒലിവ് ഓയിൽ ബ്ലൂബെറി, ഗ്രീൻ ടീ ഇവ ആമവാതത്തിന്റെ ലക്ഷണങ്ങളെ പ്രതിരോധിക്കാൻ കഴിവുള്ള ചില ഭക്ഷ്യവസ്തുക്കളാണ്. വേദന, സന്ധികളിൽ വീക്കം തുടങ്ങിയ ലക്ഷണങ്ങൾ ഉള്ള ആമവാതം പൂർണമായും ചികിത്സിച്ചു മാറ്റാനാവില്ല. എന്നാൽ ഭക്ഷ്യനാരുകൾ, പഴങ്ങൾ, പച്ചക്കറികൾ, സുഗന്ധവ്യഞ്ജനങ്ങൾ മുതലായവയുടെ പതിവായ ഉപയോഗം രോഗാവസ്ഥയെ കുറയ്ക്കും. ഓക്സീകരണ സമ്മർദം കുറയ്ക്കാനും ഈ ഭക്ഷ്യവസ്തുക്കൾക്കാകും. യാതൊരു പാർശ്വഫലങ്ങളില്ലാത്തതും എളുപ്പവുമാണ് ഭക്ഷണത്തിലൂടെയുള്ള രോഗനിയന്ത്രണം.

കാലാവസ്ഥയും ഭൂമിശാസ്ത്രവും അനുസരിച്ച് ഓരോ രോഗിയുടെയും ആവശ്യങ്ങൾ വ്യത്യാസപ്പെടാം. അവരവർക്ക് ആവശ്യമുള്ള പോഷകങ്ങളെക്കുറിച്ചും അലർജി, ഭക്ഷണവുമായി ബന്ധപ്പെട്ട രോഗചരിത്രം ഇവയെക്കുറിച്ചുമുള്ള അറിവ് രോഗിക്കുണ്ടായിരിക്കണം.

വാത ചികിത്സയ്ക്ക് പുതിയ മരുന്നുകൾ വികസിപ്പിക്കാൻ ഈ പഠനം സഹായകമാകും എന്നാണ് ഗവേഷകർ കരുതുന്നത്. ഫ്രണ്ടിയേഴ്സ് ഇൻ ന്യൂട്രീഷൻ ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനം ആമവാതം തടയാനുള്ള ഭക്ഷണം ഏതൊക്കെ എന്ന് വിശദമാക്കുന്നു.

സന്ധിവാതം കുറയ്ക്കും ഭക്ഷണങ്ങൾ

പഴങ്ങൾ

ഉണങ്ങിയ പ്ലം, ഗ്രേപ്പ്ഫ്രൂട്ട്, മുന്തിരി, ഞാവൽപ്പഴം, പീച്ച് ആപ്പിൾ

മുഴുധാന്യങ്ങൾ / ധാന്യങ്ങള്‍

ഗോതമ്പ്, അരി, ഓട്സ്, ചോളം, റൈ, ബാർലി, ചെറു ധാന്യങ്ങൾ (millets), സോർഗം, കാനറി സീഡ്

പാലുല്പ്പന്നങ്ങൾ

തൈര്

സുഗന്ധവ്യഞ്ജനങ്ങൾ

ഇഞ്ചി, മഞ്ഞൾ

ചായ

ഗ്രീൻ ടീ, തുളസിച്ചായ

പരിപ്പു വർഗങ്ങൾ

ഉഴുന്ന്, ബ്ലാക്ക് സോയാബീൻ

ഔഷധ സസ്യങ്ങൾ

കുന്തിരിക്കം, അമുക്കുരം

ഈ ഭക്ഷണങ്ങൾ സന്ധിവാതം കുറയ്ക്കുന്നു. കൂടാതെ രോഗപ്രതിരോധ സംവിധാനത്തിലെ സൈറ്റോകൈനുകൾ എന്ന വീക്കമുണ്ടാക്കുന്ന രാസവസ്തുവിനെ പുറത്തുവിടുന്നതു കുറയ്ക്കുന്നു.

മാംസാഹാരം ഒഴിവാക്കി സസ്യഭക്ഷണം ശീലമാക്കണമെന്നും പുകവലി മദ്യപാനം ഇവ ഉപേക്ഷിക്കണമെന്നും പ്രോബയോട്ടിക്സുകൾ ഉപയോഗിക്കണമെന്നും ഗവേഷകർ നിർദ്ദേശിക്കുന്നു.

Read More : Healthy Food