Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രമേഹത്തെ പടിക്കു പുറത്തു നിർത്തും ഈ ഭക്ഷണങ്ങള്‍

berry-fruits

പ്രമേഹം എന്നു കേള്‍ക്കുമ്പോള്‍ തന്നെ ആളുകള്‍ക്ക് പേടിയാണ്. മുന്‍തലമുറയില്‍ ആര്‍ക്കെങ്കിലും പ്രമേഹം ഉണ്ടെങ്കില്‍ പിന്നെ ആ പേടി ഇരട്ടിയാകും. ശരീരത്തിനാവശ്യമായ ഇൻസുലിൻ ഉത്പാദിപ്പിക്കാതിരിക്കുകയോ അല്ലെങ്കിൽ ഉത്പാദിപ്പിക്കുന്ന ഇൻസുലിൻ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയാതെ വരികയോ ചെയ്യുന്ന അവസ്ഥയാണ് പ്രമേഹം. 

പ്രായം പ്രമേഹത്തിന് ഒരു പ്രശ്നമേയല്ല. കൊച്ചു കുട്ടികള്‍ മുതല്‍ ഏതു പ്രായക്കാരെ വരെയും രോഗം ബാധിക്കാം. നാലു തരത്തിലാണ് പ്രമേഹത്തെ തരംതിരിച്ചിരിക്കുന്നത്. ഇതില്‍ ടൈപ്പ് 1, ടൈപ്പ് 2 വിഭാഗത്തില്‍പ്പെട്ട പ്രമേഹമാണ് സാധാരണയായി കാണപ്പെടുന്നത്. 

പ്രമേഹം തടയുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നതില്‍ നമ്മുടെ ജീവിതചര്യയ്ക്ക് വലിയ സ്ഥാനമുണ്ട്. നമ്മുടെ നാട്ടിലെ പ്രമേഹരോഗികളിൽ 90 ശതമാനവും ടൈപ്പ് 2 പ്രമേഹരോഗികളാണ്. ഇൻസുലിൻ ഉത്പാദനം നിലയ്ക്കുന്നതിനെക്കാൾ അതിന്റെ പ്രവർത്തനത്തിലുണ്ടാകുന്ന തകരാറുമൂലമുള്ള പ്രമേഹമാണ് ഇത്. എന്നാല്‍ ചില തരത്തിലെ ഭക്ഷണം നമ്മുടെ ജീവിതചര്യയില്‍ ഉള്‍പ്പെടുത്തുക വഴി പ്രമേഹത്തെ പടിക്ക് പുറത്തു നിര്‍ത്താം. 

ടൈപ്പ് 2 പ്രമേഹത്തെ ചെറുക്കാന്‍ ഏറ്റവും മികച്ച ഭക്ഷണങ്ങളാണ് ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയയവ. പഴവര്‍ഗ്ഗങ്ങള്‍, ബ്ലൂബെറി, സ്ട്രോബെറി, വാള്‍നട്ട്, ഡാര്‍ക്ക്‌ ചോക്ലേറ്റ്, ചായ, കോഫി എന്നിവ പ്രമേഹത്തെ നേരിടാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. 

കൂടാതെ മിതമായ അളവിലെ മദ്യപാനവും പ്രമേഹത്തെ തടുക്കാന്‍ സഹായിക്കും.

 പുകവലി, അമിത ടെന്‍ഷന്‍, കൊളസ്ട്രോള്‍, കുടുംബപരമായ പ്രമേഹം, അമിതവണ്ണം, കൂടിയ ബോഡി മാസ് ഇൻഡെക്സ് എന്നിങ്ങനെ നിരവധി കാരണങ്ങള്‍ പ്രമേഹത്തിന് പിന്നിലുണ്ട്. 

64,223 പ്രമേഹരോഗമില്ലാത്ത സ്ത്രീകളില്‍ പതിനഞ്ചു വർഷകാലത്തോളമൊരു പഠനം ഫ്രാന്‍സില്‍ നടത്തിയിരുന്നു . വിവിധതരം ഭക്ഷണശീലമുള്ളവരായിരുന്നു ഇവരില്‍ എല്ലാവരും. ഇവര്‍ ഓരോരുത്തരുടെയും ഭക്ഷണത്തിലെ ആന്റി ഓക്സിഡന്റുകളുടെ അളവ് പ്രത്യേകം രേഖപ്പെടുത്തിയിരുന്നു. ഇതുപ്രകാരം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയ ഭക്ഷണശീലം പിന്തുടരുന്ന സ്ത്രീകളില്‍ പ്രമേഹസാധ്യത വളരെ കുറവുള്ളതായി കണ്ടെത്തിയിരുന്നു. ഏറ്റവും കൂടുതല്‍ ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയ ഭക്ഷണം കഴിച്ച സ്ത്രീകളില്‍ പ്രമേഹസാധ്യത 27 ശതമാനം വരെ കുറഞ്ഞതായി ഈ പഠനം വ്യക്തമാക്കുന്നു. എല്ലാത്തിനും മുകളില്‍ വ്യായാമവും മാനസികോല്ലാസവും നിലനിര്‍ത്തുക എന്നതും അത്യാവശ്യമാണ്. 

Read More : Healthy Food