Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചായ കുടിക്കാം ആരോഗ്യം കൂടെ വരും

tea

ചായ കറുപ്പോ ചുവപ്പോ പച്ചയോ ആകട്ടെ നിരവധി ആരോഗ്യ ഗുണങ്ങൾ ഇതിലുണ്ട്. ആരോഗ്യകരമായ പാനീയം എന്നാണ് ചായയെ വിളിക്കുന്നതും. ചായയിൽ നിരോക്സീകാരികളും ആന്റി ഇൻഫ്ലമേറ്ററിയും നാഡികളെ സംരക്ഷിക്കുന്നതുമായ രാസവസ്തുക്കളും അടങ്ങിയിട്ടുണ്ട്. ഇത് ഹൃദ്രോഗം, അർബുദം, പ്രമേഹം മുതലായ രോഗങ്ങൾ വരാനുള്ള സാധ്യതയെ കുറയ്ക്കുന്നു.

ദിവസവും ഒരു കപ്പ് ചായയെങ്കിലും കുടിക്കുന്നത് നേത്രരോഗമായ ഗ്ലൂക്കോമ വരാതെ തടയും എന്നാണ് പുതിയൊരു നേത്രപഠനം പറയുന്നത്.

ഡിസംബര്‍ 15 അന്താരാഷ്യട്ര ചായ ദിനം ആയിരുന്നു. സാധാരണയായി എല്ലാവരും ഉപയോഗിക്കുന്ന മൂന്നിനം ചായകളുടെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെ എന്നു നോക്കാം.

∙ ഗ്രീൻ ടീ

ആന്റിഓക്സിഡന്റുകളാൽ സമ്പന്നം. ആരോഗ്യ ഗുണങ്ങള്‍ ധാരാളം. ശരീരഭാരം ‌കുറയ്ക്കാൻ സഹായിക്കുന്നു. ഗ്രീൻ ടീയിലടങ്ങിയ ആന്റീഓക്സിഡന്റായ എപ്പിഗാലോ കറ്റേച്ചിൻ ഗാലേറ്റ് (EGCG) ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്തുന്നു. പൊണ്ണത്തടിയെ പ്രതിരോധിക്കുന്നു. ഹൃദ്രോഗം, അർബുദം, പ്രമേഹം, കൊളസ്ട്രോൾ ഇവയ്ക്കെല്ലാം കാരണമായ അടിവയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഏറ്റവും ഫലപ്രദം ഗ്രീൻടിയുടെ ഉപയോഗമാണെന്നു തെളിഞ്ഞിട്ടുണ്ട്. പതിവായി ഗ്രീൻ ടീ കുടിക്കുന്നത് നിരവധി രോഗങ്ങളിൽ നിന്ന് സംരക്ഷണമേകും.

∙ കട്ടൻ ചായ

കട്ടൻ ചായയ്ക്കും നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ഡി എൻ എ യുടെ തകരാറിൽ നിന്നും കോശങ്ങളെ സംരക്ഷിക്കാൻ സഹായിക്കുന്ന ആന്റിഓക്സിഡന്റുകളായ പോളിഫിനോളുകൾ കട്ടൻ ചായയിൽ ധാരാളമുണ്ട്. കൂടാതെ ടൈപ്പ് 2 പ്രമേഹം തടയാനും കട്ടൻചായ കുടിക്കുന്നതിലൂടെ സാധിക്കും.

കട്ടൻചായ കുടിക്കുന്നതു മൂലമുള്ള ചില ഗുണങ്ങൾ ഇവയാണ്. ഹൃദയസംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യതയെ കുറയ്ക്കുന്നു. പ്ലേക്ക് ഉണ്ടാക്കുന്നതു തടയുന്നു. ദഹനം മെച്ചപ്പെടുത്തുന്നു. അർബുദം തടയുന്നു. ശരീരഭാരം കുറയ്ക്കുന്നു.

∙ വൈറ്റ് ടീ

വൈറ്റ് ടീയാണ് ഏറ്റവും ആരോഗ്യകരം. ഓക്സീകരണത്തിനു വിധേയമാകാത്ത അധികം പ്രോസസ് ചെയ്ത ചായാണിത്. അതുകൊണ്ടുതന്നെ ആന്റിഓക്സിഡന്റുകൾ ഒട്ടും നഷ്ടപ്പെടുന്നില്ല.

അർബുദം, ഹൃദ്രോഗം ഇവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതോടൊപ്പം വായുടെ ആരോഗ്യം മെച്ചപ്പെടുത്താനും വൈറ്റ് ടീ യുടെ ഉപയോഗം സഹായിക്കും.

ഇനി മടിക്കേണ്ട ഒരു ചായ കുടിച്ച് ദിവസം തുടങ്ങിക്കളയാം.

Read More : Healthy Food