ഓർമശക്തി കൂട്ടണോ? മഞ്ഞൾ കഴിച്ചോളൂ

turmeric
SHARE

മഞ്ഞൾ ദിവസവും ഉപയോഗിക്കാത്ത ഒരു മലയാളിയും ഉണ്ടാവില്ല. ഭക്ഷണത്തിൽ ചേർക്കാൻ മാത്രമല്ല രോഗശമനത്തിനും സൗന്ദര്യവർധനവിനും മഞ്ഞൾ സഹായിക്കുമെന്ന് ആരും പറഞ്ഞു തരേണ്ട കാര്യവുമില്ല.

പാശ്ചാത്യ ലോകത്ത് മഞ്ഞളിന്റെ ആരോഗ്യ ഗുണങ്ങൾ അറിയാൻ നിരവധി ഗവേഷണങ്ങളാണ് നടക്കുന്നത്. ചർമ സൗന്ദര്യം കൂട്ടാൻ മുതൽ അർബുദം തടയാൻ വരെ മഞ്ഞളിനു കഴിവുണ്ട്.

ഓർമശക്തി മെച്ചപ്പെടുത്താൻ മഞ്ഞൾ സഹായിക്കുമെന്ന് ലൊസാഞ്ചലസിലെ കലിഫോർണിയ സർവകലാശാല ഗവേഷകർ നടത്തിയ ഒരു പഠനത്തിൽ കണ്ടു. ഇന്ത്യയിലെ മുതിർന്ന പൗരന്മാർക്കിടയിൽ അൽഷിമേഴ്സ് ബാധിതരുടെ എണ്ണം കുറയാൻ കാരണം മഞ്ഞളിന്റെ ഉപയോഗമാണെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്.

അൾഷിമേഴ്സ് ബാധിച്ചവരിൽ തലച്ചോറിലെ മടക്കുകളിൽ ഉണ്ടാകുന്ന വളരെ സൂക്ഷ്മമായ പ്ലേക്കുകളിൽ മാറ്റം വരുത്താൻ മഞ്ഞളിലടങ്ങിയ കുർകുമിനു കഴിയും. ആന്റി ഇൻഫ്ലമേറ്ററി ആന്റിഓക്സിഡന്റ് ഗുണങ്ങൾ കുർകുമിന് ഉണ്ട്.

ചെറിയ ഓർമക്കുറവുള്ള 50 നും 90 വയസ്സിനും ഇടയിൽ പ്രായമുള്ള 40 പേരിലാണ് പഠനം നടത്തിയത്. ഇവരിൽ ചിലർക്ക് ഒന്നര വർഷക്കാലം ഡമ്മി ഗുളികകളും മറ്റുള്ളവർക്ക് ദിവസം 90 ഗ്രാം കുർകുമിനും നൽകി. കുർകുമിൻ കഴിച്ചവർക്ക് ഓർമശക്തിയും ശ്രദ്ധയും മെച്ചപ്പെട്ടതായി കണ്ടു. ഡമ്മി ഗുളികകൾ കഴിച്ചവർക്ക് ഒരു മാറ്റവും കണ്ടില്ല.

കുർകുമിൻ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് അറിയില്ലെങ്കിലും അൽഷിമേഴ്സ്, വിഷാദം മുതലായവയ്ക്കു കാരണമാകുന്ന തലച്ചോറിലെ വീക്കം കുറയ്ക്കാൻ കുർകുമിനുള്ള കഴിവാകാം കാരണമെന്ന് അമേരിക്കൻ ജേണൽ ഓഫ് ജീറിയാട്രിക് സൈക്യാട്രിയിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

Read More : Healthy Food

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
FROM ONMANORAMA