കാഞ്ചീപുരം പട്ടിനും ഈ ഇഡ്‌ഡലിക്കും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ?

kanchi-idli
SHARE

ഒരുകാലത്ത് തെക്കൻ കേരളത്തിൽ ഏറെ പ്രചാരമുണ്ടായിരുന്ന പലഹാരമാണ് കാഞ്ചി ഇഡ്‌ഡലി. പേരു സൂചിപ്പിക്കുന്നതുപോലെതന്നെ തമിഴ്നാട്ടിലെ കാഞ്ചീപുരത്തുനിന്നു വന്ന ഇഡ്‌ഡലിയാണ് ഇത്. കാഞ്ചീപുരം പട്ടിനും ഈ ഇഡ്‌ഡലിക്കും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്നറിഞ്ഞുകൂടാ. എന്നാൽ കാഴ്ചയ്ക്ക് കാഞ്ചീപുരം പട്ടുപോലെ മനോഹരവും അതേസമയം രുചിയുള്ളതുമാണ് ഈ ഇഡ്‌ഡലി. കാഞ്ചീപുരത്ത് ഇന്ന് ഏറെ പ്രചാരമുള്ള ഈ ഇഡ്ഢലി കേരളത്തിൽനിന്ന് അപ്രത്യക്ഷമായത് എങ്ങനെ എന്നതും കൗതുകമാണ്. പ്രത്യക്ഷത്തിൽ ഇഡ്‌ഡലിയുമായി രൂപസാദൃശ്യം ഉള്ളതല്ല കാഞ്ചി ഇഡ്‌ഡലി.

പക്ഷേ, ഇഡ്‌ഡലിക്കു വേണ്ട ചേരുവകൾതന്നെയാണ് ഏറെക്കുറെ ഉപയോഗിക്കുന്നത്.കാഞ്ചീപുരത്ത് ഇന്നും ക്ഷേത്ര പ്രസാദംപോലെ കരുതുന്ന ഒരു പലഹാരമാണ് കാഞ്ചി ഇഡ്‌ഡലി. കാരണം അടുത്തകാലംവരെ കാഞ്ചീപുരത്തെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും ഇതു പ്രസാദമായി നൽകിയിരുന്നു. ഇന്നും ഈ ഇഡ്‌ഡലി പ്രസാദമായി നൽകുന്ന ക്ഷേത്രങ്ങൾ കാഞ്ചീപുരത്തുണ്ട്.

ക്ഷേത്രങ്ങളിൽനിന്ന് രാജകൊട്ടാരങ്ങളിലേക്കും അവിടെനിന്നു വീടുകളിലേക്കും വന്ന വിഭവമാണ് കാഞ്ചി ഇഡ്‌ഡലി. രാജകുടുംബാംഗങ്ങൾക്ക് ക്ഷേത്രങ്ങളിൽനിന്നു വേണ്ടത്ര പ്രസാദം കിട്ടാതായതുകൊണ്ടായിരിക്കണം ഒരുപക്ഷെ ഈ ഇഡ്‌ഡലി ആദ്യം കൊട്ടാരങ്ങളിൽ പാചകം ചെയ്തു തുടങ്ങിയത്. അല്ലെങ്കിൽ ഈ ഇഡ്‌ഡലിയുടെ രുചി അത്രയ്ക്കും വ്യത്യസ്തമായതുകൊണ്ടായിരിക്കാം.

നാട്ടിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും അരവണ ഉണ്ടാക്കാറുണ്ടെങ്കിലും ശബരിമല അരവണയുടെ രുചി ഇപ്പോഴും വേറിട്ടു നിൽക്കുന്നത് ഓർക്കുക. എന്തായാലും ക്ഷേത്രങ്ങളിൽനിന്ന് കൊട്ടാരങ്ങളിലേക്കും പിന്നെ വീടുകളിലേക്കും പിന്നീട് അയൽ നാടുകളിലേക്കും പടർന്ന അപൂർവം രുചികളിൽ ഒന്നാണ് കാഞ്ചി ഇഡ്‌ഡലിയുടേത്. കാഞ്ചീപുരത്ത് വിശേഷ ദിവസങ്ങളിലാണ് ഈ ഇഡ്‌ഡലി വിളമ്പുന്നത്. പ്രത്യേകിച്ചും വിവാഹ സദ്യയ്ക്കു മുൻപ്. ക്ഷേത്ര പ്രസാദം എന്ന നിലയിൽനിന്ന് വീട്ടു പലഹാരമായി കാഞ്ചി ഇഡ്‌ഡലി മാറിയിട്ട് ഏതാനും പതിറ്റാണ്ടുകളേ ആയിട്ടുള്ളുവെന്നും കാഞ്ചീപുരത്തുകാരുടെ പേച്ച്. കാഞ്ചീപുരത്തുനിന്ന് രാജകുടുംബങ്ങൾ വഴി ആയിരിക്കണം കാഞ്ചി ഇഡ്‌ഡലി തിരുവിതാംകൂറിലേക്കു വന്നത്.

കാഞ്ചീപുരത്തുതന്നെ ഇതൊരു കൊട്ടാര വിഭവമായാണ് അടുത്ത കാലംവരെയും കണക്കാക്കിയിരുന്നത്. ഇപ്പോഴും രാജഭക്ഷണങ്ങളുടെ ഗണത്തിലാണ് ഈ ഇഡ്ഡലിയെ കണക്കാക്കുന്നത്. അതെന്തായാലും മറ്റു പലഹാരങ്ങളെപ്പോലെ ഈ ഇഡ്‌ഡലിക്ക് കേരളത്തിൽ ഇത്ര പ്രചാരം കിട്ടിയില്ല. അതുകൊണ്ടാകും നമ്മുടെ രുചിയിടങ്ങളിൽനിന്ന് ഈ ഇഡ്‌ഡലികാണാതായത്. എങ്കിലും കാഞ്ചി ഇഡ്‌ഡലി മറ്റു പല രൂപത്തിലും ഇന്നു കേരളത്തിലുണ്ട്. തിരുവിതാംകൂറിൽ ഇപ്പോഴും പ്രചാരത്തിലുള്ള ‘പിടിച്ചുകെട്ട്’ കാഞ്ചി ഇഡ്‌ഡലിയുടെ മറ്റൊരു വകഭേദമാണ്.

കാഞ്ചി ഇഡ്‌ഡലി ഉണ്ടാക്കുന്ന വിധം
ക്ഷേത്ര ഗോപുരങ്ങളുടെ ആകൃതിയിലാണ് ഈ ഇഡ്‌ഡലിയുടെ നിർമാണം. അതിനുവേണ്ടി മുളയുടെ തണ്ടുകൾകൊണ്ട് ഗോപുരത്തിന്റെ മാതൃകയിൽ കൂടകൾ ഉണ്ടാക്കും. ഈ കൂടകൾക്കുള്ളിൽ വാഴയില വച്ചതിനു ശേഷം അതിനുള്ളിലാണ് മാവ് ഒഴിക്കുന്നത്. ഇപ്പോൾ പക്ഷേ സ്റ്റീൽ പാത്രങ്ങളിൽ മാവ് ഒഴിച്ച് ഇഡ്ഢലി പാത്രത്തിനുള്ളിൽവച്ച് ആവി കയറ്റി വേവിച്ചു പിന്നീട് ഹൽവ മുറിക്കുന്നതുപോലെ മുറിച്ചാണു കഴിക്കാനെടുക്കുന്നത്.

ചേരുവകൾ
1. പുഴുക്കലരി – ഒരു കപ്പ്
2. പച്ചരി – ഒരു കപ്പ്
3. ഉഴുന്ന് – ഒരു കപ്പ് (പച്ചരിയും പുഴുക്കലരിയും ഉഴുന്നും ഒരേ അളവിലുള്ള കപ്പിലായിരിക്കണം)
4. അണ്ടിപ്പരിപ്പ് – മൂന്ന് വലിയ സ്പൂൺ
5. കുരുമുളക് (ചതച്ചത്) – ഒരു നുള്ള്
6. നെയ്യ് – ഒരു വലിയ സ്പൂൺ
7. കായപ്പൊടി – ഒരു വലിയ സ്പൂൺ
8. ജീരകം  (ചതച്ചത്) – ഒരു നുള്ള്
9.കറിവേപ്പില – നാല് അല്ലി

പാചകം ചെയ്യുന്ന വിധം

1. പച്ചരിയും പുഴുക്കലരിയും ഉഴുന്നും കുതിർത്തു വയ്ക്കുക. പിറ്റേന്നു മൂന്നും പ്രത്യേകം പ്രത്യേകം ആട്ടിയെടുക്കുക. സാധാരണ ഇഡ്‌ഡലിക്ക് ആട്ടുന്നതുപോലെ മഷിപ്പരുവത്തിൽ മാവ് ആട്ടരുത്. ചെറിയ തരികളുള്ള റവ പരുവത്തിലാണ് മാവ് ആട്ടിയെടുക്കേണ്ടത്. പ്രത്യേകം പ്രത്യേകം ആട്ടിയെടുത്ത മാവ് ഒന്നിച്ചിട്ടു നന്നായി ഇളക്കി പുളിക്കാൻ വയ്ക്കുക. വൈകുന്നേരം ഇളക്കിവയ്ക്കുന്ന മാവ് പിറ്റേന്നു രാവിലെയാണ് ഇഡ്ഡലിയുണ്ടാക്കാൻ എടുക്കേണ്ടത്. കാഞ്ചി ഇഡ്ഡലിക്ക് മാവ് രണ്ടു മണിക്കൂർ പുളിച്ചാൽ മതി. എങ്കിലും പത്തു മണിക്കൂർ പുളിക്കാൻ വയ്ക്കുന്നത് രുചി കൂടാൻ സഹായിക്കും. സമയക്കുറവുണ്ടെങ്കിൽ ഒരു സ്പൂൺ തൈര് ഒഴിച്ചാൽ മാവ് പെട്ടെന്നു പുളിക്കും.

2. പുളിപ്പിച്ചെടുത്ത മാവിൽ അണ്ടിപ്പരിപ്പ്, കുരുമുളക്, ജീരകം, കായപ്പൊടി, കറിവേപ്പില എന്നിവ ചേർത്ത് ഇളക്കുക.
3. നേരത്തേ കെട്ടിവച്ചിരിക്കുന്ന ഇഡ്ഡലിക്കൂടയിലോ അല്ലെങ്കിൽ വാഴയില വച്ച പാത്രത്തിലോ മാവ് ഒഴിക്കുക. ഇഡ്‌ഡലിക്കൂടയിലാണെങ്കിൽ മാവ് ഒലിച്ചു പോകാതിരിക്കാൻ വാഴയിലകൊണ്ടു മൂടിക്കെട്ടി വയ്ക്കണം.
4. ഈ രീതിയിൽ തയാറാക്കുന്ന കൂടകളോ അല്ലെങ്കിൽ മാവ് ഒഴിച്ച പാത്രങ്ങളോ ഇഡ്‌ഡലിപാത്രത്തിനുള്ളിൽവച്ച് സാധാരണ ഇഡ്‌ഡലി വേവിച്ചെടുക്കുന്നതുപോലെ വേവിക്കാം. സാധാരണ ഇഡ്‌ഡലിയിൽനിന്ന് കാഞ്ചി ഇഡ്‌ഡലിയെ വേർതിരിക്കുന്ന പ്രധാന സംഗതി വെന്തു കിട്ടുന്നതിനുള്ള സമയമാണ്. സാധാരണ ഇഡ്‌ഡലി  വെന്തുകിട്ടാൻ പതിനഞ്ചു മിനിറ്റ് എടുക്കുമ്പോൾ കാഞ്ചി ഇഡ്‌ഡലി വേകുന്നതിന് രണ്ടു മണിക്കുറെടുക്കും.
5. വേകാൻ സമയം കൂടുതൽ എടുക്കുമെങ്കിലും രുചിയുടെ കാര്യത്തിൽ വലിയ വ്യത്യാസമുണ്ട് രണ്ട് ഇഡ്‌ഡലി ക്കും. സാധാരണ ഇഡ്‌ഡലിയേക്കാൾ വളരെ മുമ്പിലാണ് കാഞ്ചി ഇഡ്‌ഡലി യുടെ രുചി. കൂടയിൽനിന്നോ പാത്രത്തിൽനിന്നോ ചൂട് ആറിയ ശേഷം ഇഡ്‌ഡലി പുറത്തെടുക്കാം. ഹൽവ മുറിക്കുന്നതുപോലെ മുറിച്ചാണു കഴിക്കുന്നത്. മുറിച്ചെടുക്കുന്ന ഇഡ്‌ഡലി യുടെ വശങ്ങളിൽ സാരിയുടേതുപോലെ ഭംഗിയുള്ള ഡിസൈൻ ഉണ്ടാകും. ചമ്മന്തി, സാമ്പാർ തുടങ്ങിയ കറികൾ കാഞ്ചി ഇഡ്‌ഡലി യോടൊപ്പം കഴിക്കാമെങ്കിലും നല്ലെണ്ണ ഒഴിച്ച് കലക്കിയ ചമ്മന്തിപ്പൊടി, പുതിനാ ചമ്മന്തി, ഉള്ളി ചമ്മന്തി ഇതിൽ ഏതെങ്കിലും കറികളാണ് കാഞ്ചി ഇഡ്‌ഡലി യോടൊപ്പം  വിളമ്പുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
FROM ONMANORAMA