ആരോഗ്യം നൽകും നാട്ടുപാനീയങ്ങൾ

summer-healthy-drinks
SHARE

തേങ്ങാപ്പാനി

1. തേങ്ങ രണ്ട് എണ്ണം

2. ശർക്കര 250 ഗ്രാം

3.  ഏലയ്ക്ക (പൊടി)  ഒരു സ്പൂൺ

തേങ്ങ തിരുമ്മിയെടുക്കുക. ഇത് പിഴിഞ്ഞ് ഒന്നാം പാലെടുക്കുക. ഈ രീതിയിൽ രണ്ടാം പാലും മൂന്നാം പാലും എടുക്കുക. ഇതിൽ മൂന്നാം പാൽ ആദ്യം തിളപ്പിക്കുക. അതിലേക്ക് ശർക്കര ചേർത്ത് ഇളക്കുക. അതിനുശേഷം രണ്ടാം പാൽ ചേർക്കുക. അതും തിളയ്ക്കുമ്പോൾ ഒന്നാം പാൽ ചേർത്തു വീണ്ടും തിളപ്പിക്കുക. അതിനുശേഷം ഏലയ്ക്കാപ്പൊടി വിതറി തണുപ്പിക്കാം. മുമ്പ് നമ്മുടെ ഗ്രാമങ്ങളിൽ ചായയ്ക്കും കാപ്പിക്കും പകരം ഉപയോഗിച്ചിരുന്നത് തേങ്ങാപ്പാനിയായിരുന്നു. ഇന്നും ചിലയിടങ്ങളിൽ തേങ്ങാപ്പാനി ഉപയോഗിക്കാറുണ്ട്.

മുക്കിടി

1. അയമോദകം  അഞ്ചു വലിയ സ്പൂൺ

2. വെളുത്തുള്ളി  2 അല്ലി 

3. ജീരകം ഒരു നുള്ള് (പൊടിച്ചത്)

4, ചുക്ക്  ഒരു കഷ്ണം

5. കുരുമുളക് ഒരു നുള്ള് (പൊടിച്ചത്)

അയമോദകം ചതച്ച് അഞ്ചുഗ്ലാസ് വെള്ളത്തിലിട്ട് തിളപ്പിക്കുക. വെള്ളം നന്നായി തിളയ്ക്കുമ്പോൾ വെളുത്തുള്ളി അല്ലികളിട്ട് വീണ്ടും തിളപ്പിക്കുക. വെളുത്തുള്ളി വെന്തുകഴിഞ്ഞാൽ ജീരകവും ചുക്കും കുരുമുളകും ചേർക്കാം. മൂന്നു വ്യത്യസ്ത ചേരുവകളുടെ സംഗമമായതു കൊണ്ടാവും ഇതിനെ മുക്കിടിയെന്നു വിളിക്കുന്നത്. ചേരുവകളുടെ പ്രത്യേകത കൊണ്ട് നല്ല ഔഷധഗുണമുണ്ട് മുക്കിടിക്ക്. അർശസ്, പിത്തം, ദഹനക്കുറവ്, വയറുകമ്പിക്കൽ തുടങ്ങി ധാരാളം അസ്വസ്ഥതകൾക്ക് മുക്കിടി മരുന്നായി കണക്കാക്കുന്നു. അസുഖങ്ങൾ ഇല്ലാത്തവർ മുക്കിടി ഉപയോഗിക്കുന്നത് ദഹനപ്രശ്നങ്ങൾക്ക് നല്ലാതാണെന്ന് ആയുർവേദം പറയുന്നു.

ഉലുവാ വെള്ളം

1. ഉലുവ ഒരു നുള്ള്

2. ജീരകം ഒരു നുള്ള്

ഉലുവയും ജീരകവും മൺചട്ടിയിൽ വറുത്തെടുത്ത് പൊടിക്കുക. ഈ പൊടി അഞ്ച് ഗ്ലാസ് വെള്ളമെടുത്ത് അതിൽ കലക്കുക. അതിനുശേഷം വെള്ളം തിളപ്പിക്കുക. ഒരു പ്രത്യേക ഗന്ധം പൊന്തുന്നതു വരെ തിളപ്പിക്കണം. ഉലുവ പ്രമേഹത്തിന് ഉത്തമമാണ്. അതുപോലെ ഉലുവാ വെള്ളം നീർക്കെട്ടിനുള്ള ഔഷധമായി കണക്കാക്കുന്നു. ഉലുവാ വെള്ളം സ്ഥിരമായി ഉപയോഗിക്കുന്നവർക്ക് നീർക്കെട്ടുകൾ കുറയും. സന്ധിവേദനയ്ക്ക് ഉലുവാ വെള്ളം സ്ഥിരമായി ഉപയോഗിക്കുന്നതു നല്ലതാണ്.

അവിലു വെള്ളം

1. അവിൽ - ഒരു കപ്പ്

2. പഞ്ചസാര - ഒരു വലിയ സ്പൂൺ

3. കദളിപ്പഴം– 2 എണ്ണം

4. ചെറിയ ചുവന്ന ഉള്ളി – 2 അല്ലി

അവിൽ പഞ്ചസാര ചേർത്തു കുതിർത്തു വയ്ക്കുക. ഉള്ളിയും കദളിപ്പഴവും പ്രത്യേകം പ്രത്യേകം ഉടച്ച് കുഴമ്പു പരുവത്തിലാക്കുക. (ഇന്ന് മിക്സിയിൽ അടിച്ചെടുക്കുന്നതാണു സൗകര്യം) ഈ കുഴമ്പ് കുതിർത്തു വച്ചിരിക്കുന്ന അവിലിൽ ചേർക്കുക. ചൂടാക്കേണ്ടതില്ല. ആവശ്യാനുസരണം കട്ടിയായും കട്ടി കുറച്ചും ഉപയോഗിക്കാം. വിശപ്പും ദാഹവും മാറ്റുന്ന ഒന്നാണ് അവിലുവെള്ളം. ദഹനപ്രശ്നമുള്ളവർക്ക് അവിലുവെള്ളം സമ്പൂർണ ആഹാരമായി കണക്കാക്കുന്നു.

മാവില വെള്ളം 

1. മാവിൻ തളിരില – 5 എണ്ണം

2. വെള്ളം – അഞ്ച് ഗ്ലാസ്

വെള്ളം തിളപ്പിച്ചു തണുപ്പിക്കുക. ഇതു കൂജ പോലെ തണുപ്പുള്ള ഏതെങ്കിലും പാത്രത്തിൽ ഒഴിച്ചുവയ്ക്കുക. മാവിൻ തളിരിലയും ഇതോടൊപ്പം ഇട്ടുവയ്ക്കുക. ഒരു രാത്രി ഇതുപോലെ ഇട്ടുവച്ചതിനുശേഷം പിറ്റേന്നു രാവിലെ ഉപയോഗിക്കാം. മാവില വെള്ളത്തിന്റെ സ്ഥിരമായ ഉപയോഗം പ്രമേഹം പ്രതിരോധിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ.

തേൻ പാനി

1. ചെറുതേൻ – മൂന്ന് വലിയ സ്പൂൺ

2. പഞ്ചസാര – ഒരു വലിയ സ്പൂൺ

3. ഇഞ്ചി (ഇഞ്ചിനീര്) – ഒരു ചെറിയ സ്പൂൺ

4. ചെറുനാരങ്ങ നീര് – ഒരു ചെറിയ സ്പൂൺ

ചെറുതേൻ പഞ്ചസാര ചേർത്ത് അഞ്ച് ഗ്ലാസ് വെള്ളത്തിൽ കലക്കിയെടുക്കണം. ഇതിലേക്ക് ഇഞ്ചിനീരും ചെറുനാരങ്ങാ നീരും സമം ചേർത്ത് ഉപയോഗിക്കാം. വെള്ളം തിളപ്പിക്കേണ്ടതില്ല. ദഹനത്തിന് ഉത്തമമാണു തേൻപാനി. തേനിന്റെ എല്ലാ ഔഷധഗുണങ്ങളും തേൻപാനിയിൽ നിന്നു കിട്ടും. അമിതവണ്ണമുള്ളവർ തേൻപാനി സ്ഥിരമായി ഉപയോഗിക്കുന്നത് വണ്ണം കുറയാൻ സഹായകമാകും.

കാവ

1.കുരുമുളക്, ചുക്ക്, കറുവാപ്പട്ട, ഗ്രാമ്പൂ, ഏലം. - ഒരു നുള്ളു വീതം (പൊടിച്ചത്)

2. ചെറിയ ചുവന്ന ഉള്ളി –മൂന്ന് അല്ലി

3. മുട്ടയുടെ വെള്ള – ഒന്ന്

4. നെയ്യ് – ഒരു വലിയ സ്പൂൺ

കുരുമുളക് ചുക്ക് കറുവാപ്പട്ട, ഗ്രാമ്പു, ഏലം എന്നിവ പൊടിച്ചെടുത്ത് അഞ്ചു ഗ്ലാസ് വെള്ളത്തിലിട്ടു തിളപ്പിക്കുക. വെള്ളം നന്നായി തിളച്ചതിനുശേഷം തണുപ്പിച്ച് പൊടി അരിച്ചെടുക്കുക. ചുവന്ന ഉള്ളിയും കോഴിമുട്ടയുടെ വെള്ളയും നെയ്യിൽ വറുത്തെടുക്കുക. അരിച്ചുവച്ച വെള്ളത്തിലേക്ക് നെയ്യിൽ വറുത്തെടുത്ത ചേരുവകൾ ചേർത്തെടുത്ത് ഉപയോഗിക്കാം. മലബാറിൽ വ്യാപകമായി ഉപയോഗിച്ചിരുന്ന ഒരു വേനൽക്കാല പാനീയമാണ് കാവ. ആരോഗ്യത്തിന് ഉത്തമമായ ഒരു ഔഷധമായി കാവ കണക്കാക്കുന്നു. ഇതിൽ ചില ചടങ്ങുകൾക്ക് കാവ വിളമ്പുന്ന സമ്പ്രദായം മലബാറിലുണ്ട്.

കൂവവെള്ളം

1. കൂവപ്പൊടി – ഒരു ചെറിയ കപ്പ്

2. ഉപ്പ് അല്ലെങ്കിൽ പഞ്ചസാര – ആവശ്യത്തിന്

കൂവപ്പൊടി വെള്ളത്തിൽ കലക്കി തിളപ്പിക്കുക. ഇതിൽ ഉപ്പോ പഞ്ചസാരയോ ചേർത്ത് ഉപയോഗിക്കാം. വേനൽക്കാല രോഗങ്ങൾക്കുള്ള ഒറ്റമൂലിയായാണു കൂവവെള്ളം കരുതപ്പെടുന്നത്. ചൂടുകാലത്ത് വയറിനും ത്വക്കിനും തൊണ്ടയ്ക്കും ഉണ്ടാകുന്ന അസ്വസ്ഥതകൾക്ക് കൂവവെള്ളം മരുന്നായി തന്നെ കണക്കാക്കുന്നു. മുമ്പ് കൂവപ്പൊടി സമൃദ്ധമായി കിട്ടിയിരുന്ന സമയത്ത് ആൾക്കാർ ചുക്കുവെള്ളത്തിന് പകരമായി ഉപയോഗിച്ചിരുന്നത് കൂവവെള്ളമായിരുന്നു.

പാനകം

1. ശർക്കര – കാൽ കിലോ 

2. ജീരകം, ചുക്ക്, ഏലം, കുരുമുളക് – ഒരു ചെറിയ സ്പൂൺ വീതം (പൊടിച്ചത്)

അഞ്ച് ഗ്ലാസ് വെള്ളത്തിൽ ശർക്കരയിട്ട് തിളപ്പിക്കുക. ശർക്കര നന്നായി അലിയുമ്പോൾ ഈ പാനി അരിച്ചെടുക്കണം. ഇതിലേക്ക് ജീരകം ചുക്ക്, ഏലം, കുരുമുളക് എന്നിവയുടെ പൊടി കലർത്തി ഉപയോഗിക്കാം. ഇന്നു ജലദോഷത്തിനും പനിക്കും മറ്റും ഉപയോഗിക്കുന്ന ചുക്കു കാപ്പിയുടെ യഥാർഥ രൂപമാണ് പണ്ട് നിലവിലുണ്ടായിരുന്ന പാനകം. നന്നായി ശാരീരികാധ്വാനം നടത്തുന്നവർക്ക് സ്ഥിരമായി ഉപയോഗിക്കാവുന്ന പാനീയമാണ് പാനകം.

മല്ലിപ്പൊടി നീര്

1. കൊത്തമല്ലി (ചതച്ചത്) – ഒരു ചെറിയ കപ്പ് അല്ലെങ്കിൽ മല്ലിപ്പൊടി – രണ്ടു സ്പൺ

അഞ്ച് ഗ്ലാസ് വെള്ളത്തിൽ ചതച്ച കൊത്തമല്ലിയോ മല്ലിപ്പൊടിയോ ചേർത്ത് നന്നായി തിളപ്പിക്കുക. വേനൽക്കാലത്ത് ഏറ്റവും ഉത്തമമായ പാനീയമായി കരുതപ്പെടുന്നതാണ് മല്ലിവെള്ളം. മല്ലിയുടെ തണുപ്പിക്കാനുള്ള കഴിവാണ് വേനൽക്കാല പാനീയങ്ങളിൽ മല്ലിവെള്ളത്തെ മറ്റുപാനീയങ്ങളിൽ നിന്നു വ്യത്യസ്തമാക്കുന്നത്. രക്തത്തിൽ ചൂട് കൂടുന്നതു മൂലമുണ്ടാകുന്ന എല്ലാ രോഗങ്ങൾക്കും മല്ലിവെള്ളം ഉത്തമമാകുന്നു.

പാലൂദവെള്ളം 

1. മൈദ – ഒരു ചെറിയ കപ്പ്

2. പഞ്ചസാര – ഒരു ചെറിയ കപ്പ്

3. അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി – ഒരുപിടി

4. ചെറിയ ചുവന്ന ഉള്ളി – 2 അല്ലി

5. നെയ്യ് – ഒരു വലിയ സ്പൂൺ

മൈദയും പഞ്ചസാരയും സമം ചേർത്ത് അഞ്ച് ഗ്ലാസ് വെള്ളത്തിൽ കലക്കി വയ്ക്കണം. അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും ചുവന്നുള്ളിയും നെയ്യിൽ വറുക്കണം. ഇതു മൈദയും പഞ്ചസാരയും കലക്കിവച്ച വെള്ളത്തിൽ ചേർത്തു തിളപ്പിക്കണം. തണുപ്പിച്ച് ഉപയോഗിക്കാം. മലബാറിൽ വ്യാപകമായി നിലനിന്നിരുന്ന പാനീയമാണ് പാലൂദവെള്ളം. ദാഹശമനിയും ഒപ്പം നല്ല ആഹാരവുമായാണ് പാലുദവെള്ളത്തെ കണക്കാക്കുന്നത്. വേനൽക്കാലത്ത് ക്ഷീണം അകറ്റാൻ പാലുദവെള്ളമായിരുന്നു ഉപയോഗിച്ചിരുന്നത്.

തുളസിവെള്ളം

1. തുളസിയില (തളിരോടു കൂടിയത്)

കൂജയിലോ മറ്റേതെങ്കിലും തണുത്ത പാത്രങ്ങളിലോ വെള്ളം ഒഴിച്ചു തുളസിയിലയിട്ടു വയ്ക്കുക. ഒരു രാത്രി മുഴുവൻ ഇങ്ങനെ ഇട്ടു വച്ചശേഷം പിറ്റേന്ന് ഉപയോഗിക്കാം. തുളസിയുടെ ഔഷധഗുണങ്ങൾ തുളസിവെള്ളത്തിനുമുണ്ടാകുമെന്ന് പറയേണ്ടതില്ല. പുരാതനകാലം മുതൽ തുളസിവെള്ളം മലയാളികൾ ഉപയോഗിക്കാറുണ്ടായിരുന്നു.

ഇലവെള്ളം

1. പേരയ്ക്കയുടെ ഇല (ഇളം തളിരുള്ള ഇല) – 5 എണ്ണം

തുളസിപോലെ തന്നെ പല ഇലകളും കുടിവെള്ളത്തിനായി പണ്ട് കേരളത്തിൽ ഉപയോഗിച്ചിരുന്നു. അതിൽ പ്രധാനപ്പെട്ട ഒന്നാണ് പേരയ്ക്കയുടെ ഇലയിട്ട വെള്ളം. വെള്ളത്തിൽ ഇളം തളിരുള്ള പേരയ്ക്കയിലയിട്ട് നന്നായി തിളപ്പിച്ചതിനുശേഷം തണുപ്പിച്ച് ഉപയോഗിക്കാം. വേനൽക്കാലത്ത് പ്രത്യേകിച്ചും നല്ല തണുപ്പും ദഹനവും തരാൻ കഴിവുള്ളവയാണ് പേരയ്ക്ക ഇലയുടെ വെള്ളം.

Read More : Healthy Food

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
FROM ONMANORAMA