ലിക്വിഡ് നൈട്രജൻ ഐസ്ക്രീം അപകടകരമോ?

nitrogen-ice-cream
SHARE

ഐസ്ക്രീം കഴിക്കാൻ ഇഷ്ടമില്ലാത്തവർ ആരാ ഉണ്ടാകുക. ഐസ്ക്രീമിനു ചുറ്റും ആവി പറക്കുന്നതു കൂടി കാണുമ്പോൾ പിന്നെ പറയുകയും വേണ്ട. എന്നാൽ ഇത്തരത്തിലുള്ള ഐസ്ക്രീം കഴിച്ചുണ്ടായ അപകടവാർത്തകളും കേൾക്കുന്നുണ്ട്. സത്യത്തിൽ ഈ ദ്രവനൈട്രജൻ ഐസ്ക്രീം അപകടകരമാണോ? സുജിത് കുമാർ എഴുതിയ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം

ദ്രവ നൈട്രജൻ ഉപയോഗിച്ചുകൊണ്ടുള്ള ആവി പറക്കുന്ന ഐസ്ക്രീമിനു നമ്മുടെ നാട്ടിലും പ്രിയമേറുന്നു എന്നതിനെക്കുറിച്ചും അത് കഴിക്കുന്നതിലുള്ള അപകടത്തെക്കുറിച്ചുമുള്ള വാർത്തകൾ കണ്ടു. ഒരു അപകടത്തിന്റെ വാർത്തയിലൂടെയാണ്‌ ഇന്ത്യയിൽ ലിക്വിഡ് നൈട്രജനെക്കുറിച്ച് കൂടുതൽ പേരും അറിഞ്ഞിട്ടുണ്ടാവുക. കഴിഞ്ഞ വർഷം ജൂലായിൽ ഡൽഹിയിലെ ഗുഡ്ഗാവിൽ ഒരു കക്ഷി ലിക്വിഡ് നൈട്രജൻ ചേർത്ത് തണുപ്പിച്ച പുകയുന്ന കോക്ടെയിൽ ഡ്രിങ്ക് കഴിച്ചതേ ഓർമ്മയുള്ളൂ. ആമാശയത്തിൽ വലിയൊരു ദ്വാരം ആയിരുന്നു ഫലം. ഇന്ത്യയിൽ ലിക്വിഡ് നൈട്രജൻ കാരണമാകുന്ന ആദ്യ അപകടം. ഇതിനെത്തുടർന്ന് ബാറൂകളിലും പാർട്ടികളിലും മറ്റും ലിക്വിഡ് നൈട്രജൻ ഉപയോഗിക്കുന്നതിൽ വിലക്കുണ്ടായിരുന്നു. ഇപ്പോൾ എന്താണ് അവസ്ഥ എന്നറിയില്ല. ലിക്വിഡ് നൈട്രജൻ ഉപയൊഗിച്ചുകൊണ്ടുള്ള ഭക്ഷണ സാധനങ്ങളും പാനീയങ്ങളും കഴിക്കുന്നതുകൊണ്ട് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള അപകടങ്ങൾ വിരളമാണെങ്കിലും ഇതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്‌. ഭക്ഷണ കാര്യത്തിൽ ആക്രാന്തം കാണിക്കുന്നവർ പ്രത്യേകിച്ചും.

നൈട്രജൻ ഒരു നിഷ്ക്രിയ വാതകമാണ്‌. ശരീരത്തിനു ദോഷകരമായതും അല്ല. പൂജ്യത്തിനും താഴെ −195.79 °C ൽ ഉന്നത മർദ്ദത്തിൽ ദ്രാവകാവസ്ഥയിലെത്തുന്ന നൈട്രജൻ വാതകത്തെ ആണ്‌ ലിക്വിഡ് നൈട്രജൻ എന്നു വിളിക്കുന്നത്. ഉയർന്ന ചൂട് വളരെ വേഗം വലിച്ചെടുത്ത് തണുപ്പിക്കേണ്ടി വരുന്ന ഭാഗങ്ങളുള്ള ഉപകരണങ്ങളിലും (സൂപ്പർ കമ്പ്യൂട്ടറുകൾ, എം അർ ഐ സ്കാനർ, മെഗലേവ് ട്രയിനുകൾ തുടങ്ങിയവ ഉദാഹരണങ്ങൾ... ) വ്യാവസായിക ആവശ്യങ്ങൾക്കും ലബോറട്ടറികളീലുമൊക്കെ ലിക്വിഡ് നൈട്രജൻ പരക്കെ ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിലും അടുക്കളകളിലേക്ക് ഒരു താരമായി ഇത് കടന്നു വന്നിട്ട് അധികം കാലമായിട്ടില്ല. സെക്കന്റുകൾക്കകം ഭക്ഷണ പദാർത്ഥങ്ങളെ തണുപ്പിച്ചെടുക്കാമെന്നതും ശരീരത്തിനു ദോഷകരമല്ല എന്നുള്ളതുമായ ലിക്വിഡ് നൈട്രജന്റെ ഗുണങ്ങളാണിവിടെ ഉപയോഗപ്പെടുത്തുന്നത്. ഭക്ഷണ സാധനങ്ങൾക്ക് ചുറ്റും പരന്നൊഴുകുന്ന പുകമഞ്ഞ് നൽകുന്ന ആകർഷണീയതയും ഒരു പ്രധാന ഘടകം തന്നെ.

ലിക്വിഡ് നൈട്രജൻ ഉപയോഗിച്ച് ഐസ്ക്രീം ഉണ്ടാക്കുമ്പോൾ സാധാരണ പരമ്പരാഗത രീതിയിൽ നിർമ്മിക്കുന്ന ഐസ്ക്രീമുകളിൽ നിന്നും വ്യത്യസ്തമായി ഐസ്ക്രീമിനു മൃദുത്വം കൂടുന്നു. -195 ഡിഗ്രി തണുപ്പുള്ള ലിക്വിഡ് നൈട്രജൻ ഐസ്ക്രീം മിശ്രിതത്തിലേക്ക് ഒഴിക്കുമ്പോൾ വളരെ പെട്ടന്ന് തന്നെ അതിലെ ചൂടിനെ വലിച്ചെടുക്കുന്നതിനാൽ മിശ്രിതം തണുത്തുറഞ്ഞ് ഉഗ്രൻ ഐസ്ക്രീം ആയി മാറുന്നു. ഈ പ്രക്രിയ വളരെ വേഗത്തിൽ ഉള്ളതായതിനാൽ മിശ്രിതത്തിലെ ഐസ് തരികളുടെ വലിപ്പം സാധാരണ ഐസ്ക്രീമിനേക്കാൾ വളരെ ചെറുതായിരിക്കുമെന്നതിനാൽ സ്വാഭാവികമായും മൃദുത്വം കൂടുതലായിരിക്കും.

ഇനി ലിക്വിഡ് നൈട്രജൻ ഐസ്ക്രീം അപകടകരമാണോ എന്ന് നോക്കാം.

നൈട്രജൻ ഒരു വിഷവാതകമോ ഏതെങ്കിലും രീതിയിൽ ശരീരവുമായോ മറ്റ് വസ്തുക്കളുമായോ പ്രതിപ്രവർത്തിക്കുന്ന ഒന്നോ അല്ലാത്തതിനാൽ ആ വഴിക്കുള്ള ഭീതി അസ്ഥാനത്താണ്‌. പക്ഷേ ലിക്വിഡ് നൈട്രജന്റെ ചില ഭൗതികമായ സവിശേഷതകൾ ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ അപകടങ്ങൾക്ക് വഴിതെളിക്കാം.

1. വളരെ തണുത്ത വസ്തുക്കളിൽ സ്പർശിക്കുമ്പോൾ ശരീര കോശങ്ങളീൽ നിന്നും അവ ചൂടിനെ പെട്ടന്ന് തന്നെ വലിച്ചെടുത്ത് അവിടം മരവിപ്പിക്കുന്നു. അതായത് ലിക്വിഡ് നൈട്രജനിൽ വിരൽ മുക്കിയാൽ പിന്നെ ആ വിരൽ മുറിച്ച് കളയേണ്ടി വരുന്ന സാഹചര്യം ഉണ്ടാക്കും എന്നറിയുന്നതിലൂടെ അപകടത്തിന്റെ വ്യാപ്തി മനസ്സിലാക്കാൻ കഴിയുമല്ലോ. അതിനാൽ ലിക്വിഡ് നൈട്രജൻ കൈകാര്യം ചെയ്യുന്നവർ പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ലിക്വിഡ് നൈട്രജൻ ഉപയോഗിച്ച് പെട്ടന്ന് തണുപ്പിച്ചെടുക്കുന്ന ഭക്ഷണ പദാർത്ഥങ്ങളുടെ കാര്യവും അതു തന്നെ. നൈട്രജൻ മുഴുവനായും വാതകമായി പോകുന്നതിനു മുൻപ് അത് വായിലേക്ക് ഒഴിക്കുന്നതോ സ്പർശിക്കുന്നതോ അപകടം ക്ഷണിച്ചു വരുത്തുന്നു. ഐസ്ക്രീം പോലെയുള്ള ഭക്ഷണ പദാർത്ഥങ്ങൾ പെട്ടന്നെടുത്ത് ആരും വിഴുങ്ങാത്തതുകൊണ്ടാണ് ലിക്വിഡ് നൈട്രജൻ ഉപയോഗിച്ച് തയാറാക്കുന്ന ഐസ്ക്രീം കഴിച്ചുള്ള അപകടങ്ങൾ ഉണ്ടാകാത്തത്. പക്ഷേ കോക് ടെയിൽ ഡ്രിങ്കുകളുടെ കാര്യം അങ്ങനെയല്ല. പെട്ടന്നെടുത്ത് വായിലേക്ക് കമഴ്ത്തുന്നത് ഡ്രിങ്കിനോടൊപ്പം ലിക്വിഡ് നൈട്രജനും അതേ രൂപത്തിൽ ഉള്ളിലേക്ക് എത്തിക്കും. വയറിലെത്തിയ ലിക്വിഡ് നൈട്രജൻ പണി തുടങ്ങും. 700 മടങ്ങാണ്‌ ദ്രാവകത്തിൽ നിന്നും വാതകമാകുമ്പോൾ വ്യാപ്തം വർധിക്കുക. അതോടൊപ്പം വളരെപ്പെട്ടെന്ന് ആമാശയത്തിലെ ദ്രവ പദാർത്ഥങ്ങളെ ഐസ് ആക്കുക കൂടി ചെയ്യും. വയർ ബലൂൺ പോലെ പൊട്ടാൻ ഒരു സ്പൂൺ ലിക്വിഡ് നൈട്രജൻ തന്നെ ധാരാളം.‌

2. ലിക്വിഡ് നൈട്രജൻ വാതകമാകുമ്പോൾ അതിന്റെ വ്യാപ്തം 700 മടങ്ങ് വർധിക്കുന്നു എന്ന് പറഞ്ഞല്ലോ. ഓക്സിജനെ തള്ളി നീക്കിക്കൊണ്ടായിരിക്കും ഇത് വ്യാപിക്കുന്നത് എന്നതിനാൽ ലിക്വിഡ് നൈട്രജൻ ഗ്യാസ് ആയി മാറുന്ന ഇടങ്ങളിലെ വായുവിൽ ഓക്സിജന്റെ കുറവ് ഉണ്ടാകും. നല്ല രീതിയിൽ വായു സഞ്ചാരം ഇല്ലാത്ത ഇടുങ്ങിയ മുറികളിലും മറ്റും ലിക്വിഡ് നൈട്രജൻ കൈകാര്യം ചെയ്യുന്നത് ഓക്സിജൻ കുറച്ച് ബോധക്ഷയം ഉണ്ടാകുന്നതിനിടയാക്കുമെന്നതിനാൽ കൈകാര്യം ചെയ്യുന്നവർ പ്രത്യേകിച്ച് ശ്രദ്ധിക്കേണ്ടതാണ്‌. അതോടൊപ്പം തന്നെ കയ്യുറകൾ ഉപയോഗിക്കേണ്ടതും അത്യാവശ്യം തന്നെ. ഒരു അപകടം ഉണ്ടാകുന്നതിനു മുൻപേ അധികൃതർ ഈ കാര്യങ്ങളിൽ വേണ്ട പരിശോധനകൾ നടത്തേണ്ടതാണ്‌.

3. നൈട്രജൻ വിഷവാതകമല്ലെങ്കിലും അത് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പ്രക്രിയയിലൂടെ മറ്റെന്തെങ്കിലും പദാർത്ഥങ്ങൾ ഇതിലേക്ക് ചേരുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. അതായത് ഭക്ഷണ പദാർത്ഥങ്ങളിലേക്ക് നേരിട്ട് പകരുന്നതിനാൽ ഇതിനായി ഉപയോഗിക്കുന്ന നൈട്രജൻ 'ഫുഡ് ഗ്രേഡ് ' ആണോ എന്ന് പരിശോധിക്കാനുള്ള നടപടികൾ ആരോഗ്യ വകുപ്പ് കൈക്കൊള്ളേണ്ടതുണ്ട്. ലിക്വിഡ് നൈട്രജൻ ഉണ്ടാക്കുന്ന കമ്പ്രസ്സറുകളിൽ നിന്നുള്ള ഓയിൽ ലീക്കും ടാങ്കുകളിൽ നിന്നും അന്യ പദാർത്ഥങ്ങൾ കലരുന്നതുമൊക്കെ ഇത്തരത്തിൽ ലിക്വിഡ് നൈട്രജനെ മലിനമാക്കുന്നതാണ്. ഇൻഡസ്ട്രിയൽ ഗ്രേഡ് ലിക്വിഡ് നൈട്രജൻ ഐസ്ക്രീം നിർമാണത്തിനുപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടത് വിവിധ സർക്കാർ വകുപ്പുകളാണ് .

4. ലിക്വിഡ് നൈട്രജൻ ഉപയോഗിച്ച് തണുപ്പിച്ച കോക്ടെയിൽ ഡ്രിങ്കുകളും ഐസ്ക്രിം ഡെസർട്ടുകളും സമയമെടുത്ത് അതിലെ ലിക്വിഡ് നൈട്രജൻ മുഴുവനായും വാതകമായി മാറുന്നതുവരെ കാത്തിരുന്ന് ക്ഷമയോടെ കഴിക്കുക. ഐസ്ക്രീമിൽ അപകട സാധ്യത തീരെ കുറവാണെങ്കിലും പാനീയങ്ങളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

Read More : Healthy Food

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
FROM ONMANORAMA