കൊഞ്ചും നാരങ്ങാവെള്ളവും ഒന്നിച്ചു കഴിച്ചാൽ മരണം സംഭവിക്കുമോ?

474164285
SHARE

കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ ഏറ്റവുമധികം പ്രചരിച്ച ഒരു വാർത്തയാണ് കൊഞ്ചും നാരങ്ങാവെള്ളവും വിരുദ്ധാഹാരമാണെന്നും അതു കഴിച്ചാൽ മരണം ഉറപ്പാണെന്നും. ഏതാനും ആഴ്ചൾക്കു മുൻപ് കൊ‍ഞ്ച് ബരിയാണി കഴിച്ച് കൊച്ചിയിൽ ഒരു പെൺകുട്ടി മരണപ്പെട്ടതും കഴിഞ്ഞ ദിവസം തിരുവല്ലയിൽ ഒരു പെൺകുട്ടി മരിച്ചത് കൊഞ്ചും നാരങ്ങാനീരും ഒരുമിച്ച് കഴിച്ചിട്ടാണെന്നുമുള്ള തരത്തിലായിരുന്നു വാർത്തകൾ. 

യഥാർഥത്തിൽ ഈ പറയുന്ന അപകടം ഈ കൊഞ്ചിനും നാരങ്ങയ്ക്കുമുണ്ടോ? ഇല്ലെന്നു തന്നെയാണ് വിദഗ്ധർ പറയുന്നത്. ഇതിനെക്കുറിച്ച് ഡോ. നെൽസൺ ജോസഫ് എഴുതിയതു വായിക്കാം.

ഇന്ന് തന്നെ കുറഞ്ഞതൊരു പതിനഞ്ച് പേർ ഇൻബോക്സിൽ അയച്ചുതന്നിരുന്നു ഈ വാർത്ത. അയച്ചുതന്നവർക്കൊക്കെ ഈ പോസ്റ്റ് കൊണ്ടുപോയി കൊടുത്തോളൂ..

പ്രത്യേകിച്ച് ഫാമിലി ഗ്രൂപ്പുകളിൽ ഷെയർ ചെയ്യാൻ മറക്കണ്ട

കാരയ്ക്കൽ തൈപ്പറമ്പിൽ വിജയൻ്റെ മകൾ ദിവ്യ കൊഞ്ചും നാരങ്ങാനീരും കഴിച്ച് മരിച്ചെന്ന വാർത്തയാണിപ്പോൾ വാട്സാപ്പിലെ താരം. കൊഞ്ചും നാരങ്ങാവെള്ളവും ഒന്നിച്ചുകഴിച്ചാൽ അത് വയറ്റിൽ വച്ച് കൊടും വിഷമായി മാറാമെന്നും മരണം സംഭവിക്കാമെന്നുമൊക്കെയാണ് പല മെസേജുകളുടെയും ഉള്ളടക്കം.

കാൽസ്യം ആഴ്സനേറ്റെന്ന രാസവസ്തു മീൻ മുള്ളിലും കൊഞ്ചിൻ്റെ തോടിലുമൊക്കെയുണ്ടെന്നും അത് നാരങ്ങാനീരിനോടോ വൈറ്റമിൻ സി യോടോ പ്രതിപ്രവർത്തിച്ച് ആഴ്സനിക് ഉണ്ടാകുന്നെന്നും മരണം സംഭവിക്കുന്നെന്നുമൊക്കെ കഥകൾ മുന്നേറുന്നു.

തികച്ചും അബദ്ധമായ മറ്റൊരു കുപ്രചരണം മാത്രമാണിതെന്നതാണ് വാസ്തവം...

ഏതൊരു വസ്തുവും വിഷമാകുന്നത് അതിൻ്റെ ഡോസ് അനുസരിച്ചാണ്. ആഴ്സനിക് എന്ന രാസവസ്തു പ്രകൃതിയിൽത്തന്നെയുള്ളതും വളരെ ചെറിയ അളവുകളിൽ നമ്മുടെ ഉള്ളിലെത്തുന്നതുമാണ്. അളവ് അധികമാകുമ്പോഴാണ് അത് ഹാനികരമാകുന്നത്... എത്രനേരം ആഴ്സനിക്കുമായി ശരീരം സമ്പർക്കത്തിൽ വരുന്നെന്നതും പ്രധാനമാണ്.

കൊഞ്ചിലും ചെമ്മീനിലുമൊക്കെ അടങ്ങിയിരിക്കുന്നത് വളരെ ചെറിയ അളവിൽ ആഴ്സനിക് ആണ്. ആഴ്സനിക്കിൻ്റെ ലീതൽ ഡോസ് (മരണകാരണമായ അളവ്) 70-200 വരെ മില്ലിഗ്രാമാണ്. സീഫുഡിൽ ഒരു കിലോഗ്രാമിൽ 0.5 മില്ലിഗ്രാമൊക്കെയാണ് ആഴ്സനിക്കിൻ്റെ അളവ്. അതായത് 70 മില്ലിഗ്രാം കിട്ടാൻ 140 കിലോ കൊഞ്ചണം... :/

വിരോധാഭാസമെന്താണെന്ന് വച്ചാൽ അനുവദനീയമായ അളവിൽ കൂടുതൽ ആഴ്സനിക് അടങ്ങിയിട്ടുണ്ടെന്നറിയാവുന്ന ഷിമോഗ പൊടി വാങ്ങിക്കാൻ പോകുമെന്ന് തീരുമാനിക്കുന്ന അതേ മലയാളി തന്നെയാണ് ആഴ്സനിക്കുണ്ടെന്ന് പറഞ്ഞ് കൊഞ്ചിൻ്റെ കൂടെ ലൈം ജ്യൂസ് കുടിക്കാതെ പേടിച്ചു നിൽക്കുന്നത്...

2001 നു മുൻപ് തൊട്ട് പ്രചരിച്ചു തുടങ്ങിയ ഒരു ഇംഗ്ലീഷ് സന്ദേശമുണ്ട്. അത് മലയാളീകരിച്ച് 2016 സമയത്ത് ഒരു വാട്സ് ആപ് മെസേജ് ഇറങ്ങി. സീഫുഡും നാരങ്ങാ നീരും ഒന്നിച്ചു കഴിച്ച ഒരു സ്ത്രീ അധികം താമസിയാതെ രക്തസ്രാവം വന്നു മരിച്ചു എന്നതായിരുന്നു ആ സന്ദേശം.

കൊഞ്ച്/ചെമ്മീന്‍ എന്നിവയുടെ ഒപ്പം നാരങ്ങാനീരു ഉള്ളില്‍ ചെന്നാല്‍ ആര്‍സനിക്കും വൈറ്റമിന്‍ സി യും കൂടി പ്രവര്‍ത്തിച്ചു രോഗി പെട്ടന്ന് മരിച്ചു വീഴാനുള്ള യാതൊരു സാധ്യതയുമില്ല.

സാദ്ധ്യത ഉള്ളത് മറ്റൊരു സംഗതിക്കാണ്...

അനാഫൈലാക്സിസ് എന്ന് വിളിക്കാം. മനുഷ്യൻ്റെ ജീവനു ഹാനികരമായ അലർജിയെന്ന് പെട്ടെന്ന് മനസിലാകാൻ പറയാം. അതു പക്ഷേ കൊഞ്ചിൻ്റെയും നാരങ്ങാനീരിൻ്റെയും കോമ്പിനേഷൻ കൊണ്ടല്ല ഉണ്ടാകുന്നത്.

ചിലർക്ക് ഇറച്ചിയോടാകാം അലർജി, ചിലർക്കത് കൊഞ്ച്, ചെമ്മീൻ പോലെയുള്ള ഭക്ഷണങ്ങളോടാകാം, മുട്ടയോട് അലർജിയുളളവരുണ്ട്, പീനട്ടിനോട് അലർജിയുള്ളവരുണ്ട്. (എല്ലാ വിഭാഗത്തിൽ നിന്നും ഓരോ ഭക്ഷണം എടുത്ത് പറയേണ്ടിവരുന്നതും ദ്രാവിഡാണ്. ഇല്ലെങ്കിൽ ഇതുവച്ചുണ്ടാക്കുന്ന ഹോക്സ് പൊളിക്കാനും ഇറങ്ങേണ്ടിവരും)

ശരീരമാസകലം തടിപ്പുകളുണ്ടാകുന്നതും ശ്വാസോച്ഛ്വാസത്തിനു ബുദ്ധിമുട്ടുണ്ടാകുന്നതും വയറിനു വേദനയുണ്ടാകുന്നതും പൊടുന്നനെ രക്തസമ്മർദ്ദം താണുപോകുന്നതുമടക്കമുള്ള ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയും വിദഗ്ധ ചികിൽസ ലഭ്യമായില്ലെങ്കിൽ രോഗി വൈകാതെ തന്നെ മരണപ്പെടാനും പോലും സാദ്ധ്യതയുള്ള അവസ്ഥയാണത്..

അത്തരത്തിൽ ഭക്ഷണപദാർഥങ്ങളോട് അലർജിയുള്ളപ്പോൾ അവ ഒഴിവാക്കുകയെന്ന വഴി സ്വീകരിക്കുകയല്ലാതെ മോരും മീനും, കൊഞ്ചും നാരങ്ങാവെള്ളവും അങ്ങനെ എന്തു വേണമെങ്കിലും കഴിക്കുന്നതിൽ യാതൊരു പ്രശ്നവുമില്ല...ആഹാരങ്ങൾ തമ്മിൽ വിരോധമുണ്ടായി വിരുദ്ധാഹാരമുണ്ടാവാൻ മനുഷ്യരെപ്പോലെ ചെറ്റകളല്ല അവർ..

മരണമടഞ്ഞവർക്ക് ആദരാഞ്ജലികൾ

Read More : Health Tips

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
FROM ONMANORAMA