പച്ചക്കായ പ്രമേഹരോഗികൾ കഴിച്ചാൽ?

raw-banana
SHARE

വീട്ടില്‍ ഒരു വാഴ കുലച്ചാൽ വാഴക്കൂമ്പിലാകും വീട്ടമ്മമാർ ആദ്യം കൈ വയ്ക്കുക. ഒരു ദിവസത്തെ കറിക്കുള്ള വകയായി കുറച്ചു നാൾ കഴിഞ്ഞാലോ കുലയിൽ നിന്നും കായ അടർത്തി എടുക്കും. കറി വയ്ക്കുക എന്നതു തന്നെ ഉദ്ദേശം. ഏത്തക്കുലയാണെങ്കിൽ പറയുകയും വേണ്ട. ഏത്തപ്പഴം ഒന്നും കഴിക്കണമെന്നില്ല, കായ വറുത്ത് ഉപ്പേരിയാക്കാനാകും തിടുക്കം. 

പച്ചക്കായ വിഭവങ്ങൾ നമുക്ക് ആരും പറഞ്ഞു തരേണ്ട കാര്യമില്ല. മെഴുക്കു പുരട്ടി തോരൻ, എരിശ്ശേരി, അവിയല്‍, ബജി ഇങ്ങനെ പോകും പിന്നെയോ ഉപ്പേരി വറുക്കാൻ എടുത്ത  കായയുടെ തൊലി കൊണ്ടും രുചികരമായ തോരൻ ഉണ്ടാക്കും. ഈ പച്ചക്കായ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. എന്നറിയാമോ? എന്തൊക്കെ ഗുണങ്ങളാണ് പച്ചക്കായയ്ക്ക് ഉള്ളത് എന്നറിയാം. 

1. നാരുകളാൽ സമ്പന്നം

പച്ചക്കായയിൽ നാരുകൾ (fibre) ധാരാളം ഉണ്ട്. 100 ഗ്രാം കായയിൽ 2.6 ഗ്രാം നാരുകൾ ആണുള്ളത്. ദഹനത്തിന് ഏറെ ഗുണം ചെയ്യും. മലബന്ധം അകറ്റും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും നാരുകൾ സഹായിക്കും. കൊളസ്ട്രോൾ നില കുറയ്ക്കുന്നതോടൊപ്പം പക്ഷാഘാതവും ഹൃദയാഘാതവും തടയാനും പച്ചക്കായയുടെ ഉപയോഗം സഹായിക്കും. 

2. ഹൃദയത്തിന്

വാഴപ്പഴത്തെപ്പോലെ തന്നെ പച്ചക്കായയിലും പൊട്ടാസ്യം ധാരാളം ഉണ്ട്. ഒരു കപ്പ് വേവിച്ച ഏത്തക്കായയില്‍ 531 ഗ്രാം പൊട്ടാസ്യം ഉണ്ട്. വൃക്കയുടെ പ്രവർത്തനത്തിനു പൊട്ടാസ്യം പ്രധാന പങ്കു വഹിക്കുന്നു. രക്തസമ്മർദം നിയന്ത്രിച്ചു നിർത്താനും ഇത് സഹായിക്കും. 

3. ശരീരഭാരം കുറയ്ക്കുന്നു

പച്ചക്കായയിൽ അടങ്ങിയ ഭക്ഷ്യ നാരുകൾ ദഹനം സാവധാനത്തിലാക്കുന്നു. ഏറെ നേരം വയറു നിറഞ്ഞു എന്ന തോന്നൽ ഉണ്ടാക്കുക വഴി വിശപ്പിനെ നിയന്ത്രിക്കാൻ സാധിക്കും. ഇത് ഇടയ്ക്കിടെ ഭക്ഷണം കഴിക്കുന്നതിനെ തടയുന്നു. അങ്ങനെ ശരീരഭാരം നിയന്ത്രിച്ചു നിർത്താൻ സഹായിക്കുന്നു. 

4. ജീവകങ്ങളുടെ കലവറ

പച്ചക്കായയിൽ ജീവകങ്ങളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം കൂടാതെ ജീവകം സി, ജീവകം ബി6 ഇവയും പച്ചക്കായയിൽ ധാരാളമായുണ്ട്. ശരീരത്തിന് ആവശ്യമായ പോഷകങ്ങളുടെയും ധാതുക്കളുടെയും പ്രത്യേകിച്ച് കാൽസ്യത്തിന്റെ ആഗിരണം എളുപ്പമാക്കുന്നു. 

5. പ്രമേഹരോഗികൾക്ക്

പച്ചക്കായയിൽ പഞ്ചസാര വളരെ കുറവാണ്. ഇതിന്റെ ഗ്ലൈസെമിക് ഇൻഡക്സ് 30 ആണ്. ഗ്ലൈസെമിക് ഇൻഡക്സ് 55 ലും കുറവുള്ള ഭക്ഷണങ്ങളുടെ ദഹനവും ആഗിരണവും ഉപാപചയപ്രവർത്തനങ്ങളും വളരെ സാവധാനത്തിലാകും. ഇത്, രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടാതെ സഹായിക്കുന്നു. പച്ചക്കായയിൽ ഭക്ഷ്യനാരുകൾ ധാരാളം ഉള്ളതിനാൽ പ്രമേഹരോഗികൾക്ക് ഏറ്റവും മികച്ച ഒരു ഭക്ഷണമാണിത്.  

6. റസിസ്റ്റന്റ് സ്റ്റാർച്ച്

റസിസ്റ്റന്റ് സ്റ്റാർച്ച് ധാരാളം അടങ്ങിയ ഒന്നാണ് പച്ചക്കായ. ദഹനത്തിന്റെ സമയത്ത് പൂർണമായും ശരീരം വിഘടിക്കുകയും ആഗിരണം ചെയ്യുകയും ചെയ്യുന്നു. ഒരിനം സ്റ്റാർച്ച് ആണ് റസിസ്റ്റന്റ് സ്റ്റാർച്ച്. കുടലിലെ ബാക്ടീരിയകള്‍ ഇവയെ ഷോർട്ട് ചെയിൻ ഫാറ്റി ആസിഡുകളായി മാറ്റുന്നു. കൊളസ്ട്രോൾ നിയന്ത്രിക്കാന്‍ ഇത് സഹായിക്കുന്നു. 

7. ഉദരപ്രശ്നങ്ങൾക്ക്

മലബന്ധം, ഇറിറ്റബിൾ ബവൽ സിൻഡ്രോം ഇവയകറ്റാൻ നാരുകളാൽ സമ്പന്നമായ പച്ചക്കായ സഹായിക്കും. പച്ചക്കായ വേവിച്ചോ ആവിയിൽ പുഴുങ്ങിയോ ഉപയോഗിക്കുന്നതാണ് നല്ലത്. വറുക്കുമ്പോൾ ഇവയുടെ കാലറി കൂടുന്നു. കായവറുത്തുപ്പേരി ഒക്കെ ഇടയ്ക്ക് കഴിക്കാം എങ്കിലും കറിവച്ച് കഴിക്കുന്നതാണ് ആരോഗ്യകരം. 

Read More : Healthy Food

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
FROM ONMANORAMA