ദിവസവും ബദാം കഴിക്കാമോ?

almond
SHARE

ദിവസവും ബദാം കഴിക്കാമോ? ഒരു ദിവസം എത്ര ബദാം കഴിക്കാം? ഏതു സമയത്തു കഴിക്കണം? പ്രമേഹരോഗികൾക്ക് ബദാം കഴിക്കാമോ? ഒരു ദിവസം മൂന്നോ നാലോ ബദാമിൽ അധികം കഴിച്ചാൽ കുഴപ്പമാകുമോ? ചോദ്യങ്ങൾ നിരവധിയാകും. എന്നാൽ യാതൊരു സംശയവും വേണ്ട. അണ്ടിപ്പരിപ്പുകൾ, പ്രത്യേകിച്ച് ബദാം ദിവസത്തിൽ പല തവണ കഴിക്കാം. ഇത് ഹൃദയത്തിന് ഏറെ ഗുണം ചെയ്യും. ക്രമം െതറ്റിയ ഹൃദയമിടിപ്പും ഹാർട്ട് ഫ്ലറ്ററും (heart flutter) വരാനുള്ള സാധ്യത കുറയ്ക്കാൻ ബദാമിനു കഴിയുമെന്ന് സ്വീഡനിലെ കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ട് ഗവേഷകർ.

ഹൃദയാഘാതം വരാനുള്ള സാധ്യത കുറയ്ക്കാനും ബദാം കഴിക്കുന്നതിലൂടെ സാധിക്കുമെന്ന് ഹാർട്ട് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. 

ഇന്ത്യക്കാർക്കിടയിൽ ഹൃദയസംബന്ധമായ രോഗങ്ങൾക്ക് പ്രധാനമായും കാരണമാകുന്ന ഡിസ്‍ലിപ്പിഡെമിയ എന്ന അവസ്ഥ തടയാൻ ആരോഗ്യഭക്ഷണ ക്രമത്തിന്റെ ഭാഗമായി ബദാം ഉൾപ്പെടുത്തുന്നതു മൂലം സാധിക്കുമെന്ന് 2018 ൽ ന്യൂട്രിയന്റ്സ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ തെളിഞ്ഞിട്ടുണ്ട്.

45 മുതൽ 83 വയസ്സുവരെ പ്രായമുള്ള 61000 പേരിലാണ് ഈ പുതിയ പഠനം നടത്തിയത്. ഇവരുടെ ജീവിതശൈലിയും ഭക്ഷണക്രമവും മനസ്സിലാക്കി. 2014 ന്റെ അവസാനം വരെ 17 വർഷക്കാലം അവരുടെ ഹൃദയാരോഗ്യവും പരിശോധിച്ചു. അണ്ടിപ്പരിപ്പുകൾ കഴിക്കുന്ന ആളുകൾ, ഇവ കഴിക്കാത്തവരെ അപേക്ഷിച്ച് വിദ്യാഭ്യാസം ഉള്ളവരും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നവരും ആണെന്നു കണ്ടു. ഇവർ പുകവലിക്കാത്തവരും ഉയർന്ന രക്തസമ്മർദം ബാധിക്കാത്തവരും ആയിരുന്നു. ഇവർ മെലിഞ്ഞവരും കായികമായി ഊർജ്ജസ്വലരും ആണെന്നും കണ്ടു. പഴങ്ങളും പച്ചക്കറികളും ധാരാളമായി ഇവർ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിരുന്നു. 

ബദാം ഉൾപ്പെടെ നട്സ് കഴിക്കുന്നതു മൂലം ഹൃദയാഘാതം, ഹൃദയത്തകരാറ്, ആട്രിയൽ ഫൈബ്രിലേഷൻ, അബ്ഡൊമിനൽ അയോർട്ടിക് അന്യൂറിസം ഇവ വരാനുള്ള സാധ്യത കുറവാണെന്ന് പഠനത്തിൽ തെളിഞ്ഞു. 

പ്രോട്ടീൻ, ഭക്ഷ്യനാരുകൾ ഇവയാൽ സമ്പന്നമായ ബദാം, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നതായും പഠനത്തിൽ തെളിഞ്ഞു.

ടൈപ്പ് 2 പ്രമേഹം ബാധിച്ചവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും അന്നജം കൂടുതൽ അടങ്ങിയ ഭക്ഷണം കഴിക്കുന്നതു മൂലം ഇൻസുലിന്റെ അളവിലുണ്ടാകുന്ന വ്യത്യാസം തടഞ്ഞ് ഷുഗർ ലെവൽ കുറയ്ക്കാനും ബദാം സഹായിക്കുന്നു. 

മാസത്തിൽ ഒന്നു മുതൽ മൂന്നു തവണ വരെ ബദാം കഴിക്കുന്നത് രോഗ സാധ്യത 3 ശതമാനം കുറയ്ക്കുന്നു. 

എന്നാൽ ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ബദാം കഴിച്ചാൽ രോഗസാധ്യത 12 ശതമാനവും ആഴ്ചയിൽ മൂന്നോ നാലോ തവണ കഴിച്ചാൽ 18 ശതമാനവും രോഗസാധ്യത കുറയും.

ആഴ്ചതോറും കഴിക്കുന്ന ബദാം ഉൾപ്പെടെയുള്ള നട്സിന്റെ അളവ് എത്ര കൂടുന്നുവോ ആർട്രിയൽ ഫൈബ്രിലേഷൻ വരാനുള്ള സാധ്യതയും അത്ര കണ്ട് കുറയുന്നു. 

അണ്ടിപ്പരിപ്പിൽ അടങ്ങിയ ആരോഗ്യകരമായ കൊഴുപ്പുകൾ, ധാതുക്കൾ, ആന്റി ഓക്സിഡന്റുകൾ ഇവയെല്ലാം ഹൃദയ സംബന്ധമായ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.

ഒരു പിടി ബദാമിൽ ജീവകം ഇ, പ്രോട്ടീൻ, ഭക്ഷ്യനാരുകൾ തുടങ്ങി പതിനഞ്ചോളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ദിവസത്തിന്റെ ഏതു സമയത്തും ലഘുഭക്ഷണമായി ബദാം കഴിക്കാം. വെള്ളത്തിലിട്ട് കുതിർത്ത ശേഷം കഴിക്കുന്നതാകും നല്ലത്. കുട്ടികൾ മുതൽ പ്രായമായവർക്കു വരെ ഏതു പ്രായക്കാർക്കും ധൈര്യമായി കഴിക്കാവുന്ന മികച്ച ഒരു ഭക്ഷണമാണ് ബദാം. 

ബദാം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഹൃദയാരോഗ്യം ലഭിക്കാനുള്ള മികച്ച ഒരു മാർഗം കൂടിയാണെന്ന് ഈ പഠനം തെളിയിക്കുന്നു. 

Read More : Healthy Food

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
FROM ONMANORAMA