ദിവസവും കഴിച്ചോളൂ ഒരു ഓറഞ്ച്

orange
SHARE

ദിവസവും ഒരു ഓറഞ്ച് വീതം കഴിക്കുന്നത് നേത്രരോഗങ്ങളെ അകറ്റുമെന്നു ഗവേഷകർ. വെസ്റ്റ് മീഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ റിസർച്ചിലെ ഗവേഷകർ നടത്തിയ പഠനത്തിൽ പതിവായി ഓറഞ്ച് കഴിക്കുന്നവർക്ക് മക്യുലാർ ഡീജനറേഷൻ എന്ന നേത്രരോഗം ബാധിക്കാൻ സാധ്യത കുറവാണെന്നു കണ്ടു. അറുപത്തഞ്ചു വയസ്സു കഴിഞ്ഞ ആളുകളെ ബാധിക്കുന്ന നേത്രരോഗമാണിത്. ഈ രോഗം പൂർണമായും സുഖപ്പെടുത്താനാവില്ല. 50 വയസ്സു കഴിഞ്ഞ രണ്ടായിരം ഓസ്ട്രേലിയക്കാരിൽ 15 വർഷക്കാലം നീണ്ട പഠനം നടത്തി ദിവസവും ഒരു ഓറഞ്ച് വീതം കഴിച്ച വരിൽ 15 വർഷത്തിനു ശേഷം നേത്രരോഗം ബാധിക്കാനുള്ള സാധ്യത 60 ശതമാനം കുറവാണെന്നു കണ്ടു. 

ഒറഞ്ചിൽ അടങ്ങിയ ഫ്ലേവനോയി‍ഡുകളാണ് നേത്രരോഗം വരാതെ തടയുന്നതെന്നു പഠനത്തിനു നേതൃത്വം നൽകിയ, സിഡ്നി സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായ ബാമിനി ഗോപിനാഥ് പറഞ്ഞു. 

ഓറഞ്ച് ഒരിക്കലും കഴിക്കാത്തവരെ അപേക്ഷിച്ച് ദിവസവും ഒരു ഓറഞ്ച് വീതം കഴിക്കുന്നവരിൽ ഒക്യുലാർ ഡീജനറേഷൻ വരാനുള്ള സാധ്യത വളരെ കുറവായിരുന്നു. ആഴ്ചയില്‍ ഒരിക്കലെങ്കിലും ഓറഞ്ച് കഴിക്കുന്നതും ഗുണഫലങ്ങളേകുമെന്നു ഗവേഷകർ പറയുന്നു. 

ജീവകം സി, ഇ, എ എന്നിവ കണ്ണുകളുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നുവെന്നും ഫ്ലേവനോയി‍ഡുകളും ഒക്യുലാർ ഡീജനറേഷനും തമ്മിലുള്ള ബന്ധവും ഗവേഷകർ പരിശോധിച്ചു. ഒരുവിധം എല്ലാ പഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയ ആന്റിഓക്സിഡന്റുകളാണ് ഫ്ലേവനോയി‍ഡുകൾ. രോഗപ്രതിരോധ ശക്തിയേകുന്നതോടൊപ്പം ആന്റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളും ഇവയ്ക്കുണ്ട്. 

ഫ്ലേവനോയി‍ഡുകൾ അടങ്ങിയ ചായ, ആപ്പിൾ, റെഡ് വൈൻ, ഓറഞ്ച് ഇവ ഗവേഷകർ പഠനത്തിനായുപയോഗിച്ചു. എന്നാൽ ഓറഞ്ച് ഒഴികെ മറ്റ് ഒരു ഭക്ഷണ പദാർത്ഥവും കണ്ണുകളെ രോഗങ്ങളിൽ നിന്നു സംരക്ഷിക്കുന്നതായി കണ്ടില്ല. അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

Read More : Healthy Food

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
FROM ONMANORAMA