ഞാവൽപ്പഴം ചില്ലറക്കാരനല്ല...

jamun-fruit
SHARE

ഞാവൽപ്പഴം രുചിച്ചിട്ടുള്ളവർ ചവർപ്പും മധുരവും നിറഞ്ഞ സ്വാദ് ഒരിക്കലും മറക്കാനിടയില്ല. പണ്ടു കാലത്ത് സുലഭമായിരുന്നു ഞാവൽപ്പഴം ഇപ്പോൾ കിട്ടാൻ വിഷമമാണെങ്കിലും ആരോഗ്യഗുണങ്ങളറിഞ്ഞാൽ തേടി പിടിച്ചു കഴിക്കും. ഇപ്പോൾ കർണാടകയിൽ നിന്നുള്ള ഞാവൽപഴം കേരളത്തിൽ പലയിടത്തും തെരുവോര വിൽപനയ്ക്കുണ്ട്. കർണാടകയിലെ റെയ്ച്ചൂർ ജില്ലയിലെ വനപ്രദേശങ്ങളിൽ നിന്നു ശേഖരിക്കുന്ന ഞാവൽപഴമാണ് ഇവിടെ വിൽപനയ്ക്കെത്തിക്കുന്നത്. ജീവകം എ, സി എന്നിവയടങ്ങിയിട്ടുള്ള ഞാവൽപ്പഴം പ്രമേഹ രോഗികൾക്കു കഴിക്കാവുന്ന ഏറ്റവും മികച്ച പഴമാണ്. പണ്ടു കാവുകളിൽ ധാരാളമുണ്ടായിരുന്നതിനാൽ നാഗപ്പഴമെന്നും പേരുണ്ട്. ആരോഗ്യഗുണങ്ങളിൽ നിസാരനല്ലാത്ത ഞാവൽപ്പഴം ആയുർവേദ, യുനാനി മരുന്നുകളിൽ ചേർക്കുന്നുണ്ട്

ഞാവൽപ്പഴത്തിന്റെ ഗുണങ്ങൾ

രക്തത്തിലെ ഹിമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കുന്നു
ചർമത്തിന്റെ പുതുമ നിലനിറുത്തുവാനും മുഖക്കുരുവിനെ ഒരുപരിധിവരെ ചെറുക്കാനും സഹായിക്കുന്നു
ജീവകം സിയും എയും കണ്ണുകളുടെ ആരോഗ്യത്തെ കാക്കുന്നു
ഹൃദയ ധമനികളെ ആരോഗ്യമുള്ളതാക്കുന്നതോടൊപ്പം ധമനികളിലെ കട്ടികൂടലിനെ തടയുകയും ചെയ്യുന്നു
രക്തസമ്മർദം നിയന്ത്രിക്കാനും ഹൃദ്രോഗം, പക്ഷാഘാതം എന്നിവയെ പ്രതിരോധിക്കാനും സഹായിക്കുന്നു 
ഞാവലിന്റെ ഇല ഉണക്കിപൊടിച്ച് പൽപ്പൊടിയായി ഉപയോഗിച്ചാൽ മോണയിൽ നിന്നു രക്തം വരുന്നതു തടയാം
ഞാവലിന്റെ തണ്ട് കഷായമാക്കി വായിൽ കവിൾ കൊണ്ടാൽ വായ്പ്പുണ്ണ് അകറ്റാം.
ഞാവൽപ്പഴത്തിന് ഗ്ലൈസെമിക് ഇൻഡെക്സ് കുറവായതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമമാക്കാനും പ്രമേഹരോഗികളിലെ ക്ഷീണം കുറയ്ക്കാനും നല്ലതാണ്.
ഞാവലിന്റെ ഇല ചവച്ചരച്ചു കഴിക്കുന്നത് ദഹനക്കേട് പരിഹരിക്കാനും കുടൽ വ്രണം ശമിപ്പിക്കാനും കരളിന്റെ ആരോഗ്യത്തിനും നല്ലതാണ്
ഞാവൽപ്പഴത്തിനുള്ള ആന്റിബാക്ടീരിയൽ ഗുണങ്ങൾ സാധാരണയായ അ‌ണുബാധകളെ ചെറുക്കാൻ സഹായിക്കും

ഞാവൽപ്പഴം കഴിക്കുമ്പോൾ അറിയേണ്ടത്

വഴിയിൽ പൊഴിഞ്ഞ് കിടക്കുന്നതും രാസവസ്തുക്കൾ പുരണ്ടതുമായ ഞാവൽപ്പഴം ഒഴിവാക്കണം
അമിതമായ അളവിൽ ഞാവൽപ്പഴം കഴിച്ചാൽ ചിലർക്ക് പനിയും ദേഹവേദനയും ഉണ്ടാകാനിടയുണ്ട്
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനാൽ ശസ്ത്രക്രിയയ്ക്കു രണ്ടു ആഴ്ച മുൻപും പിൻപും ഞാവൽപ്പഴം കഴിക്കരുത്
ഞാവൽപ്പഴം കഴിച്ചതിനു ശേഷം ഉടൻ പാൽ കുടിക്കരുത്.

Read More : Healthy Food

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
FROM ONMANORAMA