ഞൊട്ടാഞൊടിയൻ വെറുമൊരു കാട്ടുപഴമല്ല!

golden-berry
SHARE

മുട്ടാമ്പുളി, ഞെട്ടങ്ങ എന്നിങ്ങനെ പ്രാദേശികമായി പല പേരു കളിൽ അറിയപ്പെടുന്ന ഞൊട്ടാഞൊടിയനെ വെറും ഒരു കാട്ടു ചെടി എന്നു കരുതി പറിച്ചെറിയാൻ വരട്ടെ. മഴക്കാലത്ത് പറമ്പിൽ നിറയെ മുളച്ചു വരും. മഴക്കാലം കഴിയുമ്പോൾ താനേ നശിക്കും. നാട്ടിൻപുറത്ത് കുട്ടികൾ നെറ്റിയിലടിച്ച് ശബ്ദമുണ്ടാക്കി കളിക്കും. ചിലർ ഈ പഴം കളിക്കിടയിൽ തിന്നുകയും ചെയ്യും. ഗോൾഡൻ ബറി എന്ന ആംഗലനാമധേയമുള്ള ഈ പഴം ആരോഗ്യഗുണങ്ങൾ ഏറെയുള്ള ഒന്നാണ്. 

ജീവകം എ, സി, ആന്റി ഓക്സിഡന്റുകൾ ഇവയെല്ലാം ഞൊട്ടാഞൊടിയനിൽ ഉണ്ട്. രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്താനും ഹൃദയാരോഗ്യമേകാനും ഈ ഫലം സഹായിക്കുന്നു. ഇതിലടങ്ങിയ പോളിഫിനോളുകൾ വിവിധയിനം അർബുദങ്ങൾ വരാനുള്ള സാധ്യതയെയും വ്യാപനത്തെയും തടയുന്നു. 

ഇൻഫ്ലമേറ്ററി രോഗങ്ങളായ സന്ധിവാതം, ഗൗട്ട്സ് ഇവ മൂലം വിഷമിക്കുന്നവർക്ക് ഞൊട്ടാഞൊടിയന്റെ പതിവായ ഉപയോഗം ഫലം ചെയ്യും. 100 ഗ്രാം ഞൊട്ടാഞൊടിയനിൽ 53 കാലറി മാത്രമേ ഉള്ളൂ. കാലറി കുറഞ്ഞ ഈ ഫലം ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ഇതിൽ ഭക്ഷ്യനാരുകളും ജലവും ധാരാളമുണ്ട്. പൊണ്ണത്തടി നിയന്ത്രിക്കാനും ഈ പഴം സഹായിക്കും. 

80 ശതമാനവും ജലം ആയതുകൊണ്ടു തന്നെ ശരീരഭാരം കൂടുമോ എന്ന ഭയം വേണ്ട. ഉപാപചയപ്രവർത്തനങ്ങളെ മെച്ചപ്പെടുത്തി കൂടുതൽ കാലറി കത്തിച്ചു കളയാനും ഇത് സഹായിക്കുന്നു. 

ശരീരത്തിന് ആവശ്യമായ ഫാറ്റി ആസിഡുകളായ ഒലേയിക് ആസിഡ്, ലിനോലെയ്ക് ആസിഡ് ഇവയുടെ ഉറവിടമാണ് ഞൊട്ടാഞൊടിയൻ. ഇത് ചീത്ത കൊളസ്ട്രോളായ എൽ ഡിഎൽ ന്റെ അളവ് കുറയ്ക്കുകയും ഹൃദയത്തെ ആരോഗ്യമുള്ളതാക്കുകയും ചെയ്യും. 

ശക്തിയേറിയ ആന്റി ഓക്സിഡന്റുകളായി withanolides ഈ പഴത്തിലുണ്ട്. ഇത് കോശങ്ങളുടെ ഓക്സീകരണ നാശം തടയുന്നു. കോശമരണം അഥവാ apoptosis കുറയ്ക്കാനും ഇത് ഫലപ്രദമാണ്. 

പതിവായി ഈ പഴം കഴിച്ചാൽ സ്തനം, ശ്വാസകോശം, ഉദരം, മലാശയം , പ്രോസ്റ്റേറ്റ് ഇവയെ ബാധിക്കുന്ന അർബുദങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കാം. അർബുദ സാധ്യത കുറയ്ക്കുക മാത്രമല്ല അർബുദകോശങ്ങളുടെ വളർച്ച സാവധാനത്തിലാക്കാനും ഞൊട്ടാഞൊടിയന്‍ ഫലപ്രദമാണ്. 

പ്രമേഹരോഗികൾക്കും പ്രമേഹം ഉണ്ടാകാൻ സാധ്യതയുള്ളവർക്കും ഏറെ നല്ലതാണ് ഈ പഴം. ഗ്ലൈസെമിക് ഇൻഡക്സ് കുറവായതിനാലും ഭക്ഷ്യനാരുകൾ ധാരാളം ഉള്ളതിനാലും പ്രമേഹം നിയന്ത്രിക്കാന്‍ ഈ പഴത്തിനാകും. 

കരൾ, വൃക്ക എന്നിവയുടെ ആരോഗ്യത്തിനും നല്ലതാണ്. ജീവകങ്ങൾ, ധാതുക്കൾ, നിരോക്സീകാരികൾ, ഭക്ഷ്യനാരുകൾ തുടങ്ങിയവയുടെ സാന്നിധ്യമാണ് ഈ ആരോഗ്യഗുണങ്ങൾക്കു പിന്നിൽ.

ഞൊട്ടാഞൊടിയനിൽ ഭക്ഷ്യനാരുകൾ അടങ്ങിയതിനാൽ ഈ ഫലം പതിവായി കഴിക്കുന്നത് ദഹനം സുഗമമാക്കാനും മലബന്ധം അകറ്റാനും സഹായിക്കും. ഉദരാരോഗ്യമേകാനും ഈ പഴം നല്ലതാണ്. ധാരാളം ജലം ഉള്ളതിനാൽ ഡൈയൂറെറ്റിക് ആണിത്. തിമിരം, ഗ്ലൂക്കോമ, മക്യുലാർ ഡീജനറേഷൻ തുടങ്ങിയ നേത്രരോഗങ്ങളെ തടഞ്ഞ് കണ്ണുകൾക്ക് ആരോഗ്യമേകുന്നു. 

രോഗകാരികളായ ബാക്ടീരിയ, വൈറസ് മുതലായവയെ തുരത്തി പനി, ജലദോഷം, ചുമ എന്നിവയിൽ നിന്നെല്ലാം സംരക്ഷണമേകുന്നു. രോഗപ്രതിരോധ സംവിധാനം ശക്തി പ്പെടുത്തുന്നു. 

ബൗദ്ധിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയും നാഡീവ്യവസ്ഥയെ ആരോഗ്യമുള്ളതാക്കുകയും ചെയ്യുന്നു. ഇതു വഴി അൽസ്ഹൈമേഴ്സ്, പാർക്കിൻസൺസ്, ഡിമൻഷ്യ, അംനീഷ്യ മുതലായവ വരാനുള്ള സാധ്യത കുറയും. തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ഞൊട്ടാഞൊടിയനിലെ പോഷ കങ്ങൾക്കു കഴിയും. 

ഇത്രയും ഗുണങ്ങളുള്ള ഞൊട്ടാഞൊടിയനെ വെറും ഒരു കാട്ടുചെടി എന്ന് എങ്ങനെ വിളിക്കും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
FROM ONMANORAMA