ADVERTISEMENT

രുചികരവും പോഷകസമ്പുഷ്ടവുമായ ഫലമാണ് വാളൻ പുളി. മറ്റു പഴങ്ങളുമായി താരതമ്യപ്പെടുത്തിയാൽ ഇതിൽ ധാരാളം കാൽസ്യവും ജീവകങ്ങളായ ഇ, സി, ബി എന്നിവയും നിരവധി ധാതുക്കളും ഉണ്ട്. ശാസ്ത്രീയ നാമം Tamarindus Indica.  

100 ഗ്രാം പുളി സത്തിൽ 35 മുതല്‍ 170 വരെ മി.ഗ്രാം കാൽസ്യം, 375 മി. ഗ്രാം പൊട്ടാസ്യം, 151.U ജീവകം എ, 0.16 മി.ഗ്രാം തയാമിൻ, 8–23.8 മി.ഗ്രാം ടാർടാറിക് ആസിഡ്, 54–110 മി.ഗ്രാം ഫോസ്ഫറസ്, 3.10 ഗ്രാം പ്രോട്ടീൻ, 92 ഗ്രാം മഗ്നീഷ്യം, 0.07 മി.ഗ്രാം റൈബോ ഫ്ലേവിൻ ഇവയടങ്ങിയിട്ടുണ്ട്. 

പുളിയുടെ തളിരിലയും പോഷകപ്രദമാണ്. ഇതിൽ 63 മിഗ്രാം സൾഫറും 101 മി.ഗ്രാം കാൽസ്യവും ഉണ്ട്. 

വാളൻപുളിയുടെ ആരോഗ്യഗുണങ്ങൾ

∙ ഹൃദയത്തിന്
ഹൃദയസംബന്ധമായ എല്ലാ പ്രശ്നങ്ങളും കുറയ്ക്കാൻ വാളൻ പുളി സഹായിക്കും. പുളിയിലടങ്ങിയ നാരുകൾ ധമനികളിലെ എല്‍ഡിഎൽ കൊളസ്ട്രോളിനെ ഇല്ലാതാക്കുന്നു.  വാളൻ പുളിയിലെ പൊട്ടാസ്യം, ധമനികളിലെയും മറ്റു രക്തക്കുഴലുകളിലെയും സ്ട്രെസ് കുറച്ച് രക്തസമ്മർദം നിയന്ത്രിക്കുന്നു. ജീവകം സി ഫ്രീ റാഡിക്കലുകളെ തുരത്തുന്നു. 

∙ പ്രമേഹം നിയന്ത്രിക്കുന്നു
രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് പ്രമേഹത്തിലേക്കു നയിക്കും. പുളിയിലടങ്ങിയ ആൽഫാ അമിലേസ്, ഷുഗർ ആയി മാറുന്ന കാർബോഹൈഡ്രേറ്റിന്റെ ആഗിരണം തടഞ്ഞ് പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കും. 

∙ രോഗപ്രതിരോധ ശക്തി വർധിപ്പിക്കുന്നു
ആന്റി ഓക്സിഡന്റ് ഗുണങ്ങൾ ധാരാളമുള്ള വാളൻ പുളിക്ക് ആന്റി മൈക്രോബിയൽ, ആന്റി സെപ്റ്റിക് ഗുണങ്ങൾ ഉണ്ട്. ഇത് രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നു. 

∙ സൂര്യാഘാതം തടയുന്നു
ചൂടു കൂടുമ്പോഴുണ്ടാകുന്ന സൂര്യാഘാതം തടയാൻ വാളൻ പുളി സഹായിക്കുന്നു. പുളിച്ചാറിൽ ജീരകം ചേർത്തുപയോഗിക്കുന്നത് ചൂടു മൂലമുള്ള പ്രശ്നങ്ങൾ തടയുകയും ശരീരത്തെ തണുപ്പിക്കുകയും ചെയ്യും.

∙ ശരീരഭാരം കുറയ്ക്കുന്നു 
അമിതഭാരം കുറയ്ക്കാൻ വാളൻപുളി സഹായിക്കും. ശരീരത്തിൽ ഫാറ്റിനെ ശേഖരിക്കുന്ന ഒരു എൻസൈം ഉണ്ട്. പുളിയിലടങ്ങിയ ഹൈഡ്രോക്സിട്രിക് ആസിഡ് അഥവാ HCA ഇതിനെ തടയുന്നു. കൂടാതെ ന്യൂറോട്രാൻസ്മിറ്ററായ സെറോ ടോണിന്റെ അളവ് കൂട്ടുന്നതിനാൽ വിശപ്പ് ഇല്ലാതാക്കാനും സഹായിക്കും. 

∙ പേശികൾക്കും നാഡികൾക്കും
വാളൻ പുളിയിൽ തയാമിന്റെ രൂപത്തിൽ ജീവകം ബി കോംപ്ലക്സ് അടങ്ങിയിട്ടുണ്ട്. ഇത് നാഡികളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു, പേശികളെ ശക്തിപ്പെടുത്തുന്നു. 

∙ ദഹനത്തിന് 
വാളൻപുളിയിൽ ടാർടാറിക് ആസിഡ്, മാലിക് ആസിഡ്, പൊട്ടാസ്യം ഇവയുണ്ട്. ഇവയെല്ലാം ദഹനവ്യവസ്ഥയെ ആരോഗ്യമുള്ളതാക്കുന്നു. ഡയേറിയ, മലബന്ധം ഇവയകറ്റാനും വാളൻ പുളി സഹായിക്കും. 

∙ അൾസർ തടയുന്നു 
വാളൻപുളിയുടെ പതിവായ ഉപയോഗം കുടൽവ്രണം അഥവാ അൾസർ തടയുന്നു. പുളിങ്കുരുവിന്റെ സത്തിൽ അടങ്ങിയ സംയുക്തങ്ങളും അൾസർ വരാതെ തടയുന്നു. 

∙ അര്‍ബുദം തടയുന്നു
നിരോക്സീകാരികൾ ധാരാളം ഉള്ളതിനാൽ കാൻസർ കോശങ്ങളെ ഇല്ലാതാക്കാൻ വാളൻപുളിക്ക് കഴിവുണ്ട്.

∙ ജലദോഷം 
ജലദോഷം, ഫ്ലൂ ഇവയെ പ്രതിരോധിക്കുന്നു. വാളൻപുളിക്ക് ആന്റി ഹിസ്മാനിക് ഗുണങ്ങൾ ഉള്ളതിനാൽ ആസ്മയെയും അലർജി പ്രശ്നങ്ങളെയും തടയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com