ADVERTISEMENT

ചോക്ലേറ്റ് പ്രേമികൾക്ക് സന്തോഷിക്കാം. ദിവസവും ഏതാനും ചോക്ലേറ്റ് പീസുകൾ കഴിച്ചാൽ ഒരു മാസം കൊണ്ട് രക്ത സമ്മർദം കുറയ്ക്കാൻ സാധിക്കുമെന്ന് ഗവേഷകർ. മിൽക്ക് ചോക്ലേറ്റിനും ഗുണങ്ങൾ ഉണ്ടെങ്കിലും 90 ശതമാനവും കൊക്കോ അടങ്ങിയ ഡാർക്ക് ചോക്ലേറ്റിനാണ് ഗുണം കൂടുതൽ. ശക്തിയേറിയ ആന്റി ഓക്സിഡന്റുകളായ ഫ്ലേവനോളുകൾ അടങ്ങിയതിനാലാണ് ഗുണങ്ങളധികം എന്ന് പോർച്ചുഗലിലെ ഗവേഷകർ പറയുന്നു. പോളിടെക്നിക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോയിമ്പ്രയിലെ ഡോ. ടെൽമോ പെരേരയുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. 

ചോക്ലേറ്റിലെ ഫ്ലേവനോളുകൾ ഇൻസുലിൻ പ്രതിരോധം കുറയ്ക്കുന്നു, ശരീരഭാരം നിയന്ത്രിക്കുന്നു, മുറിവ് വേഗം ഉണങ്ങാൻ സഹായിക്കുന്നു. ഫ്ലേവനോളുകൾ ധാരാളമടങ്ങിയ ഭക്ഷണങ്ങൾ സൗഖ്യമേകും. ചോക്ലേറ്റിന്റെ ഗുണങ്ങൾ വിശദമായി പഠിച്ച ഗവേഷക സംഘം, ചോക്ലേറ്റ് ഹൃദയാരോഗ്യത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് പരിശോധിച്ചു. 18നും 27 നും ഇടയിൽ പ്രായമുള്ള ആരോഗ്യവാന്മാരായ 30 പേരിലാണ് പഠനം നടത്തിയത്. 30 ദിവസം തുടർച്ചയായി 20 ഗ്രാം വീതം ചോക്ലേറ്റ് കഴിക്കാൻ ഇവരോട് ആവശ്യപ്പെട്ടു. 

പഠനത്തിൽ പങ്കെടുത്ത പകുതി പേർ 55 ശതമാനം കൊക്കോ അടങ്ങിയ ചോക്ലേറ്റ് കഴിച്ചപ്പോൾ ബാക്കിയുള്ളവർ 90 ശതമാനവും കൊക്കോ അടങ്ങിയ ചോക്ലേറ്റ് ആണ് കഴിച്ചത്. പഠനത്തിന് മുപ്പതു ദിവസം മുൻപും പഠനം പൂർത്തിയായി രണ്ടു ദിവസത്തിനു ശേഷവും ഹൃദയമിടിപ്പ്, ഹൃദയധമനികളുടെ കട്ടി, പൾസ് ഇവ പരിശോധിച്ചു. ഫ്ലേവനോളുകൾ ധാരാളമടങ്ങിയ ചായ, വൈൻ, ബെറിപ്പഴങ്ങൾ തുടങ്ങിയവയെല്ലാം ഈ കാലയളവിൽ ഒഴിവാക്കണമെന്നും പഠനത്തിൽ പങ്കെടുത്തവരോട് ആവശ്യപ്പെട്ടിരുന്നു. 

ഇവരുടെ രക്തസമ്മർദം മെച്ചപ്പെട്ടതായും കൊക്കോ ഗ്രൂപ്പിൽപ്പെട്ടവരുടെ രക്തസമ്മർദമാണ് കാര്യമായി കുറഞ്ഞതെന്നും ന്യൂട്രീഷൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. കൊക്കോ കൂടുതലടങ്ങിയ ചോക്ലേറ്റ് കഴിച്ചവർക്ക് സിസ്റ്റോളിക് പ്രഷർ 3.5 mm Hgയും ഡയസ്റ്റോളിക് പ്രഷര്‍ 2.3 mm Hg യും കുറഞ്ഞതായി കണ്ടു. കൊക്കോ കുറഞ്ഞ ഗ്രൂപ്പിൽ പെട്ടവർക്ക് ഇത് യഥാക്രമം 2.4 mm Hg 1.7 mm Hg യും ആണ് കുറഞ്ഞത്. 

കൊക്കോ കൂടുതലുള്ള ഗ്രൂപ്പിന് പൾസ് നിരക്ക് ആരോഗ്യകരമാണെന്നും ഹൃദയധമനികളുടെ ആരോഗ്യം മെച്ചപ്പെട്ടതായും കണ്ടു. ചോക്ലേറ്റ് ഉപയോഗിക്കുന്നത് ഹൃദയത്തിനെ ആരോഗ്യമുള്ളതാക്കുമെന്നും ഈ പഠനം തെളിയിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com