sections
MORE

പയർ വർഗങ്ങൾ മുളപ്പിച്ചു കഴിച്ചാല്‍ ലഭിക്കും ഈ ആരോഗ്യഗുണങ്ങൾ

sprouted green gram
SHARE

പയർ വർഗങ്ങൾ മുളപ്പിച്ച് ഉപയോഗിച്ചാൽ പോഷകഗുണം ഇരട്ടിയിലധികം ആകുമെന്നു മാത്രമല്ല ആരോഗ്യസംബന്ധമായി ഏറെ ഗുണങ്ങളും ലഭിക്കും. ചെറുപയർ, വൻപയർ തുടങ്ങിയവ കഴിക്കുമ്പോഴുണ്ടാകുന്ന വായുകോപം മുഴപ്പിച്ചുപയോഗിക്കുന്നതു വഴി ഇല്ലാതാകുന്നു. അർബുദ കാരണമാകുന്ന ഏജന്റുകളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്ന എൻസൈമായ ഗ്ലൂക്കോറാഫനിൻ, മുളപ്പിച്ച പയർവർഗങ്ങളിൽ 10 മുതൽ 100 ഇരട്ടിവരെ ഉണ്ട്. ഇവയിൽ നിരോക്സീകാരികൾ ധാരാളം ഉണ്ട്. ഇത് ക്ലോറോഫില്ലിന്റെ പ്രവർത്തനം  കൂട്ടുന്നു. ശരീരത്തെ ഡിടോക്സിഫൈ ചെയ്ത് ഓക്സിജന്റെ അളവ് വർധിപ്പിക്കാൻ സഹായിക്കുന്നത് ക്ലോറോഫിൽ ആണ്.

മുളപ്പിക്കുമ്പോൾ ജീവകം ഡി ഉൾപ്പെടെയുള്ള ജീവകങ്ങളുടെയും ധാതുക്കളുടെയും അളവ് വർധിക്കുന്നു. ഗ്യാസ് ഉണ്ടാക്കുന്ന അന്നജത്തെയെല്ലാം മുളപ്പിക്കുന്നതിലൂടെ ഇല്ലാതാക്കാൻ സാധിക്കും. മുളയ്ക്കുമ്പോൾ പയറിൽ ശേഖരിച്ചിരിക്കുന്ന അന്നജം തളിരിലകളും ചെറു വേരുകളും ആയി രൂപപ്പെടാൻ ഉപയോഗിക്കുന്നു. കൂടാതെ ജീവകം സി യുടെ നിർമാണത്തിനും ഈ അന്നജം ഉപയോഗിക്കുന്നു.

മുളപ്പിച്ച പയറിൽ ജീവനുള്ള എൻസൈമുകൾ ധാരാളമുണ്ട്. ഇത് ഉപാപചയ പ്രവർത്തനങ്ങൾ വർധിപ്പിക്കാൻ സഹായിക്കും. കൂടാതെ ദഹനസമയത്ത് രാസപ്രവർത്തനങ്ങളെ മെച്ചപ്പെടുത്താനും ഇവ സഹായിക്കുന്നു. ഭക്ഷണം വിഘടിപ്പിക്കാൻ ഈ എൻസൈമുകൾ സഹായിക്കുന്നതിനാൽ പോഷകങ്ങളുടെ ആഗീരണം സുഗമമാക്കുന്നു. മുളയിൽ ധാരാളം ഭക്ഷ്യ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം നിയന്ത്രിക്കുന്നു.

രക്തത്തിലെ ഇരുമ്പിന്റെയും കോപ്പറിന്റെയും അളവ് കൂട്ടുന്നു. രക്തചംക്രമണം വർധിപ്പിക്കുന്നു. വിവിധ അവയവങ്ങളിലേക്കുള്ള ഓക്സിജന്റെ ലഭ്യതയും ഇതു മൂലം കൂടുന്നു.

ശരീരഭാരം കുറയ്ക്കാൻ ഏറ്റവും മികച്ച ഭക്ഷണം മുളപ്പിച്ച പയർ വർഗങ്ങളാണ്. കാലറി  കുറവും പോഷകങ്ങൾ കൂടുതലും ആകയാൽ ഭാരം കൂടുമോ എന്ന പേടി കൂടാതെ തന്നെ മുളപ്പിച്ച പയര്‍ കഴിക്കാവുന്നതാണ്. കൂടാതെ ഇവയില്‍ നാരുകൾ ധാരാളം ഉണ്ട്. ഇവ ദീർഘ നേരത്തേക്ക് വയർ നിറഞ്ഞു എന്ന തോന്നൽ ഉണ്ടാക്കും. ഇത് വിശപ്പിന്റെ ഹോർമോണായ ഘ്രെലിന്റെ (ghrelin) ഉൽപ്പാദനം തടയുന്നു. അതുകൊണ്ടു തന്നെ കൂടുതൽ കഴിക്കണം എന്ന തോന്നലും ഇല്ലാതെയാകും.

ജീവകം സി മുളപ്പിച്ച പയറിൽ ധാരാളം ഉണ്ട്. ഇത് ശ്വേതരക്താണുക്കൾക്ക് ഉത്തേജകമായി പ്രവർത്തിക്കുന്നു. അണുബാധകളും രോഗങ്ങളും പ്രതിരോധിക്കാൻ സഹായിക്കുന്നു. ജീവകം എ യും മുളപ്പിച്ച പയറിൽ ധാരാളം ഉണ്ട്. അതിനാൽ കണ്ണിന്റെ ആരോഗ്യത്തിനും കാഴ്ചശക്തിക്കും മികച്ചതാണ്. മുളപ്പിച്ച പയറിലെ നിരോക്സീകാരികൾ ഫ്രീറാഡിക്കലുകളിൽ നിന്നും കണ്ണിലെ കോശങ്ങളെ സംരക്ഷിക്കുന്നു.

മുളയിൽ ഒമേഗ 3 ഫാറ്റി ആസിഡ് ഉണ്ട്. ഇവ നല്ല കൊളസ്ട്രോൾ കൂട്ടാൻ സഹായിക്കുന്നു. അതോടൊപ്പം രക്തക്കുഴലുകളിലെയും ധമനികളിലെയും ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നു. ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും ഒമേഗ 3 ഫാറ്റി ആസിഡിനുണ്ട്. ഇവ ഹൃദയത്തിന്റെ പ്രവർത്തനത്തിന് നല്ലതാണ്. മുളപ്പിച്ച പയർ ശരീരത്തിലെ ആസിഡിന്റെ അളവ് കുറച്ച് പി എച്ച് നില നിയന്ത്രിച്ചു നിർത്തുന്നു. അസിഡിറ്റിയാണ് മിക്ക രോഗങ്ങൾക്കും കാരണം. അകാല വാർധക്യം തടയുന്ന നിരവധി ആന്റി ഓക്സിഡന്റുകൾ മുളയിൽ ഉണ്ട്. പ്രായമാകലിനു കാരണമാകുന്ന ഡി എൻ എ കളുടെ നാശം തടയാൻ മുളപ്പിച്ച പയറിനു സാധിക്കുന്നു.

ഇവയിലെ ആന്റി ഓക്സിഡന്റുകൾ കോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളുടെ നാശം തടയുന്നു. മുളയിൽ അടങ്ങിയ ജീവകം സി കൊളാജന്റെ നിർമ്മാണത്തിനു സഹായിക്കുക വഴി ചർമത്തിനു തിളക്കവും ആരോഗ്യവും ഏകുന്നു. കൂടുതൽ ചെറുപ്പമായി തോന്നാനും സഹായിക്കുന്നു. മുഖക്കുരു, മറ്റ് ചർമ പ്രശ്നങ്ങൾ ഇവയൊന്നും വരാതെ മുളയിലടങ്ങിയ ഒമേഗ 3 ഫാറ്റി ആസിഡുകൾ സഹായിക്കുന്നു.

മുളപ്പിക്കുമ്പോൾ പയർവർഗങ്ങളിൽ ജീവകം എ ധാരാളമായി ഉണ്ട്. ഇവ ഹെയർ ഫോളിക്കുകളെ ഉത്തേജിപ്പിക്കുന്നു. കട്ടികൂടിയ നീണ്ട മുടിയിഴകളുടെ വളർച്ചയ്ക്ക് സഹായിക്കുന്നു. മുളയിൽ സിങ്ക് ധാരാളമായുണ്ട്. ഇത് തലച്ചോറിലെ സെബത്തിന്റെ ഉൽപ്പാദനം കൂട്ടുന്നു. ആരോഗ്യമുള്ള  മുടി വളരാൻ സഹായിക്കുന്നു. താരനും മറ്റു പ്രശ്നങ്ങളുും വരാതെ മുളപ്പിച്ച പയറിലടങ്ങിയ സെലെനിയം സഹായിക്കുന്നു. കൂടാതെ ഇതിലടങ്ങിയ ബയോടിൻ ആരോഗ്യകരമായ മുടി വളർച്ചയ്ക്ക് സഹായിക്കുന്നു. ബയോടിൻ ഒരു ബി കോംപ്ലക്സ് വൈറ്റമിൻ ആണ്. അകാലനര തടയാനും മുളപ്പിച്ച ധാന്യങ്ങൾ കഴിക്കുന്നതിലൂടെ സാധിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
FROM ONMANORAMA