ADVERTISEMENT

കുട്ടിക്കാലം മുതലുള്ള ഭക്ഷണരീതി, കൗമാരത്തിലെ ജീവിതശൈലി, വേണ്ടതിനും വേണ്ടാത്തതിനുമുള്ള മാനസിക പിരിമുറുക്കം എന്നിവയൊക്കെ രക്താതിമർദത്തിലേക്കു നയിക്കുന്നു. പുറമേയ്ക്കു കാര്യമായ ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത ഈ അസുഖം പലപ്പോഴും സ്ട്രോക്, കാഴ്ചക്കുറവ് തുടങ്ങിയ ഗുരുതരമായ രോഗങ്ങളുണ്ടാക്കാം. രക്താതിമർദം നിയന്ത്രിക്കാൻ മരുന്നുകളോടൊപ്പം ആഹാര കാര്യത്തിലും ശ്രദ്ധ പുലർത്തണം.

വെളുത്തുള്ളി മരുന്ന്
രക്താതിമർദം കുറയ്ക്കാൻ വെളുത്തുള്ളി സഹായിക്കുമെന്നാണു ഗവേഷണങ്ങൾ പറയുന്നത്. രക്തക്കുഴലുകളിലെ പേശികളെ ഭാഗികമായി അയച്ചു രക്തക്കുഴലുകളെ വികസിപ്പിച്ചാണു വെളുത്തുള്ളി രക്താതിമർദം കുറയ്ക്കുന്നതെന്നാണു ജോർജ് വാഷിങ്ടൺ യൂണിവേഴ്സിറ്റിയിൽ നടത്തിയ ഗവേഷണങ്ങളിൽ തെളിഞ്ഞത്. വെളുത്തുള്ളിയിലടങ്ങിയിരിക്കുന്ന അഡിനോസിൻ എന്ന പേശീ വിശ്രാന്ത ഘടകമാണത്രെ ഈ പ്രവർത്തനത്തിനു സഹായിക്കുന്നത്. ചുവന്നുള്ളിയ്ക്കും ഇതേ ഔഷധഗുണമുണ്ട്. അഡിനോസിൻ കൂടാതെ രക്താതിമർദം കുറയ്ക്കുന്ന പ്രോസ്റ്റാഗ്ലാൻഡിൻ എ1, ഇ എന്ന ഘടകങ്ങളും ചുവന്നുള്ളിയിലുണ്ട്. ചുവന്നുള്ളിയും വെളുത്തുള്ളിയും പച്ചയ്ക്കും പാകപ്പെടുത്തിയും കഴിക്കാമെങ്കിലും വെളുത്തുള്ളി പാകപ്പെടുത്താതെ കഴിക്കുന്നതാണു കൂടുതൽ ഗുണകരം.

നെല്ലിക്ക കഴിക്കൂ...
ഭക്ഷണത്തിലൂടെ ലഭിക്കുന്ന വൈറ്റമിൻ സിയുടെ അളവു കുറഞ്ഞാൽ രക്തമർദം കൂടാം. അതുകൊണ്ടുതന്നെ രക്തമർദം കൂടാതിരിക്കാനുള്ള പ്രതിരോധ മരുന്നു കൂടിയാണ് വൈറ്റമിൻ സി. വൈറ്റമിൻ സി അടങ്ങിയ നെല്ലിക്ക, ഓറഞ്ച് മുതലായവ ദിവസവും ഓരോന്നു വീതമെങ്കിലും കഴിക്കുന്നതു കൂടിയ രക്തമർദം കുറയ്ക്കുമെന്നാണു ഗവേഷക മതം.

പൊട്ടാസ്യം ലഭിക്കാൻ പഴങ്ങൾ
രക്താതിമർദമുള്ളവർക്കു സോഡിയം അധികം അടങ്ങിയ ഭക്ഷണം കുറയ്ക്കുന്നതുപോലെ തന്നെ പ്രധാനമാണു പൊട്ടാസ്യവും കാത്സ്യവും അടങ്ങിയ ഭക്ഷണം കൂടുതൽ കഴിക്കുകയെന്നതും. ഇവ രണ്ടും കൂടിയ രക്തമർദം കുറയ്ക്കും. ഏത്തപ്പഴം, മുന്തിരി, ആപ്രിക്കോട്ട്, പീച്ച് എന്നീ പഴങ്ങളിൽ പൊട്ടാസ്യം അധികമുണ്ട്.

നാരുകൾ ഗുണകരം
പഴങ്ങളും പച്ചക്കറികളും ധാരാളമടങ്ങിയ ഡയറ്റു പതിവാക്കുന്നവർക്കു രക്തമർദം കൂടാതെ നിർത്താനാവുമത്രെ. ഇതിനായി അര കിലോ മുതൽ മുക്കാൽകിലോ വരെ പഴങ്ങളും പച്ചക്കറികളും നിത്യാഹാരത്തിൽ ഉൾപ്പെടുത്തണം.

പഴങ്ങളിലും പച്ചക്കറികളിലുമുള്ള നാരുകളാണു രക്തമർദം കൂടാതെ സഹായിക്കുന്ന ഘടകമെന്നാണു ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നടന്ന പഠനം പറയുന്നത്. പച്ചക്കറികളേക്കാളും പഴങ്ങളിലെ നാരുകൾക്കാണത്രെ രക്താതിമർദം കുറയ്ക്കാനുള്ള കഴിവു കൂടുതൽ.

നാരുകൾ കൂടാതെ, പഴങ്ങളിലും പച്ചക്കറികളിലുമുള്ള ആന്റി ഓക്സിഡന്റുകൾ ഹോർമോണുകളോടു സമാനതയുള്ള പ്രോസ്റ്റാസൈക്ലിന്റെ ഉത്പാദനം കൂട്ടും. രക്തക്കുഴലുകളെ വികസിപ്പിച്ചു രക്താതിമർദം കുറയ്ക്കാൻ കഴിവുള്ള ഘടകമാണു പ്രോസ്റ്റാസൈക്ലീൻ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com