ADVERTISEMENT

രക്താതിമർദം അഥവാ ഹൈപ്പർടെൻഷൻ ഹൃദ്രോഗത്തിലേക്കും പക്ഷാഘാതത്തിലേക്കും നയിച്ചേക്കാവുന്ന അവസ്ഥയാണ്. ഹൃദയഭിത്തികളിൽ രക്തം ഏൽപ്പിക്കുന്ന സമ്മർദം ആണിത്. ഹൃദയം പമ്പ് ചെയ്യുന്ന രക്തത്തിന്റെയും ധമനികളിലെ രക്തപ്രവാഹത്തിന്റെയും അളവാണ് രക്തസമ്മർദം നിർണയിക്കുന്നത്. ഹൃദയം എത്ര കൂടുതൽ രക്തം പമ്പ് ചെയ്യുന്നുവോ അത്രയും ധമനികൾ വീതികുറഞ്ഞതാകുകയും രക്തസമ്മർദം കൂടുതൽ ആകുകയും ചെയ്യും. 

മാർച്ച് 17 ലോകരക്താതിമർദ ദിനമായി ആചരിക്കുകയാണ്. ‘Know Your Numbers’ എന്നതാണ് ഈ വർഷത്തെ തീം. ലോകമെങ്ങുമുള്ള ആളുകളിൽ ഉയർന്ന രക്തസമ്മർദത്തെക്കുറിച്ചുള്ള അവബോധം ഉണ്ടാക്കുകയാണ് ദിനാചരണത്തിന്റെ ലക്ഷ്യം. പതിവായി രക്തസമ്മർദം പരിശോധിക്കേണ്ടതും തങ്ങളുടെ നമ്പർ, അതായത് രക്തസമ്മർദം എത്രയെന്ന് അറിയുകയും വേണ്ട പരിഹാരമാർഗങ്ങൾ സ്വീകരിക്കേണ്ടതുമാണ്. 

പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നും ശരീരം പ്രകടിപ്പിക്കാത്തതിനാൽതന്നെ തങ്ങളുടെ രക്തസമ്മർദം എത്രയെന്ന് അറിയേണ്ടത് പ്രധാനമാണ്. വർഷങ്ങളായി ബി.പി ഉണ്ടെങ്കിലും ചിലപ്പോൾ അറിഞ്ഞില്ല എന്നു വരും. പ്രത്യക്ഷമായ ലക്ഷണങ്ങൾ ഒന്നുമില്ലാതെ തന്നെ ഉയർന്ന രക്തസമ്മർദം ഹൃദയാഘാതത്തിലേക്കും പക്ഷാഘാതത്തിലേക്കും നയിക്കാം. 

120/80 മുതൽ 140/90 വരെയാണ് രക്തസമ്മർദത്തിന്റെ നോർമൽ അളവ്. 18 വയസ്സിനു മുകളിലാണ് നിങ്ങളുടെ പ്രായമെങ്കിൽ കുറഞ്ഞത് രണ്ടു മാസത്തിലൊരിക്കലെങ്കിലും ബി.പി. ചെക്ക് ചെയ്യണം. 

ആരോഗ്യകരമായ ജീവിതശൈലി, സമീകൃതാഹാരം, പതിവായ വ്യായാമം, നല്ല ഉറക്കം, കുറഞ്ഞ സ്ട്രെസ് ഇതെല്ലാം രക്തസമ്മർദം നോർമൽ ആകാൻ സഹായിക്കും. പ്രോസസ്ഡ് ഫുഡ്സും പാക്കേജ്‍ഡ് ഫുഡും ഒഴിവാക്കണം. കാരണം ഇവയിൽ പ്രിസർവേറ്റീവുകളും കൂടിയ അളവിൽ സോഡിയവും അടങ്ങിയിട്ടുണ്ട്. നിങ്ങൾക്ക് ഉയർന്ന ബി.പി ഉണ്ടെങ്കിൽ ഉപ്പിന്റെ ഉപയോഗം കുറയ്ക്കണം. കാരണം ഉപ്പ്, രക്തത്തിലെ സോഡിയത്തിന്റെ അളവ് കൂട്ടും. ഇത് ജലാംശം നീക്കം ചെയ്യാനുള്ള വൃക്കകളുടെ കഴിവിനെയും കുറയ്ക്കും. ഇത് വൃക്കകളിലേക്കുള്ള രക്തക്കുഴലുകളിൽ സ്ട്രെയ്ൻ ഉണ്ടാക്കുകയും ബിപി കൂട്ടുകയും ചെയ്യും. 

പൊട്ടാസ്യം കൂടുതൽ അടങ്ങിയ ഭക്ഷണം ഉയർന്ന രക്ത സമ്മർദത്തിനു നല്ലതാണ്. ഇത് ഉപ്പിന്റെ നെഗറ്റീവ് ഫലങ്ങളെ കുറയ്ക്കാൻ സഹായിക്കും. 

ഉയർന്ന രക്തസമ്മർദം ഉള്ളവർക്ക് കഴിക്കാവുന്ന, ആരോഗ്യമേകുന്ന ചില ഭക്ഷണങ്ങൾ ഇതാ,

വെളുത്തുള്ളി
വാഴപ്പഴം
വെണ്ണപ്പഴം
പച്ചനിറത്തിലുള്ള ഇലക്കറികൾ
ബെറിപ്പഴങ്ങൾ
ഫാറ്റി ഫിഷ്
ബദാം, പിസ്ത
മത്തങ്ങക്കുരു, സൂര്യകാന്തി വിത്ത്
മാതളം

ഈ ദിനത്തിൽ, നിങ്ങളുടെ ബിപി എത്രയെന്ന് പരിശോധിക്കാം. ഒപ്പം ആരോഗ്യമേകുന്ന ഈ ഭക്ഷണങ്ങൾ കഴിച്ച് ഉയർന്ന രക്തസമ്മർദത്തിൽ നിന്നു സംരക്ഷണം തേടാം. ഒപ്പം ആരോഗ്യകരമായ ജീവിതശൈലിയും പിന്തുടരാം. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com