ADVERTISEMENT

ഡ്രൈഫ്രൂട്സിൽ പെടും എങ്കിലും ആരും അത്രയധികം ഗൗനിക്കാത്ത ഒരാളാണ് ഉണക്കമുന്തിരി. എന്നാൽ ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമായ ഇത് കുട്ടികൾക്ക് സ്കൂളിൽ സ്നാക്സ് ആയി നൽകാൻ ഏറ്റവും മികച്ച ഒന്നാണ്. 

വൈറ്റമിനുകളും ധാതുക്കളും ആന്റി ഓക്സിഡന്റുകളും ഉണക്ക മുന്തിരിയിൽ ധാരാളമുണ്ട്. കൊളസ്ട്രോൾ കുറയ്ക്കാനും കാൻസറിനെ പ്രതിരോധിക്കാനും സഹായിക്കുന്ന റെസ്‍വെറാ ട്രോൾ എന്ന ഫൈറ്റോകെമിക്കലും ഇതിലുണ്ട്. 

ഉണക്കമുന്തിരി കഴിച്ചാൽ എന്തൊക്കെ ഗുണങ്ങളാണ് ലഭിക്കുന്നത് എന്നറിയേണ്ടേ.

വിളർച്ച തടയുന്നു: ഉണക്കമുന്തിരിയിൽ അയൺ, കോപ്പർ, ബി കോംപ്ലക്സ് വൈറ്റമിനുകൾ എന്നിവ ധാരാളമുണ്ട്. പതിവായി ഉണക്കമുന്തിരി കഴിച്ചാൽ ഇരുമ്പിന്റെ അഭാവം അകറ്റാനും വിളർച്ച തടയാനും സാധിക്കും. 

കാൻസർ തടയുന്നു – പോളിഫിനോളിക് ആന്റി ഓക്സിഡന്റുകളായ കറ്റേച്ചിനുകൾ കൂടിയ അളവിലുള്ള ഉണക്കമുന്തിരി ഫ്രീറാഡിക്കലുകളെ ഇല്ലാതാക്കി മലാശയ അർബുദം തടയു ന്നു. ഉണക്കമുന്തിരി ശീലമാക്കുന്നത് നിരവധി കാൻസറുകളെ തടയാൻ സഹായിക്കും. 

ദഹനത്തിന് – നാരുകൾ ധാരാളം അടങ്ങിയതിനാൽ മലബന്ധം അകറ്റുന്നു. ദഹനേന്ദ്രിയ വ്യവസ്ഥയെ ആരോഗ്യമുള്ളതാക്കാൻ ഉണക്കമുന്തിരി ശീലമാക്കാം. 

അസിഡിറ്റി – ധാതുക്കളായ പൊട്ടാസ്യം, മഗ്നീഷ്യം, ഇവ ഉണക്കമുന്തിരിയിലുണ്ട്. ഇവ അസിഡിറ്റി കുറയ്ക്കുന്നു. 

ചർമ രോഗങ്ങൾക്കും സന്ധിവേദനയ്ക്കും മുടികൊഴിച്ചിലിനും പരിഹാരമേകാൻ ഉണക്കമുന്തിരി പതിവാക്കാം. ശരീരത്തിന്റെ പി.എച്ച് നില ക്രമീകരിച്ച് അസിഡിറ്റിയും പാർശ്വഫലങ്ങളും തടയാനും ഇത് സഹായിക്കും.  

പനിക്ക് – ഫിനോളിക് ഫൈറ്റോകെമിക്കലുകൾ ധാരാളമുള്ളതിനാൽ ആന്റി ബാക്ടീരിയൽ ഗുണങ്ങളും ആന്റി ഓക്സിഡന്റുകളും ഇവയിലുണ്ട്. വൈറസ് മൂലമുണ്ടാകുന്ന പനി, ബാക്ടീരിയൽ അണുബാധകൾ എന്നിവയ്ക്ക് ആശ്വാസമേകാൻ ഉണക്കമുന്തിരി സഹായിക്കും. 

കണ്ണുകൾക്ക് – തിമിരം, മാക്യുലാർ ഡീജനറേഷൻ മുതലായ നേത്രരോഗങ്ങൾ തടയുന്നു. കാഴ്ചശക്തി മെച്ചപ്പെടുത്താനും കണ്ണിന്റെ ആരോഗ്യത്തിനും ജീവകം എയും ബീറ്റാ കരോട്ടിനും ധാരാളമടങ്ങിയ ഉണക്കമുന്തിരി സഹായിക്കുന്നു.

ഊർജ്ജദായകം – ക്ഷീണം തോന്നുന്നുണ്ടെങ്കിൽ ഒരുപിടി ഉണക്കമുന്തിരി കഴിക്കൂ. ഉന്മേഷം തോന്നും. ഗ്ലൂക്കോസ് ഫ്രക്ടോസ് തുടങ്ങിയ നാച്വറൽ ഷുഗർ അടങ്ങിയ ഉണക്ക മുന്തിരി ഊർജ്ജമേകും. പ്രോട്ടീൻ ഉൾപ്പെടെയുള്ള പോഷകങ്ങളെ ആഗിരണം ചെയ്യാനും ഇത് സഹായിക്കും. 

പല്ലിന് – പല്ലിന്റെ എല്ലാ പ്രശ്നങ്ങൾക്കും ഉണക്കമുന്തിരി പരിഹാരമേകും. ഒലീനോലിക് ആസിഡ് എന്ന ഫൈറ്റോ കെമിക്കൽ ആണ് ഇതിന് സഹായിക്കുന്നത്. പല്ലിന് പോടോ, പല്ല് ദ്രവിക്കുകയോ പൊട്ടുകയോ എന്തുമാകട്ടെ, വായിലെ ബാക്ടീരിയകളുടെ വളർച്ച തടയാൻ ഉണക്കമുന്തിരി സഹായിക്കും. പല്ലിലെ ഇനാമലിനെ സംരക്ഷിക്കാനും കാൽസ്യം ധാരാളമടങ്ങിയ ഉണക്കമുന്തിരിക്കു കഴിയും. 

രക്താദി മർദം – ഹൈപ്പർ ടെൻഷനുണ്ടോ ? ഒരു പിടി ഉണക്ക മുന്തിരി കഴിക്കൂ. ആന്റി ഓക്സിഡന്റുകളോടൊപ്പം പൊട്ടാസ്യം, അയൺ, ബി കോംപ്ലക്സ് വൈറ്റമിനുകൾ ഇവയും അടങ്ങിയതിനാല്‍ രക്തക്കുഴലുകളുടെ കട്ടി കുറയ്ക്കാൻ സഹായിക്കുന്നു. സോഡിയം അടങ്ങിയിട്ടില്ലാത്തതിനാൽ നല്ലൊരു ലഘു ഭക്ഷണം കൂടിയാണിത്.

ഉറക്കം– ഉറക്ക പ്രശ്നങ്ങൾക്ക് പരിഹാരമേകാൻ ഉണക്ക മുന്തിരി ശീലമാക്കാം. 

എല്ലുകൾക്ക് – കാൽസ്യം ധാരാളമടങ്ങിയതിനാൽ എല്ലുകൾക്ക് ശക്തിയേകുന്നു. സന്ധിവേദനയ്ക്ക് ആശ്വാസമേകുന്നു. ബോറോൺ എന്ന മൈക്രോന്യൂട്രിയന്റ് ഇതിൽ ധാരാളമുണ്ട്. ആർത്തവ വിരാമത്തോടനുബന്ധിച്ചുള്ള ഓസ്റ്റിയോ പോറോസിസ് തടയാനും ഇത് സഹായിക്കും. 

നാരുകൾ ധാരാളമുള്ളതിനാൽ ഏറെ നേരത്തേക്ക് വയർ നിറഞ്ഞു എന്ന തോന്നൽ ഉണ്ടാക്കാൻ സഹായിക്കും. അതുകൊണ്ടുതന്നെ ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ഇത് ശീലമാക്കാം. അനാരോഗ്യ ഭക്ഷണങ്ങൾ ഒഴിവാക്കി പകരം കഴിക്കാവുന്ന മികച്ച ഒരു ഭക്ഷണമാണ് ഉണക്കമുന്തിരി.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com