ADVERTISEMENT

ബിഹാറില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് കുട്ടികള്‍ മരിക്കാനിടയായ സംഭവത്തിന് പിന്നിൽ ലിച്ചി പഴത്തിലുള്ള വിഷാംശമാണെന്ന ആരോപണം ഉയരുമ്പോഴും യഥാർഥ കാരണം കണ്ടെത്താൻ ഇതുവരെ ആരോഗ്യവിദഗ്ധർക്കു കഴിഞ്ഞിട്ടില്ല. പരിശോധനയ്ക്കും പഠനത്തിനുമായെത്തുന്ന വിദഗ്ധ സംഘങ്ങൾ നൽകുന്നത് പരസ്പര വിരുദ്ധമായ റിപ്പോർട്ടുകളും.

ലിച്ചി സീസണായ വേനല്‍ക്കാലത്ത് പടര്‍ന്നുപിടിക്കുന്ന ഈ അസുഖം ‘ചാംകി ബുഖാര്‍’ എന്നാണ് പ്രാദേശികമായി അറിയപ്പെടുന്നത്. ഇവിടെത്തെ ജനങ്ങളില്‍ നാഡീവ്യൂഹ സംബന്ധമായ രോഗങ്ങള്‍ കണ്ടുവരുന്നുണ്ടന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കുട്ടികളിൽ മസ്തിഷ്കജ്വരം പടർന്നു പിടിച്ചതിനു ലിച്ചി പഴവുമായി ബന്ധമില്ലെന്ന് ലിച്ചി ദേശീയ ഗവേഷണ കേന്ദ്രം ഡയറക്ടർ‌ ഡോ. വിശാൽ നാഥ് പറയുന്നു. തങ്ങളുടെ ഗവേഷണത്തിൽ ലിച്ചിയെ രോഗബാധയുമായി ബന്ധപ്പെടുത്തുന്ന ഒരുവിധ തെളിവും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ലിച്ചിപ്പഴത്തിലെ വിഷാംശം പോഷകക്കുറവുള്ള കുഞ്ഞുങ്ങളിൽ മാരകമായി മാറുമെന്നാണ് ഒരു കണ്ടെത്തൽ. വാടിവീഴുന്നതും പഴുക്കാത്തതുമായ ലിച്ചിപ്പഴങ്ങൾ അമിതമായി കഴിക്കുന്ന കുട്ടികളുടെ രക്തത്തിൽ പഞ്ചസാരയുടെ അളവു പെട്ടെന്നു കുറഞ്ഞ് (ഹൈപ്പോഗ്ലൈസീമിയ) മസ്തിഷ്കത്തെ ബാധിക്കുന്നുവെന്നാണു നിഗമനം. അത്യുഷ്ണത്തിലാണ് ലിച്ചിപ്പഴത്തിലെ വിഷാംശം ഹാനികരമായി മാറുന്നത്.

എന്നാൽ, ഒരു വിഭാഗം ആരോഗ്യവിദഗ്ധർ ഇതംഗീകരിക്കുന്നില്ല. ലിച്ചി കഴിക്കുന്നതല്ല, കഴിക്കാൻ ഒന്നുമില്ലാത്തതാണു മരണകാരണമെന്നാണ് അവരുടെ വാദം. ലിച്ചി കൂടുതൽ കഴിച്ചിട്ടാണെങ്കിൽ രോഗലക്ഷണങ്ങളുടെ കൂട്ടത്തിൽ വയറുവേദനയും ഉണ്ടാകുമായിരുന്നത്രെ.

പോഷകക്കുറവുള്ള കുഞ്ഞുങ്ങൾ കൊടുംചൂടു താങ്ങാനാകാതെ പനിക്ക് അടിപ്പെടുന്നതാകാമെന്നും അവർ പറയുന്നു. വൈറസ് ബാധയാണെങ്കിൽ, അത് എന്താണെന്നു കണ്ടെത്താൻ ഇനിയും കഴിഞ്ഞിട്ടുമില്ല. കടുത്ത പനിയും തലവേദനയും ഛർദിയും കാഴ്ചക്കുറവും കേൾവിക്കുറവും ബോധക്ഷയവുമൊക്കെയാണ് സാധാരണ രോഗലക്ഷണങ്ങൾ.

ഉത്തരേന്ത്യയിലെ മറ്റു സ്ഥലങ്ങളിൽനിന്നു വ്യത്യസ്തമായി മുസഫർപുരിലെ പ്രത്യേക കാലാവസ്ഥയിൽ രാത്രി ഉഷ്ണം കനക്കുന്നതാണ് കുട്ടികളെ തളർത്തുന്നത്. വേനൽമഴയുണ്ടായാൽ രോഗബാധ കുറയുന്നതും മഴയില്ലാതെ വേനൽ നീളുമ്പോൾ മരണസംഖ്യ കൂടുന്നതുമായാണു കണ്ടുവരുന്നത്. 

ഒരു പതിറ്റാണ്ടിനിടെ ആയിരത്തിലേറെ കുഞ്ഞുങ്ങളാണ് മുസഫർപുരിൽ മസ്തിഷ്കജ്വരത്തിൽ മരിച്ചത്. രോഗബാധ നേരിടാനുള്ള പ്രചാരണത്തിനോ ചികിത്സയ്ക്കുള്ള  അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനോ  നടപടികളുണ്ടായില്ല. പരിശീലനം ലഭിച്ച ഡോക്ടർമാരുടെ അഭാവവും വേനലിലെ ശുദ്ധജല ലഭ്യതക്കുറവും സ്ഥിതി വഷളാക്കി.

മരിച്ച എല്ലാ കുട്ടികളും തീക്ഷ്ണമായ എന്‍സൈഫലൈറ്റിസ് സിന്‍ഡ്രോം (എഇഎസ്) ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നുവെന്ന് മുതിര്‍ന്ന ഹെല്‍ത്ത് ഓഫീസറായ അശോക് കുമാര്‍ സിംഗ് പറഞ്ഞു. 2015- ല്‍ അമേരിക്കന്‍ ഗവേഷകര്‍ ലിച്ചി പഴത്തില്‍ മരണം വരെ സംഭവിക്കാന്‍ കഴിയുന്ന വിഷാംശം അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. ബംഗ്ലാദേശിലും വിയറ്റ്നാമിലുമാണ് ലിച്ചി ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കുന്നത്.   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com