ADVERTISEMENT

താമരപ്പൂവ് എല്ലാവർക്കും ഇഷ്ടമാണ്. പൂവിന്റെ ഭംഗി മാത്രമല്ല താമരവിത്തു കൊണ്ടും ഏറെ പ്രയോജനങ്ങൾ ഉണ്ട്. ആരോഗ്യഗുണങ്ങളുടെ കലവറയാണിത്. പ്രമേഹം നിയന്ത്രിക്കുന്നതു മുതൽ അകാലവാർധക്യം തടയുന്നതു വരെ നീളുന്നു താമരവിത്തിന്റെ ഗുണങ്ങൾ. താമരവിത്ത് (Lotus seed) പച്ചയ്ക്കോ വറുത്തോ ഉണക്കിയോ കഴിക്കാം. ചൈനക്കാർക്ക് ഇത് ഔഷധമാണ്. താമരയിതൾ കൊണ്ട് അവർ ചായ ഉണ്ടാക്കുകയും ചെയ്യും. ജപ്പാനിൽ താമരയെ ഒരു പച്ചക്കറി ആയാണ് പരിഗണിക്കുന്നത്. അവർ വിത്തിനോടൊപ്പം വേരും ഉപയോഗിക്കും.

അന്നജം, കാൽസ്യം, കോപ്പർ, ഭക്ഷ്യനാരുകൾ, ഊർജ്ജം, ഫോളേറ്റ്, അയൺ, മഗ്നീഷ്യം, മാംഗനീസ്, സിങ്ക്, പൊട്ടാസ്യം, പ്രോട്ടീൻ തുടങ്ങി നിരവധി പോഷകങ്ങൾ താമരവിത്തിൽ അടങ്ങിയിട്ടുണ്ട്. ആഴ്ചയിൽ മൂന്നു തവണ ഒരു പിടി താമരവിത്തു വീതം കഴിക്കുന്നത് പ്രമേഹരോഗികള്‍ക്കു നല്ലതാണ്. ഇതിൽ കാലറി കുറവും ഭക്ഷ്യനാരുകൾ കൂടുതലും ആണ്. ഭക്ഷ്യനാരുകളും ധാതുക്കളും പ്രമേഹം കുറയ്ക്കാൻ സഹായിക്കുന്നു. 

സുഖമായ ഉറക്കം ലഭിക്കാനും ഇതു സഹായിക്കും. സ്ട്രെസ് കുറയ്ക്കാനും ദഹനക്കേട്, ഛർദ്ദി, ഡയേറിയ ഇവയകറ്റാനും താമര വിത്തിലെ വൈറ്റമിനുകളും ധാതുക്കളും സഹായിക്കും. താമര വിത്ത് വറുത്തു കഴിക്കുന്നത് ദഹനപ്രശ്നങ്ങൾ അകറ്റി ദഹനവ്യവസ്ഥയെ ആരോഗ്യമുള്ളതാക്കുന്നു.

ചർമത്തിന്റെ യുവത്വം നിലനിർത്തുന്നു. താമരവിത്തിലടങ്ങിയ വിറ്റാമിനുകൾ പ്രായമാകലിന്റെ ലക്ഷണങ്ങളെ തടയുന്നു. എൻസൈമുകളുടെ കലവറയായ താമരവിത്ത്, കൊളാജന്റെ ഉൽപ്പാദനം കൂട്ടാനും പ്രോട്ടീന്റെ അളവ് നിലനിർത്താനും ചർമത്തിന്റെ തിളക്കം കൂട്ടാനും സഹായി ക്കുന്നു. പതിവായി താമര വിത്ത് ഉപയോഗിക്കുന്നത് മൃത കോശങ്ങളെ നീക്കി മൃദുലമായ ചർമ്മം പ്രദാനം ചെയ്യുന്നു. 

മോണയിൽ നിന്ന് രക്തം വരുന്നത് ചിലരുടെ പ്രശ്നമാണ്. താമരവിത്ത് ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ അമിതമായി രക്തം പോകുന്നത് തടയാം. 

താമരവിത്ത് ഊർജ്ജം ഏകുന്നു. മധുരപാനീയങ്ങൾക്കും പ്രോസസ്ഡ് ഫുഡിനും പകരമായി താമരവിത്ത് ഭക്ഷണ ത്തിൽ ഉൾപ്പെടുത്താം. 

ഗർഭസ്ഥ ശിശുവിന്റെ വളർച്ചയ്ക്ക് മതിയായ അളവിൽ പ്രോട്ടീൻ ആവശ്യമാണ്. ആരോഗ്യകരമായ ഒരു ലഘുഭക്ഷ ണമായി താമരവിത്ത് ഗർഭിണികൾക്കു കഴിക്കാം. ദിവസം രണ്ടോ മൂന്നോ തവണ ഒരു പിടി താമരവിത്ത് കഴിക്കാം. കഴിക്കും മുൻപ് വൈദ്യനിർദേശം തേടാൻ മറക്കരുതേ.

ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ളതിനാൽ അൾസറിനും വായിലെ വ്രണങ്ങൾക്കും ഇത് ഫലപ്രദമാണ്. 

കുട്ടികളിൽ വിശപ്പില്ലായ്മ പലപ്പോഴും ഉണ്ടാകാറുണ്ട്. ഭക്ഷണത്തിൽ താമരവിത്ത് ഉൾപ്പെടുത്തുന്നത് ഇതിനു പരിഹാരമാകും. മുതിർന്നവരിലും ഇത് വിശപ്പില്ലായ്മയ്ക്ക് പരിഹാരമേകും.

മൂത്രനാളിയിലെ അണുബാധ അകറ്റാൻ താമരവിത്തിലെ എൻസൈമുകൾ സഹായിക്കും. മൂത്രമൊഴിക്കുമ്പോൾ വേദനയോ മറ്റോ ഉണ്ടെങ്കിൽ ഡോക്ടറെ കണ്ടശേഷം മാത്രമേ ചികിത്സയ്ക്കു മുതിരാവൂ. സ്വയം ചികിത്സ പാടില്ല.

ആന്റിസ്പാസ്മോഡിക്, ഐസോക്വിനോലൈൻ ആൽക്കലോയ്ഡുകൾ താമരവിത്തിൽ ധാരാളമുണ്ട്. ഇത് രക്തക്കുഴലുകളെ വികസിപ്പിക്കുകയും രക്തസമ്മർദം കുറയ്ക്കുകയും ചെയ്യും. 

മഗ്നീഷ്യം, മാംഗനീസ്, സോഡിയം ഇവയടങ്ങിയ ഭക്ഷണങ്ങൾ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർക്ക് നല്ലതാണ്. താമരവിത്തിൽ ഇവയുണ്ട്. മുറിവ് ഉണക്കാനും അണുബാധകൾ തടയാനും താമരവിത്ത് സഹായിക്കും.

ഇങ്ങനെ ധാരാളം ആരോഗ്യപരമായ പ്രത്യേകതകൾ ഉള്ളതിനാൽ താമരവിത്തിനെ നിസ്സംശയെ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com