ADVERTISEMENT

പ്രായം കൂടുന്നതനുസരിച്ച് നമ്മുടെ ശരീരത്തിലുള്ള ഇൻസുലിന് പ്രവർത്തിക്കാനുള്ള തടസ്സം വർധിക്കാം. അതുകൊണ്ടാണ് പ്രായംചെന്നവരിൽ പ്രമേഹവും അതിന്റെ പ്രത്യാഘാതങ്ങളും കൂടുതലായി കാണുന്നത്.

പ്രമേഹ ബാധിതർ ഭക്ഷണത്തിൽ പ്രത്യേകം കരുതലെടുക്കണം. വീട്ടിലുണ്ടാക്കുന്ന അതേ ഭക്ഷണംതന്നെ കഴിക്കാം, അളവിൽ ശ്രദ്ധിക്കണമെന്നു മാത്രം. പ്രഭാതഭക്ഷണം എന്തായാലും മൂന്നെണ്ണം, ഉച്ചയ്ക്ക് ചെറിയ ചായക്കപ്പിനു മൂന്നു കപ്പ് ചോറ്, വൈകുന്നേരം മൂന്നു ചപ്പാത്തി എന്ന രീതി പിന്തുടരാം.

പഴങ്ങളും നല്ലതാണ്. വലിയ പഴങ്ങളാണെങ്കിൽ ചെറിയ കഷണം കഴിക്കാം. ചെറിയ പഴങ്ങൾ ഒന്നോ രണ്ടോ മതി. അധികം പഴുത്തവ ഒഴിവാക്കണം. എണ്ണ, തേങ്ങ, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ എന്നിവ കുറച്ചു മാത്രം ഉപയോഗിക്കണം.

ഇൻസുലിൻ എടുക്കുമ്പോൾ

പ്രായമായവർക്കു പ്രമേഹചികിത്സ നിശ്ചയിക്കുമ്പോൾ ജീവിതസാഹചര്യങ്ങൾ കൂടി പരിഗണിക്കണം. തനിയെ താമസിക്കുന്നവരാണെങ്കിൽ രക്തത്തിലെ ഗ്ലൂക്കോസ് നില പെട്ടെന്നു താഴാനിടയുള്ള അവസ്ഥയും (ഹൈപ്പോഗ്ലൈസീമിയ) കണക്കിലെടുക്കണം. ഇൻസുലിൻ കുത്തിവയ്പ് എടുക്കുന്നവർ അതിനു ശേഷം നാലു മണിക്കൂറോളം വ്യായാമം ഒഴിവാക്കണം. കുത്തിവയ്പെടുത്തതിനുശേഷം ഭക്ഷണം ഒഴിവാക്കുകയോ കഴിക്കാൻ താമസിക്കുകയോ ചെയ്യരുത്. മറ്റു മരുന്നുകളും കൃത്യമായ അളവിൽ ക്രമമായി കഴിക്കണം. ഒരു കുടുംബഡോക്ടർ ഉള്ളതു നല്ലതാണ്. തിരക്കുള്ള വിദഗ്ധനെക്കാൾ നല്ലത് എളുപ്പം സമീപിക്കാവുന്ന കുടുംബഡോക്ടറാണല്ലോ.

പ്രമേഹ പരിശോധന എപ്പോൾ

ഇൻസുലിൻ എടുക്കുന്ന പ്രമേഹരോഗികൾ ആഴ്ചയിൽ ഒരിക്കലെങ്കിലും ഗ്ലൂക്കോസ് നില പരിശോധിക്കണം. ഒരാഴ്ച ഭക്ഷണം കഴിച്ചശേഷം, അടുത്തയാഴ്ച ഭക്ഷണത്തിനു മുമ്പ് എന്നിങ്ങനെ പല നേരമായി പരിശോധന നടത്തിയാൽ പ്രമേഹനിലയെക്കുറിച്ച് കൂടുതൽ വ്യക്തമായ ധാരണ കിട്ടും. ഇൻസുലിൻ എടുക്കുന്നില്ലാത്ത പ്രമേഹരോഗികൾ മാസത്തിലൊരിക്കൽ പരിശോധന നടത്തണം. ആറുമാസം കൂടുമ്പോൾ എച്ച്ബിഎഎസിയും പരിശോധിക്കാം. പനി പോലെയുള്ള മറ്റ് അസുഖങ്ങൾ വന്നാൽ അവ നിയന്ത്രണത്തിലാകുംവരെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com