ADVERTISEMENT

ചിക്കൻ—മലയാളിയുടെ നോൺ വെജ് ആഹാരസങ്കൽപങ്ങളിൽ ഒഴിച്ചു കൂടാനാകാത്ത ഒന്നായി മാറിയിരിക്കുന്നു. എന്നാൽ കണ്ണുമടച്ച് ചിക്കനെ വിശ്വസിക്കും മുമ്പ് നിർബന്ധമായും അറിയേണ്ട നിരവധി കാര്യങ്ങളുണ്ട്.

1 ബ്രോയിലർ ചിക്കനും ഹോർമോണും
വളർച്ചാഹോർമോൺ കുത്തിവച്ചു വളർത്തുന്ന കോഴികളാണ് ബ്രോയിലർ ചിക്കൻ എന്നതാണു സാധാരണവിശ്വാസം. എന്നാൽ ഈ കോഴികളിൽ ഹോർമോൺ കുത്തിവയ്ക്കുന്നില്ല എന്നതാണു ശരി. ജനിതകവ്യതിയാനം വരുത്തി ഉത്പാദിപ്പിക്കുന്ന സങ്കരയിനം കോഴികളാണിവ. തീറ്റയെ പെട്ടെന്ന് മാംസമാക്കി മാറ്റാനുള്ള കഴിവാണ് ജനിതകവ്യതിയാനത്തിലൂടെ ഇവയിലുണ്ടാക്കുന്നത്. ബ്രോയിലർ ചിക്കൻ കഴിക്കുന്നതു മൂലം പെൺകുട്ടികൾക്കു വളരെ നേരത്തെ ആർത്തവം വരുന്നതായോ, സ്ത്രീകളിൽ ഹോർമോൺ അസന്തുലിതാവസ്ഥ ഉളവാക്കി, ഗർഭധാരണം തടസപ്പെടുത്തുന്നതായോ ശാസ്ത്രീയ പഠനങ്ങൾ ഇല്ല. എന്നാൽ കോഴിയിറച്ചി മാംസ്യവും കൊഴുപ്പും അടങ്ങിയ ആഹാരമാണ്. ഇതു കറിവച്ചും പൊരിച്ചും വറുത്തും കൂടുതൽ കഴിക്കുമ്പോൾ ലഭിക്കുന്ന അമിതോർജവും കുട്ടികളുടെ കായികവിനോദങ്ങൾ കുറഞ്ഞ ജീവിതശൈലിയും ചേരുമ്പോൾ ആർത്തവം വരുന്നതിനുള്ള ക്രിട്ടിക്കൽ വെയ്റ്റ് അഥവാ നിർണായകതൂക്കം നേരത്തെ എത്തുന്നു. ഇതു പെൺകുട്ടികളിൽ ആർത്തവം നേരത്തെ വരാൻ കാരണമാകും.

ആഹാരത്തിലൂടെ കൂടുതലായി ശരീരത്തിൽ കൊഴുപ്പടിയുന്നതിലൂടെ അരോമാറ്റേസ് എന്ന എൻസൈമിന്റെ അളവു കൂടും. അതു ശരീരത്തിൽ ഈസ്ട്രജന്റെ അളവു വർധിപ്പിക്കുകയും തൽഫലമായി ശരീരത്തിൽ ടെസ്റ്റോസ്റ്റീറോൺ, ഈസ്ട്രജൻ ഹോർമോൺ അനുപാതം വ്യത്യാസപ്പെടുകയും ചെയ്യും. പോളിസിസ്റ്റിക്ക് ഒവേറിയൻ ഡിസോർഡർ പോലുള്ള പ്രശ്നങ്ങൾക്കും ഗർഭധാരണം തടസപ്പെടാനും ഇത് ഇടവരുത്താം.

2 ഫ്രിഡ്ജിൽ വയ്ക്കുമ്പോൾ
ഫ്രഷ് ചിക്കൻ വൃത്തിയാക്കിയത്, പാകപ്പെടുത്താത്ത ചിക്കൻ, മാരിനേറ്റഡ്/മസാല പുരട്ടിയ ചിക്കൻ എന്നിവ ഒന്നു മുതൽ രണ്ടുദിവസം ഫ്രഡ്ജിൽ 0—4 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കാം. ആഴം കുറവുള്ളതും പരന്നതും ഫ്രീസറിൽ വയ്ക്കാവുന്നതുമായ മൂടിയുള്ള ഫുഡ്ഗ്രേഡ് പാത്രങ്ങൾ തന്നെ ഇതിന് ഉപയോഗിക്കുക. വേവിച്ചതോ, വറുത്തതോ ആയ ചിക്കനും മിച്ചം വന്ന ഭാഗങ്ങളും മൂന്നു നാലു ദിവസം ഫ്രീസറിൽ വച്ച് ഉപയോഗിക്കാം.

പാകം ചെയ്ത ചിക്കൻ രണ്ടു മണിക്കൂറിനുള്ളിൽ തണുപ്പിച്ചു ഫ്രീസ് ചെയ്തു മൂന്നുനാലു ദിവസത്തിനുള്ളിൽ ഉപയോഗിക്കുക. ഉപയോഗിക്കാനെടുക്കുമ്പോൾ വീണ്ടും 75 ഡിഗ്രി സെൽഷ്യസ് അതായത് മൂന്നു മുതൽ അഞ്ചു മിനിറ്റെങ്കിലും നന്നായി ചൂടാക്കണം.

ഫ്രീസറിൽ സ്റ്റെഫൈലോകോക്കസ്ഓറിയൂസ്, സാൽമോണല്ല, ലിസ്ട്രിയ എന്നീ ബാക്ടീരിയകളും ഫംഗസും നശിക്കുന്നില്ല. അവയുടെ വളർച്ച തടസപ്പെടുന്നു എന്നു മാത്രമേയുള്ളൂ. സാധാരണ അന്തരീക്ഷ ഊഷ്മാവിൽ അതു വളരെ പെട്ടെന്നു പെരുകും. ഇതാണ് വയറിളക്കം അല്ലെങ്കിൽ ഭക്ഷ്യവിഷബാധയ്ക്കു കാരണമാകുന്നത്.

3 അന്തരീക്ഷ ഊഷ്മാവിൽ വയ്ക്കരുത്
ചിക്കൻ മുറിച്ചത് അന്തരീക്ഷ ഊഷ്മാവിൽ ഒരു മണിക്കൂറിൽ കൂടുതൽ വയ്ക്കരുത്. എത്രയും പെട്ടെന്നു പാചകം ചെയ്യുകയോ ഫ്രീസറിൽ വയ്ക്കുകയോ ചെയ്യണം. അന്തരീക്ഷ ഊഷ്മാവിൽ ഇറച്ചിയിൽ എളുപ്പം സൂക്ഷ്മാണുക്കൾ വളരുകയും എൻസൈം വ്യതിയാനങ്ങൾ ഉണ്ടാകുകയും ചെയ്യും.

4 വറുത്തത് വീണ്ടും വറുക്കുമ്പോൾ
വറുത്ത ചിക്കൻ വീണ്ടും വറുക്കുമ്പോൾ അതിലെ മാംസ്യം കൂടുതൽ കരിയാനും ഉണങ്ങാനുമിടയാകും. ഇതേത്തുടർന്ന് അക്രിലോമൈഡ് എന്ന കാൻസറിനു കാരണമാകുന്ന രാസവസ്തു ഉണ്ടാകും. എണ്ണ വീണ്ടും ചൂടാക്കുന്നതും വളരെ അനാരോഗ്യകരമാണ്.

5 ചിക്കൻ ഉണക്കി സൂക്ഷിക്കാമോ?
മാട്ടിറച്ചിയുടെ ദശക്കട്ടിയുള്ള കഷണങ്ങൾ എല്ലില്ലാതെ മുറിച്ചുണക്കി സൂക്ഷിച്ചു പാകപ്പെടുത്തുന്നതുപോലെ ദശക്കട്ടി കുറവും കൂടുതൽ എല്ലും ഉള്ള കോഴിയെ ഉണക്കി ഉപയോഗിച്ചു കാണാറില്ല. ഇറച്ചി ഉണക്കുമ്പോൾ മാംസം കട്ടിയായി രുചി കുറയും എന്നതാകാം കാരണം.

6 ബാർബിക്യൂവും ഗ്രില്ലിങും
ചിക്കൻ, മസാല പുരട്ടി ബാർബിക്യൂ, ഗ്രില്ലിങ് എന്നീ രീതികളിലൂടെ പാകം ചെയ്യുന്നതു കൊഴുപ്പു കുറയ്ക്കുവാനും രുചി കൂട്ടുവാനും സഹായിക്കും. പക്ഷേ, ദശ കരിഞ്ഞുപോകുന്ന രീതിയിൽ വെന്തകഷണങ്ങൾ ഉപയോഗിക്കരുത്. അതിൽ അക്രിലാമൈഡിന്റെ അളവു വളരെ കൂടുതലായിരിക്കും. ചിക്കൻ ഷവർമ, പിറ്റാബ്രഡ്, ചിക്കൻ കഷണങ്ങൾ, കുറച്ചു സവാള, തക്കാളി, കാപ്സിക്കം, ഒലിവ് എണ്ണ, താഹിനി (എള്ളിന്റെ പേസ്റ്റ്), യോഗർട്ട്, മയോനൈസ് എന്നിവ ചേർത്തുണ്ടാക്കുന്നു. മയോനൈസ് കൊളസ്ട്രോൾ ഉള്ളവർ ഒഴിവാക്കണം. മാത്രമല്ല, ഷവർമയിൽ നാരുകളുടെ അളവു കുറവും ഊർജം കൂടുതലും ആയിരിക്കും.

7 ചില്ലി ചിക്കൻ പതിവായാൽ
ചില്ലിചിക്കൻ പോലുള്ള വിഭവങ്ങൾ സ്ഥിരമായി ഉപയോഗിച്ചാൽ ആഹാരത്തിൽ കൊഴുപ്പിന്റെ അളവു വർധിക്കും. കൂടാതെ ഇതിൽ ചേർക്കുന്ന അജിനോമോട്ടോയോട് അലർജിയുള്ളവർക്ക് അതു തുമ്മൽ, ശ്വാസതടസം, ഉയർന്ന/കുറഞ്ഞ ബിപിക്ക് കാരണമാകാം.

8 ചിക്കൻ ചീത്തയായാൽ
ഭക്ഷ്യയോഗ്യമല്ലാത്ത ചിക്കൻ, ദശ ഉറപ്പില്ലാത്തതും വലിയുന്നതുമായി കാണപ്പെടും. പാകം ചെയ്തവയിൽ അരുചിയും ദുർഗന്ധവും ഉണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com