sections
MORE

അറിയുമോ വാഴയിലയിൽ പൊതിഞ്ഞ ചോറിന്റെ ഈ ആരോഗ്യഗുണങ്ങൾ

pothichoru health benefits
SHARE

പൊതിച്ചോറ് മലയാളിക്ക് എന്നും ഗൃഹാതുരതയാണ്. നല്ല തൂശനില വെട്ടി, ചെറുതീയിൽ വാട്ടിയെടുത്ത് അതിൽ ചോറും കറികളും പൊതിഞ്ഞുവച്ച്, ഉച്ചയ്ക്ക് കഴിക്കാനായി എടുക്കുമ്പോൾത്തന്നെ ഒരു പ്രത്യേക മണം മൂക്കിലേക്ക് അടിച്ചു കയറും. ആ മണത്തിൽത്തന്നെ വയറു പകുതി നിറയും. പണ്ടു വീടിന്റെയും മുറ്റത്തിനരികിലോ പറമ്പിലോ ധാരാളം വാഴയുണ്ടായിരുന്നു. അതുകൊണ്ട് ഇലയ്ക്കു ക്ഷാമമുണ്ടായിരുന്നില്ല. ഏറെനേരം ഭക്ഷണം കേടുകൂടാതെ ഇരിക്കുമെന്നതിനാൽ ദീർഘദൂര യാത്രയ്ക്ക് പോകുന്നവർ പൊതിച്ചോറിനെ ആശ്രയിച്ചിരുന്നു. ഇന്ന് സ്ഥിതി മാറി. നഗരമേഖലകളിലും മറ്റും വാഴ ദുർലഭമായതോടെ ഇലയിലെ പൊതിച്ചോറ് എന്ന ഗൃഹാതുരത ഹോട്ടലുകാർ വിറ്റു കാശാക്കാനും തുടങ്ങി. 

വാഴയിലയിൽ പൊതിഞ്ഞു ചോറു കഴിക്കുമ്പോൾ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയുമോ?

വാഴയിലയിൽ മെഴുകു പോലുള്ള ഒരു ആവരണമുണ്ട്. ഇതാണ് ചൂടുള്ള ഭക്ഷണം പൊതിയുമ്പോൾ, ഉരുകി പ്രത്യേക മണവും രുചിയും നൽകുന്നത്. എണ്ണമെഴുക്കുള്ള ആഹാരസാധനങ്ങളും ചാറുള്ള കറികളുമൊക്കെ വാഴയിലയിലേക്കു വലിച്ചെടുത്ത് ഇല കുതിർന്നു പോകാതിരിക്കാൻ സഹായിക്കുന്നതും ഈ ആവരണമാണ്. ആരോഗ്യത്തിനു ഗുണകരമായ നിരവധി സംയുക്തങ്ങൾ വാഴയിലയിൽ അടങ്ങിയിട്ടുണ്ട്. പോളിഫിനോളുകൾ, ക്ലോറോഫില്ല്, ലിഗ്നിൻ, ഹെമിസെല്ലുലോസ്, പ്രോട്ടീനുകൾ, വൈറ്റമിൻ എ, കാൽസ്യം, കരോട്ടിൻ, സിട്രിക് ആസിഡ് എന്നിവ ഇവയിൽ ചിലതാണ്.

ഗ്രീൻടീയിലുള്ള എപ്പിഗാലോകാറ്റേക്കിൻ എന്ന ഘടകം വാഴയിലയിലുമുണ്ട്. ഇതു പ്രകൃതിദത്ത ആന്റിഓക്സിഡന്റാണ്. ശരീരത്തിലെ ഫ്രീറാഡിക്കലുകളോടു പൊരുതി അസുഖം വരുന്നതു തടയാൻ ഇതു സഹായിക്കും. ഇലയിലെ ചൂടുഭക്ഷണം ഇതിനെ ആഗിരണം ചെയ്യുകയും പൊതിച്ചോറു കഴിക്കുന്നവർക്ക് പോഷണം ലഭിക്കുകയും ചെയ്യും.

മാത്രമല്ല ഇതിലെ ആന്റിഓക്സിഡന്റുകൾ കാൻസറിനെ പ്രതിരോധിക്കുന്നവയാണ്. ഇലയിൽ അടങ്ങിയിട്ടുള്ള പോളിഫിനോൾ ഓക്സിഡേസ് എന്ന എന്‍സൈം പാർക്കിൻസൺ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന L-DOPA ഉൽപാദിപ്പിക്കുന്നു. EGCG എന്ന ഘടകം പ്രമേഹത്തെ പ്രതിരോധിക്കാനും സഹായിക്കും. ഫംഗസ്, ബാക്ടീരിയ, വൈറസ് തുടങ്ങി എല്ലാത്തരം രോഗാണുക്കളെയും ചെറുത്തു തോൽപ്പിക്കാനുള്ള കഴിവും വാഴയിലയ്ക്കുണ്ട്. 

ഇലയിലെ ക്ലോറോഫിൽ കുടലിനുള്ളിലെ അൾസർ, ചർമസംബന്ധമായ രോഗങ്ങൾ എന്നിവയെ തടയാനും ഗുണകരമാണ്. അതിറോസ്ക്ലിറോസിസ്, ഹൃദയാഘാതം, അകാല വാർധക്യം എന്നിവ തടയാനും ഇതിലെ EGCG എന്ന ഘടകം സഹായിക്കുന്നു. രക്തം ശുദ്ധീകരിക്കാനും മൂത്രസംബന്ധമായ രോഗങ്ങളെ പ്രതിരോധിക്കാനും വാഴയിലയിലെ ഘടകങ്ങൾക്കു സാധിക്കും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA