ADVERTISEMENT

കേരളീയർക്ക് ഏറ്റവും പ്രിയമുള്ള ആഹാരമാണു കഞ്ഞി. അരി വെള്ളത്തിൽ വേവിച്ചെടുക്കുന്ന കഞ്ഞി ശരീരക്ഷീണത്തെ അകറ്റുവാനും ദഹനശക്തി വർധിപ്പിക്കുവാനും ശരീരത്തിലെ ജലാംശം നിലനിർത്തുവാനും സഹായിക്കുന്നു. പനി, വയറിളക്കം മുതലായ രോഗങ്ങളില്ലാതാക്കുവാനും സഹായിക്കും.

അരിയും വെള്ളവുമാണു കഞ്ഞിയുടെ മുഖ്യ ഘടകങ്ങൾ. ഇവയുടെ അളവിലെ വ്യത്യാസം, ഒപ്പം ചേർക്കുന്ന മറ്റു പദാർഥങ്ങൾ ഇവയനുസരിച്ചു കഞ്ഞിയുടെ ഗുണത്തിൽ വ്യത്യാസം വരും.

കഞ്ഞി പലതരം

മണ്ഡം: അരിയുടെ 14 ഇരട്ടി വെള്ളം ചേർത്തു വേവിച്ചു ചോറില്ലാതെ കഞ്ഞിവെള്ളം മാത്രമെടുത്തുപയോഗിക്കുന്നതിനെ മണ്ഡമെന്നു പറയുന്നു. ഇതിൽ ചുക്കും ഇന്തുപ്പും കൂടി ചേർത്തു കഴിച്ചാൽ ദഹനശക്തിയും ആരോഗ്യവും പ്രദാനം ചെയ്യും.

അഷ്ടഗുണമണ്ഡം: അരിയുടെ (ചെന്നല്ലരി പൊടിയരി ആയാൽ ഏറെ നന്ന്) എട്ടിരട്ടി വെള്ളത്തിൽ കൊത്തമല്ലി, ചുക്ക്, കുരുമുളക്, തിപ്പലി, ഇന്ദുപ്പ്, ചെറുപയർ, അരി ഇവ ചേർത്ത് വേവിച്ച് എണ്ണയിൽ കായം പൊടിച്ചു ചേർത്തുണ്ടാക്കുന്ന മണ്ഡത്തിനെ (കഞ്ഞിവെള്ളത്തിനെ) അഷ്ടഗുണ മണ്ഡമെന്നു പറയും. ഇതു ദഹനശക്തിയെ വർധിപ്പിക്കുന്നു. മൂത്രം നന്നായി പോകുവാൻ സഹായിക്കുന്നു. രക്തവർധനവുണ്ടാക്കുകയും സർവദോഷവുമകറ്റി ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു.

വാട്യമണ്ഡം: യവം നല്ലതുപോലെ പൊടിച്ചു വറുത്ത് കഞ്ഞി വച്ച് അതിൽ നിന്നും ഊറ്റിയെടുക്കുന്ന കഞ്ഞിത്തെളിയാണു വാട്യമണ്ഡം. ഇതു തൊണ്ടവേദന, അർശസ്, രക്തസ്രാവമുണ്ടാക്കുന്ന അർശസ് ഇവയില്ലാതാക്കും. മലശോധനയുണ്ടാക്കുകയും ചെയ്യും. 

ലാജമണ്ഡം: മലരോ അരിയോ വറുത്ത് വെള്ളം ചേർത്ത് വേവിച്ച് അതിൽ നിന്നും എടുക്കുന്ന കഞ്ഞിത്തെളിക്ക് ലാജമണ്ഡലമെന്നു പറയുന്നു. ഇതു ഛർദി, വയറിളക്കം, ദാഹം, പനി ഇവയില്ലാതാക്കും. ഗർഭകാലത്തെ അമിതഛർദിയില്ലാതാക്കുവാനിത് പ്രയോജനകരമാണ്.

പേയ: അരിയുടെ 14 ഇരട്ടി വെള്ളത്തിൽ പാകം ചെയ്തു വെള്ളം കൂടുതലായും ചോറു കുറവായും ഉണ്ടാക്കുന്ന കഞ്ഞിയാണു പേയ. അതു ലഘുവും ദഹിക്കാനെളുപ്പമുള്ളതും വയറിളക്കമകറ്റുന്നതും ശരീരപുഷ്ടിയുണ്ടാക്കുന്നതുമാണ്. വെള്ളം കുറഞ്ഞു കൊഴുത്ത കഞ്ഞിക്കു യൂഷമെന്നു പറയുന്നു.

വിലേപി: അരിയുടെ നാലിരട്ടി വെള്ളത്തിൽ പാകമാക്കുന്ന കഞ്ഞിയാണു വിലേപി. അതിൽ വെള്ളം കുറവും ചോറു കൂടുതലുമാണ്. ഇതുവണ്ണം കൂട്ടാൻ സഹായിക്കും. ശരീരത്തിലെ ചൂടു കുറയ്ക്കും.

യവാഗു: അരിയുടെ ആറിരട്ടി വെള്ളത്തിൽ പാകം ചെയ്ത് ഉണ്ടാക്കുന്ന കഞ്ഞിയാണു യവാഗു. ഇതുതന്നെ അരിയും പയറും ചേർത്തു വേവിച്ചെടുക്കുന്നതിനെ കൃസര എന്നു പറയും. അരിയും ഉഴുന്നും ചേർത്തുമിതുണ്ടാക്കാം. അരിയും ഉഴുന്നും എള്ളും ചേർത്തും തയാറാക്കാം.

പനിയോ മറ്റു കഠിനരോഗങ്ങളോ ഉണ്ടാവുകയാണെങ്കിലും പഞ്ചകർമചികിത്സ കഴിഞ്ഞും മണ്ഡം, പേയ, വിലേപി, യൂഷം ഈ ക്രമത്തിൽ കട്ടികൂട്ടിയുള്ളതും വെള്ളം കുറച്ചുള്ളതുമായ കഞ്ഞികൾ കഴിച്ചു ദഹനശക്തികൂട്ടിക്കൂട്ടി, പിന്നീടാണ് ഓദസം അഥവാ ചോറുകഴിക്കുന്നത്.

കർക്കടകഞ്ഞി

ഔഷധം ചേർത്തു തിളപ്പിച്ച വെള്ളത്തിൽ അരിയിട്ടു വേവിച്ചുണ്ടാക്കുന്ന കഞ്ഞികൾ വളരെ ആരോഗ്യദായകങ്ങളാണ്. ഓരോ രോഗത്തിനും അനുസൃതമായ ഔഷധങ്ങളാണ് ചേർക്കേണ്ടത്. പ്രമേഹം, രക്താതിമർദം, സന്ധിവാതം, വാതരോഗങ്ങൾ ഇവ അകറ്റി ശരീരത്തിനുറപ്പും ശക്തിയും വീണ്ടെടുക്കാൻ ഔഷധക്കഞ്ഞികൾ സഹായിക്കും.

നമ്മുടെ നാട്ടിൽ ഏറെ പ്രചാരമുള്ളതാണ് കർക്കടകക്കഞ്ഞി. ഇത് കർക്കടകമാസത്തിൽ അത്താഴസമയത്തു കഴിക്കുന്നതാണുത്തമം. പത്തുദിവസം മുതൽ ഒരുമാസം (രാമായണ മാസം — കർക്കടകം) മുഴുവൻ ഇതുപയോഗിക്കാം. ഉഴിച്ചിൽ, പിഴിച്ചിൽ ഇവയ്ക്കു ശേഷം ഏറെ ഉത്തമം. കഞ്ഞികുടിക്കുന്ന കാലത്ത് ഒപ്പം പഞ്ചകർമചികിത്സകളും ചെയ്താൽ ദോഷങ്ങളകന്ന് ശരീരം ശുദ്ധമാകും.

കർക്കടകക്കഞ്ഞിയുപയോഗിക്കുമ്പോൾ മദ്യപാനം, പുകവലി, മത്സ്യമാംസങ്ങൾ, മുട്ട, ലഹരിപദാർഥങ്ങൾ, കഠിനാധ്വാനം, ഉറക്കമൊഴിക്കൽ, ദൂരയാത്ര ഇവ ഒഴിവാക്കണം.

കർക്കടകക്കഞ്ഞികൾ വീട്ടിലുണ്ടാക്കാം

∙ അരിയുടെ പത്തിലൊന്ന് അളവിൽ ഔഷധങ്ങളുടെ പൊടി ചേർത്താണ് കഞ്ഞി തയാറാക്കേണ്ടത്. ഉലുവയും കുത്തരി (പുഴുക്കലരി) പൊടിയരിയും ചേർത്തും ഉലുവയും ഞവര അരിയും ചെറുപയറും ചേർത്തും കഞ്ഞിയുണ്ടാക്കി, തേങ്ങാപ്പാലും ജീരകപ്പൊടിയും ഉപ്പും ചേർത്ത് കർക്കടകക്കഞ്ഞി കുടിച്ചാൽ ശരീരതാപമകറ്റി ശക്തിയും ദേഹപുഷ്ടിയുമുണ്ടാകും.

തവിടുള്ള കുത്തരി, ഉലുവ ഇവ വേവിച്ചു പലതരം മരുന്നുപൊടികളും തേങ്ങാപ്പാലും ചേർത്തു ഉണ്ടാക്കാവുന്ന കഞ്ഞിപായ്ക്കറ്റുകൾ കർക്കടകത്തിൽ വിപണിയിലെത്തും. റെഡിമെയ്ഡ് കഞ്ഞികളും സുലഭമാണ്.

∙ കുറുന്തോട്ടിവേര്, കയ്യോന്നി, പർപ്പടകപ്പുല്ല്, ചെറൂള, ചിറ്റരത്ത, കൊഴുപ്പ, ചെറുപുള്ളടി, ബലിക്കറുക, ചെറുചീര ഇവ ഇടിച്ചു പിഴിഞ്ഞ നീരിലോ, ഇവയുടെ പൊടി കലക്കിയ വെള്ളത്തിലോ അരിയിട്ടു വേവിച്ചു തേങ്ങാപ്പാലും അൽപം നെയ്യ്, ഉപ്പ് ഇവയും ചേർത്തു കഴിക്കുക.

∙ തഴുതാമ, കീഴാർനെല്ലി, വള്ളി ഉഴിഞ്ഞ, നിലപ്പന, വിഷ്ണുക്രാന്തി, പൂവാംകുറുന്തൽ, മുയൽച്ചെവിയൻ, കറുക, തിരുനാളി, മുക്കുറ്റി, പനിക്കൂർക്ക, തൊട്ടാവാടി, ശംഖുപുഷ്പം, ആവണക്ക്, ആടുതീണ്ടാപ്പാല, ചെറുകടലാടി ഇവയും പൊടിച്ചു മരുന്നുകഞ്ഞിക്കുപയോഗിക്കാം. ഇവയുടെ പൊടി മാത്രമായും ലഭ്യമാകും.

∙ ഞവരയരി, ഉലുവ ചേർത്തു വേവിച്ചെടുത്ത് അതിൽ ജീരകം, അയമോദകം, വെളുത്തുള്ളി, ചുവന്നുള്ളി, നാളികേരം, കുറുന്തോട്ടി, ചെറുളവേര് ഇവ അരച്ചെടുത്ത് കഞ്ഞിയുണ്ടാക്കാം. പൊടിച്ചതു ചേർത്തും കഞ്ഞിവയ്ക്കാം.

∙ ചുവന്ന ഇരുപ്പുഴുക്കലരിയിട്ടു കഞ്ഞിവച്ച് അതു തിളച്ചുവരുമ്പോൾ തൊട്ടാവാടി, കുടങ്ങൽ, ചങ്ങലംപരണ്ട, നെയ്വള്ളി, കറുക ഇവ ചതച്ചു നേർത്ത് തുണിയിൽ കിഴി കെട്ടിയിട്ടു കുരുമുളകു ചതച്ചതും ജീരകപ്പൊടിയും ചുക്കുപൊടിയും ഒരു ചെറുകഷണം കറുവപ്പട്ടയും ചേർത്തു വാങ്ങിവച്ചു പിഴിഞ്ഞെടുത്തു ചെറുചൂടോടെ കഴിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com