ADVERTISEMENT

ഓണാഘോഷത്തിൽ ഏറ്റവും പ്രധാനം വിഭവ സമൃദ്ധമായ ഓണസദ്യയാണ്. മറ്റു വിശേഷദിവസങ്ങളിലും കല്യാണങ്ങൾക്കും മറ്റും സദ്യയാണ് വിളമ്പാറുള്ളത്. ഇന്നത്തെ ജീവിത സാഹചര്യത്തിൽ, പ്രത്യേകിച്ച് പ്രമേഹം പോലുള്ള ജവീതശൈലീ രോഗങ്ങളുടെ തലസ്ഥാനമായി മാറിയ മലയാളക്കരയിൽ, സദ്യയുടെ ആരോഗ്യപരമായ മേന്മകളെപ്പറ്റിയും സദ്യയുണ്ണുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെപ്പറ്റിയും മനസ്സിലാക്കാം. 

സദ്യയുടെ മേന്മകൾ
∙സദ്യയിൽ നോൺ വെജ് സാധാരണ വിളമ്പാറില്ല. സസ്യാഹാരമാണ് ആരോഗ്യത്തിന്, പ്രത്യേകിച്ച് ഹൃദയാരോഗ്യത്തിനു നന്ന്. പ്രശസ്ത കാർഡിയോളജിസ്റ്റ് Dr. Dean Ornish  അദ്ദേഹത്തിന്റെ പ്രശസ്തമായ പുസ്തകത്തിൽ  (Reversing heart diseases) സസ്യാഹാരമാണ് ഹൃദയാരോഗ്യത്തിനു നന്ന് എന്ന് അടിവരയിട്ട് വ്യക്തമാക്കുന്നുണ്ട്. 

∙ധാരാളം പച്ചക്കറികൾ ഉൾപ്പെടുത്തിയ അവിയൽ പച്ചക്കറികളുടെ ഒരു കൂമ്പാരം ആണെന്നു പറയാം. സാമ്പാറും അതുപോലെതന്നെ. മുരിങ്ങയ്ക്കാ ഉൾപ്പെടെയുള്ള പച്ചക്കറികളിൽ ആരോഗ്യത്തിനാവശ്യമായ ഭക്ഷ്യ നാരുകൾ ധാരാളമുണ്ട്.  കൂടാതെ വൈറ്റമിനുകൾ, ധാതുക്കൾ, ആന്റി ഓക്സിഡന്റുകൾ, ഫൈറ്റോ കെമിക്കൽസ്, എൻസൈം എന്നിവയും ഉണ്ട്. സദ്യയ്ക്കു വേണ്ടി പച്ചക്കറികൾ വാങ്ങുമ്പോൾ ജൈവകൃഷി ചെയ്തവയും പുതുമയുള്ളവയും തിരഞ്ഞെടുക്കുക. സദ്യയോടൊപ്പം നൽകുന്ന പഴം പലരും കഴിക്കാറില്ല. പഴങ്ങൾ പോഷകങ്ങളുടെ കലവറയാണ്.

മാറ്റം ആവശ്യമായ ഒരു കാര്യം അരിയാണ്. മില്ലിൽനിന്നു ലഭിക്കുന്ന സാധാരണ അരികളെല്ലാം തവിട് നീക്കം ചെയ്യപ്പെട്ടവയാണ്. മില്ലുകൾ വരുന്നതിനു മുമ്പു വീട്ടിൽ നെല്ല് കുത്തുമ്പോൾ തവിടു നീക്കം ചെയ്യപ്പെടുന്നില്ലായിരുന്നു. തവിടിൽ നാരുകൾ, വൈറ്റമിൻ (തയമിൻ) ചില ധാതുക്കൾ എന്നിവ അടങ്ങിയിട്ടുണ്ട്. തവിട് നീക്കം ചെയ്യുന്നതോടെ ഈ വക പോഷകങ്ങളും നീക്കം ചെയ്യപ്പെടുന്നു. ബാക്കി നമുക്ക് ലഭിക്കുന്നത് അന്നജം മാത്രമാണ്. അത് ശരീരത്തിനു നൽകുന്നത് കൂടുതൽ കാലറി മാത്രം. അതുകൊണ്ട് സദ്യയ്ക്കും തവിടുള്ള കുത്തരി ഉപയോഗിച്ചാൽ ആരോഗ്യപരമായി നന്നായിരിക്കും. അതുപോലെതന്നെ സദ്യയുണ്ണുമ്പോൾ ചോറിന്റെ അളവ് കുറച്ചും അവിയൽ ഉൾപ്പെടെയുള്ള കറികൾ കൂടുതലായും ഉപയോഗിക്കുക. ചോറും കറിയും എന്നതിന് പകരം കറിയും ചോറും എന്നോർക്കുക. പ്രമേഹ രോഗികൾ ഇക്കാര്യം പ്രത്യേകം ഓർക്കണം. 

സദ്യ ഒരുക്കുമ്പോൾ പ്രോട്ടീന്റെ കുറവ് പരിഹരിക്കാൻ ബീൻസ്, അച്ചിങ്ങ പയർ, ചെറുപയർ, വൻപയർ എന്നിവ കൂടുതലായി ഉൾപ്പെടുത്തുക. 

സദ്യ രുചികരവും പോഷകസമൃദ്ധവും ആണെങ്കിലും അതു മിതമായേ ഭക്ഷിക്കാവൂ. പായസവും അതുപോലെ തന്നെ. പ്രമേഹരോഗികൾ പായസം തീർത്തും ഉപേക്ഷിക്കുകയാണു നന്ന്. നിർബന്ധമാണെങ്കിൽ കുറച്ചു മാത്രം കഴിക്കുക.

സദ്യയ്ക്കു ശേഷം ഉടനെ കിടക്കുന്നതും ഉറങ്ങുന്നതും നന്നല്ല. ഓണക്കാലമാണെങ്കിലും ദിവസേനയുള്ള വ്യായാമം മുടക്കാതിരിക്കണം. സദ്യയിലൂടെ ശരീരത്തിലെത്തിയ അധിക കാലറികൾ കുറച്ച് ഉപയോഗിച്ചു തീർക്കാനാവും. 

(മെഡിക്കൽ ഗ്രന്ഥകാരനും പൊതുജനാരോഗ്യ പ്രവർത്തകനുമായ ലേഖകൻ പൊൻകുന്നം ശാന്തിനികേതന്‍ ആശുപത്രിയിൽ സേവനം അനുഷ്ഠിക്കുന്നു)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com