sections
MORE

മൈദ നിസാരക്കാരനല്ല, പൊറോട്ട കഴിക്കുന്നത് ഒഴിവാക്കണോ?

processed-foods
പ്രതീകാത്മക ചിത്രം
SHARE

സംസ്കരിച്ച ഭക്ഷണം കഴിക്കുന്നത് ഇന്നു പലരുടെയും ശീലമാണ്. അവ രുചികരമാണെങ്കിലും ആരോഗ്യത്തിനു ഹാനികരമാണ്. ഭക്ഷണപദാർഥങ്ങൾ സംസ്കരിക്കപ്പെടുമ്പോൾ അല്ലെങ്കില്‍ പ്രക്രിയയ്ക്കു വിധേയമാക്കപ്പെടുമ്പോൾ അതിൽ അടങ്ങിയിരിക്കുന്ന പല പോഷകങ്ങളും നഷ്ടപ്പെടുന്നു. ഇതുതന്നെയാണ് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവുന്നത്.

ആരോഗ്യപ്രശ്നങ്ങൾ

∙ നാരുകൾ നീക്കം ചെയ്യപ്പെടുന്നു

സംസ്കരിച്ച ഭക്ഷണങ്ങൾ ശരീരത്തിലെത്തുമ്പോള്‍ അവയിൽ നാരുകൾ ഇല്ലാത്തതുകൊണ്ട് പെട്ടെന്ന് ദഹിക്കുകയും ഗ്ലൂക്കോസ് ആയി മാറ്റപ്പെടുകയും ചെയ്യുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ നില ഉയർത്തുന്നു. തന്മൂലം ശരീരത്തിന് കൂടുതൽ ഇൻസുലിൻ ഉൽപാദിപ്പിക്കേണ്ടി വരുന്നു. ഇത് ക്രമേണ അമിതവണ്ണത്തിനും പ്രമേഹത്തിനും കാരണമാകും. നാരുകൾ ഇല്ലാത്തതുമൂലം വിശപ്പു പെട്ടെന്നു കുറയുകയില്ല. ഇത് അമിതാഹാരത്തിനും അങ്ങനെ അമിതവണ്ണത്തിനും കാരണമാവുന്നു.

∙ പോഷകങ്ങൾ നഷ്ടപ്പെടുന്നു

വൈറ്റമിൻസ്, ധാതുക്കൾ, ആന്റി ഓക്സിഡന്റുകള്‍, ഫൈറ്റോ കെമിക്കൽസ് തുടങ്ങിയവയൊക്കെ നഷ്ടമാവുന്നു. തൈയമിൻ – 77, നിയാസിൻ – 80, വൈറ്റമിൻ ഇ – 86, ഫോളിക് ആസിഡ് – 67, മഗ്നീഷ്യം – 85, സിങ്ക് –77, കാൽസ്യം – 60 എന്നീ ശതമാനത്തിൽ വൈറ്റമിനുകളും ധാതുക്കളും നഷ്ടപ്പെടുന്നു. ഇവ ചില ഉദാഹരണങ്ങൾ മാത്രം.

∙ സംസ്കരിച്ച ഭക്ഷണങ്ങളിലുള്ള ഓക്സി കൊളസ്ട്രോൾ രക്തത്തിലെ ആകെ കൊളസ്ട്രോളിന്റെ അളവ് കൂട്ടുകയും അതിറോസ്ക്ലിറോസിസ് സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു.

∙ സംസ്കരിച്ച ഭക്ഷണ പദാർത്ഥങ്ങൾ ട്രൈഗ്ലിസറെഡ് നിരക്ക് കൂട്ടുന്നു.

ഏതൊരു ഭക്ഷ്യവസ്തുവും എത്രമാത്രം സംസ്കരിക്കപ്പെടുന്നുവോ അതനുസരിച്ച് ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യതയും കൂടുന്നു. സംസ്കരിച്ച ഭക്ഷ്യവസ്തുക്കളിൽ മധുരത്തിനുവേണ്ടി ചേർക്കുന്ന ഹൈഫ്രക്ടോസ് കോൺസിറപ്പ്, വനസ്പതി പോലെയുള്ള ഓയിലുകൾ എല്ലാം പലവിധ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും.

സംസ്കരിച്ച ധാന്യപ്പൊടികളിൽ മൈദയാണ് കൂടുതൽ അപകടകാരി. പൊറോട്ടയിലും ഒട്ടുമിക്ക ബേക്കറി ഉൽപന്നങ്ങളിലും മൈദയാണ് അടിസ്ഥാനഘടകം. പലതിലും മൈദയോടൊപ്പം ഷുഗറും അടങ്ങിയിരിക്കുന്നു. മൈദ കൊണ്ട് ഉണ്ടാക്കുന്ന എല്ലാ ആഹാരവും കുട്ടികളും മുതിർന്നവരും പരമാവധി ഒഴിവാക്കുന്നതാണ് ആരോഗ്യത്തിനു നന്ന്.

നാം ലഘുഭക്ഷണമായി ഉപയോഗിക്കുന്ന പലതും ഊർജ്ജം കൂടുതലുള്ളവയും പോഷകങ്ങള്‍ കുറവുള്ളതും സംസ്കരിച്ചവയുമാണ്. സംസ്കരിച്ച ഭക്ഷണത്തിനു പകരം സംസ്കരിക്കാത്ത, പ്രകൃതിയില്‍ നിന്നും കിട്ടുന്ന, ഓർഗാനിക് ആയി കൃഷി ചെയ്ത ഭക്ഷ്യവസ്തുക്കൾ മാത്രം ഭക്ഷിക്കുക. ബദാം, കശുവണ്ടിപ്പരിപ്പ്, വാൾനട്സ്, പഴങ്ങൾ, പച്ചക്കറികൾ എന്നിവ ഏറെ ആരോഗ്യദായകമാണ്

(മെഡിക്കൽ ഗ്രന്ഥകാരനും പൊതുജനാരോഗ്യ പ്രവർത്തകനുമായ ലേഖകൻ പൊൻകുന്നം ശാന്തിനികേതന്‍ ആശുപത്രിയിൽ സേവനം അനുഷ്ഠിക്കുന്നു)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA