ADVERTISEMENT

നല്ല പേശീവലുപ്പവും ബലവും ശരീരാകൃതിയും ആൺകുട്ടികളുടെയും പുരുഷന്മാരുടെയും സ്വപ്നമാണ്. അതിന് അത്യാവശ്യം വേണ്ടത് പ്രോട്ടീൻ (മാംസ്യം) ആണെന്ന് എല്ലാവർക്കും അറിയാം. ആഹാരസാധനങ്ങളിൽ കൂടി അത് ലഭ്യമാക്കുന്നതിനു പകരം പലരും പ്രോട്ടീൻ പൗഡറും മറ്റും ഉപയോഗിക്കുന്നു. ശരീരത്തിൽ പ്രോട്ടീൻ കുറവുള്ളവർക്ക് സപ്ലിമെന്റ് നല്ലതാണെങ്കിലും സാധാരണ ആരോഗ്യമുള്ളവർക്ക് ഭക്ഷണത്തിൽ കൂടിത്തന്നെ അവ ലഭ്യമാക്കുന്നതാണ് നല്ലത്. കാരണം പ്രോട്ടീനെക്കൂടാതെ മറ്റു പല പോഷകങ്ങളും അവയിൽക്കൂടി ശരീരത്തിനു ലഭിക്കുന്നു. 

നമ്മുടെ ശരീരത്തിൽ ജലം കഴിഞ്ഞാല്‍ ഏറ്റവും കൂടുതലുള്ളത് പ്രോട്ടീനാണത്രേ. ഏതാണ്ട് 40,000 പ്രോട്ടീനുകൾ ശരീരത്തിലുണ്ടെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. പേശികൾ, ഹൃദയം, തലച്ചോറ്, രക്തകോശങ്ങൾ, ആന്റി ബോഡീസ്, ഹോർമോൺ തുടങ്ങിയവയുടെ നിർമാണത്തിന് പ്രോട്ടീൻ ആവശ്യമാണ്. അമിനോ അമ്ലങ്ങൾ കൊണ്ടാണ് പ്രോട്ടീൻ നിർമിക്കുന്നത്. ഇംഗ്ലിഷ് അക്ഷരമാലയിലെ 26 അക്ഷരങ്ങൾ കൊണ്ട് ആയിരക്കണക്കിന് വാക്കുകൾ ഉണ്ടാക്കുന്നതു പോലെ ഇരുപത് അമിനോആസിഡുകൾ കൊണ്ടാണ് ഈ പ്രോട്ടീനുകളെല്ലാം നിർമിക്കുന്നത്. ഇരുപത് അമിനോ ആസിഡുകളിൽ ഒൻപത് എണ്ണം ശരീരത്തിന് സ്വയം ഉത്പാദിപ്പിക്കുവാൻ കഴിയില്ല. ഇവയെ എസ്സൻഷ്യൽ അമിനോ ആസിഡുകൾ എന്നു വിളിക്കുന്നു. നാം കഴിക്കുന്ന ഭക്ഷണത്തിലൂടെ ഇവ ലഭ്യമാക്കണം. മൃഗജന്യ ഭക്ഷണത്തിൽ പ്രോട്ടീൻ ധാരാളമുണ്ടെന്നു മാത്രമല്ല എല്ലാ അമിനോ ആസിഡുകളും ഇതിലുണ്ട്. 

പ്രോട്ടീൻ കൂടുതലുള്ള ഭക്ഷണപദാർഥങ്ങൾ

∙ റെഡ്മീറ്റ് (ബീഫ്, മട്ടൻ, പോർക്ക്), ചിക്കൻ, മുട്ട, മീൻ, പാൽ, പാലുൽപന്നങ്ങൾ.

∙ തവിടുള്ള കുത്തരി, മുഴുധാന്യങ്ങൾ (ഗോതമ്പ്, ഓട്സ്, പഞ്ഞപ്പുല്ല് എന്നിവ), മുളപ്പിച്ച ധാന്യങ്ങൾ (seeds), അണ്ടിപ്പരിപ്പുകൾ

∙ പയറുവർഗങ്ങൾ, ബീൻസ്, അച്ചിങ്ങാ പയർ, മറ്റ് പയറുകൾ, സോയാ ബീൻസ്. സോയാബീനിൽ എല്ലാ അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്. 

∙ പച്ചനിറമുള്ള ഇലക്കറികൾ

∙ തൈര് – എല്ലാം അമിനോ അമ്ലങ്ങളും അടങ്ങിയിരിക്കുന്നു. കൂടാതെ ദഹനത്തെ സഹായിക്കുന്നു. ലാക്ടോബാസിലസ്, വൈറ്റമിൻ എ, ഡി, ബി കോംപ്ലക്സ് എന്നിവയും ഉണ്ട്. 

ചുവന്ന മാംസങ്ങളിൽ ധാരാളം കംപ്ലീറ്റ് പ്രോട്ടീനുകള്‍ ഉണ്ടെങ്കിലും പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്ന പൂരിത കൊഴുപ്പും കൂടുതലായി ഉണ്ട്. ഹൃദയാഘാതം, സ്ട്രോക്ക് എന്നിവ വരാതിരിക്കാൻ സസ്യാഹാരങ്ങളും അവയിൽ നിന്നു ലഭിക്കുന്ന പ്രോട്ടീനുമാണ് നല്ലതെന്ന് പൊതുവേ അംഗീകരിച്ചിട്ടുണ്ട്. സസ്യാഹാരങ്ങളിലെ പ്രോട്ടീനെ മാത്രം ആശ്രയിക്കുന്നവർ പ്രോട്ടീൻ അടങ്ങിയ വിവിധ ഭക്ഷ്യ വർഗത്തിൽപ്പെട്ട ഭക്ഷണ സാധനങ്ങൾ ദിവസവും കഴിക്കണം. ഉദാഹരണം്ര തവിടുള്ള കുത്തരിയുടെ ചോറിന്റെ കൂടെ പയർവർഗങ്ങൾ, ബീൻസ്, കൂൺ എന്നിവ ഉൾപ്പെടുത്തുക. അങ്ങനെയുള്ളവർക്ക് തൈര് വളരെ പ്രയോജനം ചെയ്യും. സോയാബീൻസ് കൊണ്ട് ഉണ്ടാക്കിയ ഭക്ഷണസാധനങ്ങളിലും പ്രോട്ടീൻ ധാരാളം ഉണ്ട്. കൂടാതെ മറ്റ് പല പോഷകങ്ങളും. എപ്പോഴും കോംപിനേഷൻ ഫുഡ്സ് ആണ് ഉത്തമം. 

English Summary: Protein rich foods

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com