എന്താണ് സ്പിരുലിന? എന്തുകൊണ്ട് സ്പിരുലിന കഴിക്കണം?

spirulina
SHARE

നിരവധി പോഷകങ്ങൾ അടങ്ങിയ ഒരുതരം നീലഹരിതപായലാണ് സ്പിരുലിന. വെറുതെ പായലെന്നു പറഞ്ഞു തള്ളാനാവില്ല. ബഹിരാകാശയാത്രികരുടെ ഭക്ഷണമായി നാസ തിരഞ്ഞെടുത്ത വിഭവം, പോഷകാഹാരക്കുറവിനു പരിഹാരമായി ലോകാരോഗ്യ സംഘടനയും ഐക്യരാഷ്ട്രസഭയും കണ്ടെത്തിയ ഭക്ഷണം... എന്നിങ്ങനെ നീളുന്നു സ്പിരുലിനയുടെ വിശേഷണങ്ങൾ.

∙ പോഷകങ്ങങ്ങളുടെ കലവറ

പാലും മുട്ടയുമായി താരതമ്യപ്പെടുത്തുമ്പോൾ പല മടങ്ങുവരും ഈ പായലിലെ പ്രോട്ടീൻ സമൃദ്ധി. ആന്റി ഓക്സിഡന്റുകളാൽ സമൃദ്ധമായ ഇവ ശരീരത്തിലെ രോഗ പ്രതിരോധ വ്യൂഹങ്ങളെ പരിപോഷിപ്പിക്കുന്നു. മനുഷ്യർക്കു മാത്രമല്ല, മത്സ്യങ്ങൾക്കും വളർത്തുമൃഗങ്ങൾക്കുമെല്ലാം പോഷക ഭക്ഷണമായി സ്പിരുലിന പ്രചാരം നേടിയിട്ടുണ്ട്. ഇവയുടെ പ്രധാന ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം

∙ ശരീരഭാരം കുറയ്ക്കാം

ഭക്ഷണത്തിലൂടെയുള്ള അമിത കലോറിയുടെ നിയന്ത്രണം ശരീരഭാരം കുറയ്ക്കുന്നതിന്റെ ആദ്യ പടിയെന്നിരിക്കെ,

കുറഞ്ഞ കലോറിയും കൂടുതൽ പോഷകഗുണങ്ങളുമുള്ള സ്പിരുലിന കഴിക്കുന്നതു വഴി ശരീരഭാരം കുറയ്ക്കാം. മൂന്നുമാസം സ്പിരുലിന കഴിച്ചതിലൂടെ ബിഎംഐ (ബോഡി മാസ് ഇൻഡക്സ്) ൽ നേട്ടമുണ്ടായതായി പഠനം പറയുന്നു.

∙ പ്രമേഹം നിയന്ത്രിക്കാം

ഉയർന്ന ഫാസ്റ്റിങ് ഷുഗറാണ് ടൈപ്പ് 1,2 പ്രമേഹരോഗികളിൽ കാണുന്ന പ്രധാന പ്രശ്നം. എന്നാൽ 2018ൽ നടത്തിയ പഠനം അനുസരിച്ച് സ്പിരുലിന ഫാസ്റ്റിങ് ബ്ലഡ് ഷുഗർ ഗണ്യമായി കുറയ്ക്കുന്നതായി കണ്ടെത്തി. 2017 ൽ എലിയിൽ നടത്തിയ പഠനത്തിൽ ഇൻസുലിൻ അളവും ലിവർ എൻസൈമും ഗുണകരമായി വർധിക്കുന്നതായി കണ്ടെത്തിയിരുന്നു. സ്പിരുലിനയിലെ ആന്റി ഓക്സിഡന്റുകളും ടൈപ്പ് 1 പ്രമേഹം നിയന്ത്രിക്കാൻ സഹായകരമാണ്.

∙ കൊളസ്ട്രോൾ കുറയ്ക്കുന്നു

സ്പിരുലിന കഴിക്കുന്നതിലൂടെ എൽഡിഎൽ (ചീത്ത കൊളസ്ട്രോൾ) അളവ് കുറയുകയും എച്ച്ഡിഎൽ (നല്ല കൊളസ്ട്രോൾ) അളവ് കൂടുകയും ചെയ്യുന്നു.

∙ രക്ത സമ്മർദം കുറയ്ക്കുന്നു

അമിതഭാരവും ഹൈപ്പർ ടെൻഷനും ഉള്ളവരിൽപ്പോഴും സ്പിരുലിനയുടെ ഉപയോഗം രക്ത സമ്മർദം നിയന്ത്രണവിധേയമാക്കാനായെന്ന് 2016 ൽ നടത്തിയ പഠനം പറയുന്നു.

∙ കുടലിന്റെ ആരോഗ്യം വർധിപ്പിക്കുന്നു

സ്പിരുലിന ഉപയോഗിക്കുന്നതുവഴി കുടലിന്റെ ആരോഗ്യം വർധിപ്പിക്കുകയും കുടലിലെ ആരോഗ്യകരമായ സൂക്ഷ്മാണുക്കളെ സംരക്ഷിക്കുകയും ചെയ്യുന്നു.

എന്നാൽ ആവശ്യത്തിവു ഫൈബർ അടങ്ങിയ ഭക്ഷണമല്ല സ്പിരുലിന. അതിനാൽ ഇതിനൊപ്പം ഫൈബർ അടങ്ങിയ ഭക്ഷണവും കൂടുതലായി കഴിക്കേണ്ടതാണ്.

English Summary: Health benefits of Spirulina

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
FROM ONMANORAMA