ADVERTISEMENT

രാവിലെ രാജാവിനെപ്പോലെ കഴിക്കണം എന്നു പറയുന്നതു നമ്മളെല്ലാവരും കേട്ടിട്ടുണ്ടാകും. എന്താണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അറിയാമോ? പ്രഭാതഭക്ഷണം എല്ലാ പോഷകങ്ങൾ അടങ്ങിയതും സന്തുലിതവുമാകണം എന്നതാണ് ഇതുകൊണ്ട് അർഥമാക്കുന്നത്. രാത്രിയിലെ മണിക്കൂറുകൾ നീണ്ട ഉപവാസത്തിനുശേഷം ഭക്ഷണം കഴിക്കുമ്പോൾ ശരീരത്തിലെ ഉപപാപചയ സംവിധാനം ഉണർന്നു പ്രവർത്തിച്ചു തുടങ്ങും. രാവിലെ കഴിക്കുന്ന ഭക്ഷണത്തിലൂടെ ലഭിക്കുന്ന ഊർജ്ജം തലച്ചോറിനു ക്ഷീണം കളഞ്ഞു പ്രവർത്തിക്കാനുള്ള ഇന്ധനമാകുന്നു. 

എങ്ങനെ കഴിക്കണം?

രണ്ടോ മൂന്നോ ദോശ, ഇഡ്‌ലി അല്ലെങ്കിൽ ചപ്പാത്തി, കറി, ഒരു മുട്ട പുഴുങ്ങിയത്, ഒരു ഗ്ലാസ് പാൽ എന്നിവ കഴിക്കാം. പ്രാതലിനു ശേഷം അൽപം പഴങ്ങളും കൂടെ കഴിച്ചാൽ സമ്പൂർണവും ഉത്തമവുമായ പ്രഭാതഭക്ഷണമായി. ആരോഗ്യകരമായ പ്രാതലിൽ വേണ്ടത് കാർബോഹൈഡ്രേറ്റും പ്രോട്ടീനുമാണ്. ശരീരം കാര്യക്ഷമമായി പ്രവർത്തിക്കാനുള്ള ഊർജ്ജം കാർബോഹൈഡ്രേറ്റ് നൽകുമ്പോൾ പ്രോട്ടീൻ വയറു നിറഞ്ഞ തൃപ്തിയുണ്ടാക്കുന്നു. നമ്മുടെ നാടൻ പ്രാതലുകളായ അപ്പം–കടല, പുട്ട–കടല, ദോശ–സാമ്പാർ ചേരുവകളെല്ലാം പോഷകസമൃദ്ധവും സന്തുലിതവുമാണ്.

എപ്പോൾ കഴിക്കണം?

പ്രാതൽ എത്ര നേരത്തെ കഴിക്കുന്നുവോ അത്രയും നല്ലത്. എന്തായാലും എട്ടു മണിക്കു മുൻപു കഴിക്കാം. 

പ്രാതലിനൊപ്പം കാപ്പി വേണ്ട

പ്രാതലിനൊപ്പം കാപ്പിയോ ചായയോ കുടിക്കരുത്. ഇവയിലെ കഫീൻ പ്രാതലിൽ നിന്നുള്ള അയൺ ആഗിരണത്തെ തടയും. ഭക്ഷണത്തിന് ഒരു മണിക്കൂർ മുമ്പ് കാപ്പി കുടിക്കാം. 

ഇൻസ്റ്റന്റ് ബ്രേക്ക്ഫാസ്റ്റ് സ്ഥിരമാക്കേണ്ട

ഓട്സ്, കോൺഫ്ളേക്സ്, മ്യൂസ്‌ലി പോലെ സംസ്കരിച്ച ഇൻസ്റ്റന്റ് പ്രാതൽ വിഭവങ്ങൾ സ്ഥിരമായി കഴിക്കുന്നതു നല്ലതല്ല. വല്ലപ്പോഴും കഴിച്ചാൽതന്നെ ഉണക്കപ്പഴങ്ങളും അണ്ടിപരിപ്പുകളും പാലുമൊക്കെ ചേർത്ത് പോഷകപ്രദമായി കഴിക്കുക. 

കപ്പയും പൊറോട്ടയും അധികമാക്കേണ്ട

കപ്പ, കിഴങ്ങു വിഭവങ്ങൾ കൊണ്ടുള്ള പ്രാതല്‍ ശാരീരിക അധ്വാനമുള്ളവർ സ്ഥിരമായി കഴിച്ചാൽ കുഴപ്പമില്ല. അല്ലാത്തവരിൽ ഇതു ഭാരം കൂട്ടാം. പൊറോട്ട പോലുള്ള മൈദ വിഭവങ്ങൾ ദഹനവ്യവസ്ഥയ്ക്ക് അമിത ജോലിഭാരം നൽകും. ഇത് ഭാവിയിൽ ദഹനസംബന്ധിയായ പ്രശ്നങ്ങൾക്കു കാരണമാകും.

English Summary: Healthy breakfast tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com