ADVERTISEMENT

ഒരു ആരോഗ്യഭക്ഷണം ആയതിനാൽ പ്രഭാതഭക്ഷണമായി മുട്ട കഴിക്കുന്നവർ നിരവധിയാണ്. മുട്ടയുടെ മഞ്ഞക്കരുവിൽ കൊളസ്ട്രോളിന്റെ അളവ് കൂടുതലായതിനാൽ ആരോഗ്യത്തിന് ഹാനികരമാണിത് എന്നു കരുതുന്നവരും കുറവല്ല. എന്നാൽ മിതമായ അളവിൽ മുട്ട കഴിക്കുന്നത് ആരോഗ്യകരമാണ് എന്നാണ് വിദഗ്ധർ പറയുന്നത്. ദിവസവും  രണ്ടു മുട്ട വീതം കഴിച്ചാൽ ലഭിക്കുന്ന ഗുണങ്ങളെക്കുറിച്ചറിയാം. 

കൊളസ്ട്രോളിനെ എങ്ങനെ ബാധിക്കുന്നു?

ഒരു മുട്ടയിൽ ഏതാണ്ട് 186 മില്ലി ഗ്രാം ഡയറ്ററി കൊളസ്ട്രോൾ ഉണ്ട്. എഴുപതുശതമാനം പേരിലും മുട്ട കൊളസ്ട്രോൾ കൂട്ടില്ല. ബാക്കിയുള്ള 30 ശതമാനത്തിന് എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് അല്പം കൂടാം. 

മറ്റൊരു ഗുണം, മുട്ട കഴിക്കുന്നത് നല്ല കൊളസ്ട്രോൾ അഥവാ എച്ച്ഡിഎൽ കൊളസ്ട്രോളിന്റെ അളവ് കൂട്ടും എന്നതാണ്. മതിയായ അളവിൽ എച്ച്ഡിഎൽ ഉള്ളവരിൽ ഹൃദ്രോഗ സാധ്യത കുറവായിരിക്കും. ഒരു പഠനമനുസരിച്ച് ആറാഴ്ചക്കാലം ദിവസം രണ്ടു മുട്ട വീതം കഴിക്കുന്നത് എച്ച്ഡിഎല്‍– ന്റെ അളവ് 10 ശതമാനം കൂട്ടും. 

ആരോഗ്യമുള്ള ചർമം, തലമുടി, നഖങ്ങൾ

ബി വൈറ്റമിനുകളായ ജീവകം ബി12, ബി5, ബയോട്ടിൻ, റൈബോഫ്ലേവിൻ, തയാമിൻ, സെലനിയം എന്നിവയാൽ സമ്പുഷ്ടമാണ് മുട്ട. ഈ വൈറ്റമിനുകളെല്ലാം ചർമത്തിനും തലമുടിക്കും നഖങ്ങൾക്കും നല്ലതാണ്. ചർമത്തിന്റെ ഇലാസ്റ്റിസിറ്റി മെച്ചപ്പെടുത്താനും ഫ്രീ റാഡിക്കലുകളോട് പൊരുതാനും ഇവ സഹായിക്കുന്നു. 

രോഗപ്രതിരോധ ശക്തി

2 മുട്ടയിൽ ശരീരത്തിനാവശ്യമുള്ളതിന്റെ 59 ശതമാനം സെലനിയം, 32 ശതമാനം വൈറ്റമിൻ എ, 14 ശതമാനം അയൺ ഇവയുണ്ട്. ഇവയെല്ലാം രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തും. ജലദോഷം, പനി ഇവയ്ക്കെല്ലാം പരിഹാരമേകാനും മുട്ടയ്ക്കു കഴിയും. 

കാഴ്ചശക്തി മെച്ചപ്പെടുത്തുന്നു

ല്യൂട്ടീൻ, സീസാന്തിൻ എന്നീ ആന്റി ഓക്സിഡന്റുകൾ മുട്ടയിലുണ്ട്. ഇവ കണ്ണിന്റെ മാക്യുലാർ റീജിയണിലും ഉണ്ട്. മുട്ടയിലുള്ള ല്യൂട്ടീൻ, സീസാന്തിൻ, ഒമേഗ 3 ഇവ കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. റെറ്റിനയ്ക്ക് നാശം ഉണ്ടാകാതെ സംരക്ഷിക്കാൻ കണ്ണിന്റെ ആരോഗ്യം നിലനിർത്താൻ ഈ രണ്ട് ആന്റി ഓക്സിഡന്റുകൾ സഹായിക്കുന്നു. 

ഓർമശക്തി മെച്ചപ്പെടുത്തുന്നു

മുട്ടയിലുള്ള കോളിൻ, കൊഴുപ്പിന്റെ ഉപാപചയപ്രവർത്തനത്തിനു സഹായിക്കുന്നു. കൂടാതെ കോശസ്തരങ്ങളുടെ ആരോഗ്യം നിലനിർത്തുന്നു. തലച്ചോറിന്റെ പ്രവർത്തനവും ഓർമശക്തിയും മെച്ചപ്പെടുത്തുന്നു. സാധാരണ കഴിക്കുന്ന മറ്റ് ഭക്ഷണങ്ങളിൽ കോളിൻ കാണാറില്ല. 

ഗർഭിണികൾക്ക് 

കോർണൽ യൂണിവേഴ്സിറ്റി നടത്തിയ ഒരു പഠനമനുസരിച്ച് ഗർഭകാലത്ത് കോളിൻ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ശിശുക്കളിൽ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. 

ജീവകം ഡി

മുട്ടയിലടങ്ങിയ ജീവകം ഡി ശരീരത്തിൽ കാൽസ്യത്തിന്റെ ആഗിരണം വേഗത്തിലാക്കുന്നു. എല്ലുകളെയും പല്ലുകളെയും ഇത് ആരോഗ്യമുള്ളതാക്കുന്നു. 

വർക്കൗട്ടിനുശേഷം

ഒരു മുട്ടയിൽ 6 ഗ്രാം പ്രോട്ടീൻ ഉണ്ട്. ഇത് മുട്ടയെ വർക്കൗട്ടിനുശേഷമുള്ള മികച്ച ഒരു ലഘുഭക്ഷണം ആക്കുന്നു. മുട്ടയുടെ വെള്ളയെക്കാൾ മുഴുവൻ മുട്ട കഴിക്കുന്നത് പേശി വളർച്ചയ്ക്കും എല്ലുകളെ ശക്തിപ്പെടുത്താനും സഹായിക്കും. 

അരുണരക്താണുക്കൾ

മുട്ടയിൽ ഫോളേറ്റ് ധാരാളമുണ്ട്. രണ്ടു മുട്ട കഴിച്ചാൽ ദിവസവും ആവശ്യമുള്ളതിന്റെ പകുതി ലഭിക്കും. ഫോളേറ്റ് ഒരുതരം ബി വൈറ്റമിൻ ആണ്. ഇത് ചുവന്ന രക്താണുക്കളുടെ  നിർമാണത്തിന് സഹായിക്കും. ഗർഭസ്ഥശിശുവിന്റെ വികാസത്തിനും വളർച്ചയ്ക്കും ഈ പോഷകം പ്രധാനമായതിനാൽ ഗർഭിണികൾക്കും ഏറ്റവും നല്ല ഭക്ഷണമാണിത്. 

English Summary: What happens your body when you start eating two eggs everyday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com