വേനൽക്കാലത്ത് തണ്ണിമത്തൻ കഴിക്കും മുൻപ് അറിയാൻ...

watermelon
SHARE

വേനൽക്കാലത്ത് വിപണിയിൽ ലഭ്യമാകുന്ന പഴങ്ങളിൽ ഏറ്റവും പ്രചാരമേറിയതും കഴിക്കാൻ ഏവരും ഇഷ്ടപ്പെടുന്നതുമായ ഒന്നാണ് തണ്ണിമത്തൻ. പാനീയമായും കാമ്പായും കഴിക്കാവുന്ന തണ്ണിമത്തന്‍ കടുത്ത വേനലിൽ ദാഹം ശമിപ്പിക്കുന്നതിനൊപ്പം ശരീരത്തിന് പോഷണവും മനസ്സിന് ഉന്മേഷവും നൽകുന്നു.

കൊഴുപ്പും കൊളസ്ട്രോളും ഊർജ്ജവും നാരും അന്നജവും കുറവായ തണ്ണിമത്തനിൽ ധാരാളം ജലാംശവും വൈറ്റമിനും മിനറലുകളും ആന്റിഓക്സിഡന്റുകളുമുണ്ട്. പ്രോട്ടീൻ കുറവെങ്കിൽ തന്നെയും Citrilline എന്ന അമിനോ ആസിഡ് തണ്ണിമത്തനിൽ നല്ല തോതിലുണ്ട്. ഇത് ശരീരത്തിൽ വച്ച് Argenine എന്ന അമിനോ ആസിഡായി മാറുന്നു.  Citrilline ഉം Argenine ഉം രക്തക്കുഴലുകളെ കർക്കശമല്ലാതാക്കാനും രക്തസമ്മർദം കുറയ്ക്കാനും ഉത്തമമാണ്. അതുകൊണ്ടുതന്നെ Citrilline അടങ്ങിയിട്ടുള്ള തണ്ണിമത്തൻ രക്തസമ്മർദം കുറയ്ക്കാനും ഹൃദയത്തിന്റെ ശരിയായ പ്രവർത്തനത്തിനും സഹായിക്കുന്നു. തണ്ണിമത്തനിലെ Citrilline വ്യായാമത്തെ തുടർന്നുള്ള പേശീവലിവ് കുറയ്ക്കാനും പെർഫോർമൻസ് കൂടാനും നല്ലതാണെന്നും ചില പഠനങ്ങളിൽ തെളിയിച്ചിട്ടുണ്ട്.

തണ്ണിമത്തനില്‍ 95% വരെയും ജലാംശം ഉണ്ട് കുടിവെള്ളത്തിനൊപ്പം ജലാംശം കൂടുതലുള്ള ഭക്ഷണം കഴിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിർത്താൻ ഉത്തമമാണ്. ഇവയ്ക്കൊപ്പം വൈറ്റമിനുകളായ സി, എ,  പാന്തോതെനിക് ആസിഡ്, പൊട്ടാസ്യം, കോപ്പർ, കാൽസ്യം  എന്നിവയും മിതമായ അളവിൽ  തണ്ണിമത്തനില്‍  അടങ്ങിയിട്ടുണ്ട്.

പ്ലാന്റ് സംയുക്തമായ ലൈസോപീൻ ആണ് മറ്റൊരു പ്രധാന ഘടകം. ഇവ ധാരാളമായി തണ്ണിമത്തനില്‍ കാണപ്പെടുന്നു. ഇതാണ് തണ്ണിമത്തന് ചുവന്ന നിറം നൽകുന്നത്. ലൈസോപീനും മറ്റ് ആന്റിഓക്സിഡന്റുകളായ വൈറ്റമിൻ സി യും മറ്റും കൂടുമ്പോൾ തണ്ണി മത്തൻ കാൻസർ പ്രതിരോധിക്കാനും ഹൃദയത്തിന്റെ ആരോഗ്യസംരക്ഷണത്തിനും അണുബാധ കുറയ്ക്കാനും രോഗപ്രതിരോധശക്തി കൂടാനും സഹായിക്കുന്നു. വൈറ്റമിനുകളായ എ യും സി യും മറ്റു വൈറ്റമിനുകളും തണ്ണിമത്തനില്‍ ഉള്ളതുകൊണ്ട് ഇവ ചർമത്തിന്റെയും തലമുടിയുടെയും ആരോഗ്യസംരക്ഷണത്തിനും നല്ലതാണ്. 

തണ്ണിമത്തൻ ഉത്തമം തന്നെ. എന്നാൽ അമിതമായാൽ ഇവയിലെ ലൈസോപീനും സിമ്പിൾ കാർബോഹൈഡ്രേറ്റും പ്രശ്നക്കാർ ആയി മാറും. അത് ദഹനക്കുറവിനും വയറു കമ്പിക്കലിനും വായുപ്രശ്നം, വയറിളക്കം, മലബന്ധം എന്നിവയ്ക്കും കാരണമാകാം. പൊട്ടാസ്യം കൂടുതൽ ഉള്ളതിനാൽ കിഡ്നി രോഗങ്ങളുള്ളവർ ഡോക്ടറുടെയോ ഡയറ്റീഷ്യന്റെയോ ഉപദേശപ്രകാരം മാത്രമേ ഇവ ഉപയോഗിക്കാവൂ. ഊർജത്തിന്റെ അളവ് കുറവാണെങ്കിലും  ഗ്ലൈസെമിക് ഇൻഡക്സ് കൂടുതലുള്ളതിനാൽ തണ്ണിമത്തൻ അമിതമായി ഉപയോഗിക്കുന്നത് പ്രമേഹ രോഗികളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാൻ ഇടയാക്കും. അമിതമായി മദ്യപാനം നടത്തുന്നവർ മിതമായ അളവിൽ തണ്ണിമത്തൻ ഉപയോഗിക്കുന്നതാണ് ഉത്തമം. 

English Summary: Health benefits of Watermelon

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
FROM ONMANORAMA