ADVERTISEMENT

കാലാവസ്ഥ മാറുന്നതനുസരിച്ച് പനിയും ജലദോഷവും മിക്കവർക്കും ഉണ്ടാകും. ഇപ്പോഴാണെങ്കിൽ കോവിഡ് ഭീതിയിലും ആണ് പലരും. ഭയപ്പെടേണ്ടതായി ഒന്നുമില്ല. എങ്കിലും രോഗങ്ങൾ വരാതെ തടയാൻ രോഗപ്രതിരോധ ശക്തി വർധിപ്പിക്കുന്നതിലൂടെ ഒരു പരിധിവരെ സാധിക്കും. കാലാവസ്ഥാ മാറ്റം മൂലം ഉണ്ടാകുന്ന രോഗങ്ങളെ തടയാനും രോഗപ്രതിരോധശക്തി വർധിപ്പിക്കാനും ധാരാളം വെള്ളം കുടിക്കുക. ഒപ്പം വൈറ്റമിൻ സി ധാരാളം അടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കുക. മൂന്നു ചേരുവകൾ മാത്രം അടങ്ങിയ, രോഗപ്രതിരോധ ശക്തി വർധിപ്പിക്കാൻ സഹായിക്കുന്ന ജ്യൂസ് ഒന്നു പരിചയപ്പെടാം. നെല്ലിക്ക, ഇഞ്ചി, മല്ലിയില അല്ലെങ്കിൽ പുതിനയില. ഇവ മൂന്നുമാണ് ചേരുവകൾ. മല്ലിയിലയും പുതിനയിലയും ജീവകം സി കൊണ്ടു സമ്പന്നമാണ്. 

നെല്ലിക്ക – ജലദോഷം, പനി മുതലായവയെ പ്രതിരോധിക്കാൻ ഫലപ്രദമാണ് നെല്ലിക്ക. വൈറ്റമിൻ സി ധാരാളം അടങ്ങിയ നെല്ലിക്ക ശ്വേതരക്താണുക്കളുടെ എണ്ണം വർധിപ്പിക്കാൻ സഹായിക്കുന്നു. ഇത് നിരവധി രോഗങ്ങളെയും അണുബാധകളെയും പ്രതിരോധിക്കാൻ ശരീരത്തെ സഹായിക്കുന്നു. ഇരുമ്പ്, കാല്‍സ്യം തുടങ്ങി നിരവധി ധാതുക്കളും നെല്ലിക്കയിൽ ഉണ്ട്.

ഇഞ്ചി– ഇഞ്ചിയിൽ ജിഞ്ചെറോൾ എന്ന സംയുക്തം ഉണ്ട്. ഇതിന് നിരവധി ഔഷധഗുണങ്ങൾ ഉണ്ട്. zingerone എന്ന ആന്റി ഓക്സിഡന്റും ഇഞ്ചിയിലുണ്ട്. ജിഞ്ചെറോളിന് ആന്റിബാക്ടീരിയൽ, അനാൾജെസിക്, ആന്റി പൈററ്റിക് ഗുണങ്ങൾ ഉണ്ട്. ജലദോഷം, തൊണ്ടവേദന മുതലായവ സുഖമാക്കാൻ ഇഞ്ചിയുടെ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ സഹായിക്കും. രക്തസമ്മർദവും കൊളസ്ട്രോളും നിയന്ത്രിക്കാനും ഇഞ്ചിക്കു കഴിവുണ്ട്.

മല്ലിയില– ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണിത്. നിരവധി ആരോഗ്യഗുണങ്ങൾ ഉള്ള മല്ലിയിലയിൽ രോഗപ്രതിരോധ ശക്തി വർധിപ്പിക്കുന്ന എസൻഷ്യൽ ഓയിലുകൾ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ വിഷാംശങ്ങളെ നീക്കാനും ബാക്ടീരിയകളെ പ്രതിരോധിക്കാനുമുള്ള കഴിവും മല്ലിയിലയ്ക്കുണ്ട്.

പുതിനയില– ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള പുതിനയിൽ ധാരാളം ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ചുമ മൂലം ഉണ്ടാകുന്ന അസ്വസ്ഥതകളെ ഇല്ലാതാക്കാൻ പുതിനയിലയ്ക്ക് കഴിവുണ്ട്. ഇതിന്റെ ഗന്ധം തലവേദന ഇല്ലാതാക്കാനും സഹായിക്കും. 

മൂന്ന് ചേരുവ ജ്യൂസ് 

അഞ്ചോ ആറോ നെല്ലിക്ക, ഇഞ്ചി അരിഞ്ഞത് 1 ടേബിൾ സ്പൂൺ, നാലോ അഞ്ചോ മല്ലിയില അല്ലെങ്കിൽ പുതിനയില ഇവ കഴുകി വൃത്തിയാക്കിയ ശേഷം മിക്സിയിൽ അരയ്ക്കുക. ഈ ജ്യൂസ് അരിച്ച ശേഷം അതിൽ തേനോ ബ്ലാക്ക് സോൾട്ടോ േചർക്കാം. ഒപ്പം ചാട്ട് മസാല അല്ലെങ്കിൽ ജീരകം, മല്ലി, ചുവന്ന മുളക് ഇവ വറുത്ത് പൊടിച്ചതും ചേർക്കാം. 

English Summary: Immunity boosting foods, Healthy juice

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com