ADVERTISEMENT

നല്ല പോഷകങ്ങളും പതിവായ ശാരീരിക വ്യായാമങ്ങളുമാണ് ആരോഗ്യകരമായ ജീവിതത്തിന്റെ നട്ടെല്ലെന്നു പറയാം. കോവിഡ് 19 നു കാരണമാകുന്ന നോവൽ കൊറോണ വൈറസ് ഉൾപ്പടെയുള്ള വൈറസുകളോടു പൊരുതാനും പ്രതിരോധിക്കാനുമെല്ലാം ശക്തമായ ഒരു രോഗപ്രതിരോധ സംവിധാനം ഈ സമയത്ത് ആവശ്യമാണ്. അതുകൊണ്ടുതന്നെ ശരിയായ ഭക്ഷണവും വളരെ പ്രധാനമാണ്. ശരീരത്തിലെ അമിതമായ കൊഴുപ്പ്, പ്രതിരോധകോശങ്ങളെ ഉത്തേജിപ്പിക്കുകയും അതു ശരീരത്തിന് ദോഷകരമായി മാറുകയും ചെയ്യും. സമീകൃത ഭക്ഷണം കഴിക്കുന്നതു മൂലം ആരോഗ്യകരമായ ശരീരഭാരം നിലനിർത്താനും രോഗപ്രതിരോധശക്തി വർധിപ്പിക്കാനും സാധിക്കും. ഈ ലോക്ഡൗൺ കാലയളവിൽ ശരീരഭാരം നിലനിർത്താനും ആരോഗ്യത്തോടെ ഇരിക്കാനും കോവിഡ് ഡയറ്റ് പദ്ധതിയിൽ ഉൾപ്പെടുത്തി ശീലിക്കേണ്ട ചില പോഷകങ്ങളെ പരിചയപ്പെടാം.

കോവിഡ് 19നെതിരെ വാക്സിനോ ഫലപ്രദമായ ചികിത്സയോ ലഭ്യമല്ലാത്തതിനാൽ നമ്മുടെ ശ്രദ്ധ ആരോഗ്യശീലങ്ങളിലേക്ക് പ്രത്യേകിച്ച് പ്രതിരോധശക്തി വർധിപ്പിക്കുന്ന ഭക്ഷണങ്ങളിലേക്ക് തിരിഞ്ഞിട്ടുണ്ട്. എന്നാൽ ഫിറ്റ് ആയിരിക്കാൻ എന്തു കഴിക്കണമെന്ന സംശയം പലർക്കുമുണ്ട്. കോപ്പർ, ഒമേഗ 3 ഫാറ്റിആസിഡ്, വൈറ്റമിനുകൾ മുതലായവ അടങ്ങിയ ഭക്ഷണരീതി രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തും.

പ്രതിരോധശക്തി വർധിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനും കോവിഡ് ഡയറ്റിൽ കഴിക്കേണ്ടത് ഇവയാണ്.

1. കോപ്പർ
ആരോഗ്യമുള്ള ശരീരത്തിന്, പ്രത്യേകിച്ചും പ്രതിരോധ സംവിധാനത്തിന്റെ ശരിയായ പ്രവർത്തനത്തിന് അത്യാവശ്യമായ മൈക്രോന്യൂട്രിയന്റ് ആണ് കോപ്പർ. അരുണരക്താണുക്കളെ നിർമിക്കാനും നാഡീകോശങ്ങളെ ആരോഗ്യമുള്ളതാക്കാനും കൊഴുപ്പിനെ വിഘടിപ്പിക്കാനും കൊളാജന്റെ നിര്‍മാണത്തിനും കോപ്പർ സഹായിക്കുന്നു. കൂടാതെ പ്രതിരോധ സംവിധാനത്തിനു പിന്തുണ നൽകുന്ന വളർച്ചയ്ക്കും ആരോഗ്യത്തിനും കോപ്പർ അത്യാവശ്യമാണ്. കടൽവിഭവങ്ങൾ (കണവ, വലിയ ചെമ്മീൻ, മുത്തും കക്കയും) അണ്ടിപ്പരിപ്പുകൾ, പയറുവർഗങ്ങൾ (ലെന്റിൽസ്, സോയാബീൻ), പച്ചക്കറികൾ മുതലായവയിൽ ചെമ്പ് ധാരളമുണ്ട്.

2. ഒമേഗ 3 ഫാറ്റി ആസിഡ്
ഇൻഫ്ലമേഷൻ, ഇൻസുലിൻ പ്രതിരോധം ഇവ മെച്ചപ്പെടുത്താനും ഹൃദ്രോഗത്തിന്റെ അപകടസാധ്യതകള്‍ ഇല്ലാതാക്കാനും ഒമേഗ3 ഫാറ്റി ആസിഡിനു കഴിയും. വിഷാദം അകറ്റാനും രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താനും ഇവയ്ക്കു കഴിവുണ്ട്്. ശരീരഭാരം കുറയ്ക്കാനും പൊണ്ണത്തടി പ്രതിരോധിക്കാനും സഹായിക്കുന്നു. അയല, കോര, കൂരി, മത്തി, അയലപാര തുടങ്ങിയ മത്സ്യങ്ങൾ ചിയസീഡ്സ്, ഫ്ലാക്സ്‌സീഡ്സ്, വാൾനട്ട്, സ്പിനാച്ച് എന്നിവയിലും ഒമേഗ 3 ഫാറ്റി ആസിഡുകൾ ധാരാളമുണ്ട്. 

3. വൈറ്റമിൻ ഡി
രോഗപ്രതിരോധശക്തി മെച്ചപ്പെടുത്താൻ സൺഷൈൻ എന്ന വൈറ്റമിൻ ഡിക്കു കഴിവുണ്ട്. വൈറ്റമിൻ ഡിയുടെ കുറഞ്ഞ അളവ് കോവിഡ് 19ന്റെ കൂടിയ മരണനിരക്കുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അടുത്തിടെ ഒരു പഠനം തെളിയിച്ചു. ശ്വസനസംബന്ധമായ അണുബാധകളിൽ നിന്നു സംരക്ഷണമേകാൻ വൈറ്റമിൻ ഡിക്കു കഴിവുണ്ടെന്നും പഠനങ്ങൾ നിർദേശിക്കുന്നു. ഹൃദ്രോഗം തടയാനും വിഷാദമകറ്റാനും ശരീരഭാരം പെട്ടെന്നു കുറയ്ക്കാനും ഡി വൈറ്റമിൻ സഹായിക്കുന്നു. മുട്ടയുടെ മഞ്ഞക്കരു, അയല, മത്തി, ചെമ്മീൻ, ഓറഞ്ച് ജ്യൂസ്, പാൽ, തൈര്, സെറിയൽ ഇവയെല്ലാം വൈറ്റമിൻ ഡിയുടെ അളവ് കൂട്ടും.

4. ഇരുമ്പ്
രോഗപ്രതിരോധശക്തി വർധിപ്പിക്കുന്നു, ഹീമോഗ്ലോബിന്റെ അളവ് കൂട്ടുന്നു, ക്ഷീണമകറ്റുന്നു തുടങ്ങി നിരവധി ഗുണങ്ങൾ ഇതിനുണ്ട്. ആരോഗ്യകരമായ ഗർഭാവസ്ഥയ്ക്ക് വളരെ പ്രധാനമായ ഒരു മൈക്രോന്യൂട്രിയന്റാണ് ഇരുമ്പ്. മുട്ട, കരൾ, ബീഫ്, പരിപ്പ്, പയർവർഗങ്ങൾ, അണ്ടിപ്പരിപ്പുകൾ (കശുവണ്ടി, ബദാം), മുഴുധാന്യങ്ങൾ, ഇരുണ്ട പച്ചനിറത്തിലുള്ള ഇലക്കറികൾ ഇവയെല്ലാം ഇരുമ്പിന്റെ ഉറവിടങ്ങളാണ്.

5. ഭക്ഷ്യനാരുകൾ
ശരീരഭാരം കുറയ്ക്കാനും വയറു കുറയ്ക്കാനും ഇവ സഹായിക്കുന്നു. ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, ചിലയിനം കാൻസറുകൾ ഇവ വരാനുള്ള സാധ്യതയും കുറയ്ക്കുന്നു. ഉദരത്തിലെ ബാക്ടീരിയകൾക്കു നല്ലതാണ്. ഇത് രോഗപ്രതിരോധ സംവിധാനത്തെ ആരോഗ്യമുള്ളതാക്കുന്നു. ദഹനത്തിന് നാരുകൾ പ്രധാനമാണ്. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ ഇവയിൽ നിന്നു ലഭിക്കുന്ന നാരുകൾ കൊളസ്ട്രോളും രക്തത്തിലെ പഞ്ചസാരയുടെ അളവും കുറയ്ക്കാൻ സഹായിക്കുന്നു. ബ്രൊക്കോളി, കാരറ്റ്, ബീൻസ്, പരിപ്പുകൾ, ബെറിപ്പഴങ്ങൾ, പെയർ, ഓറഞ്ച്, മുഴുധാന്യങ്ങൾ, നട്സ്, സീഡ്സ് ഇവയിൽ ഭക്ഷ്യനാരുകൾ ധാരാളമുണ്ട്.

ധാരാളം പഴങ്ങളും പച്ചക്കറികളും മുഴുധാന്യങ്ങളും അടങ്ങിയ ആരോഗ്യകരമായ സമീകൃതഭക്ഷണത്തോടൊപ്പം വ്യായാമവും കൂടിയാകുമ്പോൾ രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുകയും ഫിറ്റ്നസ് നിലനിൽക്കുകയും ചെയ്യും.

English Summary: Try the COVID diet plan to stay fit and healthy with stronger immune system during lockdown

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com