ADVERTISEMENT

ആരോഗ്യകരമല്ലാത്ത ആഹാര ശീലങ്ങളും വ്യായാമത്തിന്റെ അഭാവവും മാനസിക സമ്മർദ്ദവുമെല്ലാം ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്നു. കൊളസ്ട്രോളും അമിത രക്തസമ്മർദവുമെല്ലാം ഇതിന്റെ പരിണിത ഫലങ്ങളാണ്. വ്യായാമം കൊണ്ടു മാത്രം ആരോഗ്യം സംരക്ഷിക്കാൻ സാധിക്കില്ല. ആഹാര കാര്യത്തിൽകൂടി ശ്രദ്ധിക്കണം. നല്ല ഭക്ഷണശീലവും ശരിയായ വ്യായാമവും ശീലമാക്കിയാൽ ഒരു പരിധിവരെ  രോഗങ്ങളെ അകറ്റി നിർത്താൻ സാധിക്കും. ഹൃദയാരോഗ്യം കാത്തു സൂക്ഷിക്കാൻ ഈ ഭക്ഷണങ്ങൾ ശീലമാക്കാം.

ഇലക്കറികൾ

ഹൃദ്രോഗമകറ്റാൻ ഇലകളെ കൂട്ടു പിടിക്കാം. വിവിധയിനം ചീരകൾ, ഉലുവയില, മല്ലിയില, പുതിനയില എന്നിവയെല്ലാം ആഹാരത്തിൽ ധാരാളമായി ഉൾപ്പെടുത്താം. ഫോളിക് ആസിഡ്,  കാൽസ്യം, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയെല്ലാം ഇലകളിൽ ധാരാളമായി അ‌ങ്ങിയിരിക്കുന്നു. കൂടാതെ കൊഴുപ്പു കുറവും നാരുകളാൽ സമൃദ്ധവുമാണിവ. ഇത് ഹൃദയത്തിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കുന്നതിനൊപ്പം ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ഓട്സ്

ഇനി മുതൽ പ്രഭാതഭക്ഷണം ഓട്സ് ആക്കാം.  ഒാട്സിൽ അടങ്ങിയിരിക്കുന്ന ഫൈബർ ചീത്ത കൊളസ്ട്രോളിനെ( എൽഡിഎൽ) അകറ്റി ഹൃദയാരോഗ്യം സംരക്ഷിക്കുന്നു.

ധാന്യങ്ങൾ

ഗോതമ്പ്, അരി, ബാർലി, ചോളം തുടങ്ങി ധാന്യങ്ങൾ എല്ലാം തന്നെ ആഹാരത്തിൽ ധൈര്യമായി ഉൾപ്പെടുത്താം. ഇവയിലടങ്ങിയിരിക്കുന്ന പ്രകൃതിദത്തമായ നാരുകളും വൈറ്റമിനുകളും ഹൃദയത്തെ കാക്കുന്നതിനൊപ്പം രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു.

തക്കാളി

തക്കാളിയിലടങ്ങിയിരിക്കുന്ന വൈറ്റമിൻ കെ രക്തത്തെ ശുദ്ധീകരിക്കുന്നതിനൊപ്പം  ഹൃദ്രോഗങ്ങളിൽ നിന്ന് ഹൃദയത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. തക്കാളി പതിവായി സാലഡിനൊപ്പവും മറ്റും ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

ആപ്പിൾ

ദിവസവും ഒരു ആപ്പിൾ കഴിച്ചാൽ ഡോക്ടറെ അകറ്റി നിർത്താം. ഹൃദയത്തിന്റെ പ്രവർത്തനങ്ങളെ കാക്കുന്ന വൈറ്റമിൻ എ, വൈറ്റമിൻ ഇ, വൈറ്റമിൻ ബി1, ബി2 വൈറ്റമിൻ കെ തുടങ്ങി പത്തോളം വൈറ്റമിനുകളും മിനറൽസും ധാരാളമായി ആപ്പിളിൽ അടങ്ങിയിട്ടുണ്ട്. രക്തം കട്ട പിടിക്കുന്നത് തടയാനും ആപ്പിളിനു കഴിയും.

ബദാം

കൊളസ്ട്രോൾ കുറച്ച് ഹൃദയത്തെ കാക്കാൻ ബദാം പതിവായി കഴിക്കാം. ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിൻ ബി17, കെ എന്നവ കൊഴുപ്പിനെ അകറ്റി ഹൃദ്രോഗത്തെ ത‌‌ടയുന്നു.

റെഡ് വൈൻ

മിതമായ അളവിൽ റെഡ് വൈൻ കഴിച്ചും ഹൃദയത്തെ കാക്കാം. ഇതിലടങ്ങിയിരിക്കുന്ന ആൻറി ഓക്സിഡന്റ് രക്തധമനികളിൽ കൊഴുപ്പടിയുന്നത് തടയുന്നതിനോടൊപ്പം നല്ല കൊളസ്ട്രോൾ( എച്ച്ഡിഎൽ) വർധിപ്പിക്കുകയും ചെയ്യുന്നു.

English Summary: Heart healthy diet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com