ADVERTISEMENT

കോവിഡ് ബാധിച്ചത് ജീവിതങ്ങളെ മാത്രമല്ല ആരോഗ്യകരമായ ഭക്ഷണരീതികളെക്കൂടിയാണ്. വീടിനുള്ളിലേക്കു ജോലി പറിച്ചു നട്ട നല്ലൊരു ശതമാനത്തിനും ശരീരഭാരം കാര്യമായി കൂടിയിട്ടുണ്ടെന്നാണു പഠനങ്ങൾ. 5 കിലോഗ്രാം വരെ വർധന സർവസാധാരണമായി. നടപ്പും ഓട്ടവും മറ്റു വ്യായാമങ്ങളുമൊക്കെ മുടങ്ങിയതും അടുക്കളയിലെ രുചിപരീക്ഷണങ്ങൾ അതിരുവിട്ടതുമെല്ലാം അമിതവണ്ണമെന്ന അപകടത്തിലേക്കാണു പലരെയും എത്തിച്ചത്. ഇക്കാര്യം തിരിച്ചറിഞ്ഞതോടെ മിക്കവരും ഇപ്പോൾ ഡയറ്റിൽ ശ്രദ്ധയൂന്നുകയാണ്. നിയന്ത്രണങ്ങളോടെ, കാലറി കുറഞ്ഞ ആരോഗ്യകരമായ ഭക്ഷണമാണു ലക്ഷ്യം. വണ്ണം കുറയ്ക്കാൻ ജ്യൂസുകളും സലാഡും പ്രത്യേക ഡയറ്റുകളുമെല്ലാം പരീക്ഷിക്കുന്നവരുടെ എണ്ണം ഏറുന്നു. യുട്യൂബിലും മറ്റു സമൂഹമാധ്യമങ്ങളിലുമൊക്കെ ഡയറ്റ് ഫുഡ് തയാറാക്കുന്ന ഷെഫുമാർക്ക‌ു വൻ ഡിമാൻഡാണ്. പ്രകൃതി ഭക്ഷണശാലകളും ഡയറ്റ്, കാർബൺ ന്യൂട്രൽ റസ്റ്ററന്റുകളുമൊക്കെയാണു ട്രെൻഡിങ്.

പ്രതിരോധശേഷി

പ്രതിരോധശേഷി എന്ന കോട്ടയിൽ വിള്ളൽ വീണവരിലാണു കോവിഡ് മാരകമാകുന്നതെന്ന തിരിച്ചറിവിലാണു ലോകം. പ്രതിരോധശേഷിക്ക് ഒഴിച്ചുകൂടാനാവാത്തതാണ് പോഷകസമൃദ്ധവും ആരോഗ്യകരവുമായ ഡയറ്റ്. കോവിഡ് പശ്ചാത്തലത്തിൽ പ്രതിരോധ ശേഷി വർധിപ്പിക്കുന്ന സമീകൃതാഹാരം എങ്ങനെയാകണം എന്ന് കൺസൽറ്റന്റ് ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് ഡോ. മുംതാസ് ഖാലിദ് ഇസ്മായിൽ.

വൈറ്റമിൻ ഇ, വൈറ്റമിൻ സി, സിങ്ക്, കാൽസ്യം, പ്രോട്ടീൻ എന്നീ പോഷകങ്ങൾ കൊണ്ടു സമ്പന്നമായ സമീകൃത ആഹാരമാണ് പ്രതിരോധശേഷി വർധിപ്പിക്കാൻ വേണ്ടത്.

അന്നജം– ഗോതമ്പ്, പഞ്ഞപ്പുല്ല്, ഓട്സ് (വൈറ്റ് ഓട്സ് പാടില്ല), ബജ്റ, ജാവർ തുടങ്ങിയ മുഴുധാന്യങ്ങൾ.

പ്രോട്ടീൻ(സസ്യാഹാരികൾക്ക്) – പരിപ്പ്, പയർ വർഗങ്ങൾ (മുളപ്പിച്ചുപയോഗിച്ചാൽ വൈറ്റമിൻ ഇ, സി, ബി കോംപ്ലക്സ് എന്നിവ കൂടിയ അളവിൽ ലഭിക്കും, കാലറി കുറയും. രണ്ട് പ്രധാന ആഹാരങ്ങളിലെങ്കിലും ഇവ ഉൾപ്പെടുത്തണം).

പ്രോട്ടീൻ(മാംസാഹാരികൾക്ക്)– മാംസം (കോഴി, താറാവ്), മത്സ്യം (ഒമേഗ 3ഫാറ്റി ആസിഡ്, വൈറ്റമിൻ ഡി എന്നിവയും ലഭിക്കും), മുട്ട.

വൈറ്റമിനുകൾ, ഫോലേറ്റ്, ആന്റി ഓക്സിഡന്റ്സ്, ധാതുലവണങ്ങൾ– പച്ചക്കറികൾ, പഴങ്ങൾ (വിവിധ നിറങ്ങളിലുള്ളവ, മഴവില്ലിന്റെ നിറം പോലെ എല്ലാ നിറങ്ങളിലുമുള്ളവ ഉൾപ്പെടുത്താൻ ശ്രമിക്കണം).

വൈറ്റമിൻ ഇ– നട്സ്, ഓയിൽ സീഡ്സ് (വളരെ കുറഞ്ഞ അളവിൽ ഇതു ഭക്ഷണത്തിൽ ഉൾപ്പെടുത്താം).

എസൻഷ്യൽ ഫാറ്റ്– തൈര്, നെയ്യ്, എണ്ണ (പ്രതിമാസം ഇത് 500 എംഎൽ ലഭിച്ചാൽ മതി).

ജീവിതശൈലീരോഗത്തെ പ്രതിരോധിക്കാം

കോവിഡ് ഏറ്റവുമധികം ബാധിച്ച വിഭാഗമാണു ജീവിതശൈലീ രോഗ‌ികൾ. കോവിഡ് നിയന്ത്രണങ്ങളുടെ കാര്യത്തിൽ ഇനിയും കാര്യമായ ഇളവൊന്നും ലഭിച്ചിട്ടില്ലാത്ത സീനിയർ സിറ്റിസൻസ് ആണ് ഏറെ വലഞ്ഞത്. ദീർഘകാലമായി മരുന്നുകൾ കഴിക്കുന്നവർക്ക് മറ്റുള്ളവരെ അപേക്ഷിച്ചു രോഗപ്രതിരോധശേഷി കുറവുമാണ്. എന്നാൽ ഡയറ്റിന്റെ കാര്യത്തിൽ അൽപം ശ്രദ്ധ പുലർത്തുകയും വീട്ടിനുള്ളിലായാലും അര മണിക്കൂറെങ്കിലും ലഘു വ്യായാമം ഉറപ്പാക്കുകയും ചെയ്താൽ ആരോഗ്യത്തോടെ തന്നെ മുന്നോട്ടു പോകാം.

English Summary: COVID- 19 and Immunity boosting foods

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com